യുഎസ് - വെനസ്വേല സംഘര്‍ഷം: ബിറ്റ്കോയിന്‍ വിലയില്‍ വന്‍ കുതിപ്പ്; ക്രിപ്റ്റോ വിപണി വീണ്ടും ഉണര്‍വിലേക്കോ?

കുറച്ച് ദിവസങ്ങളായി ബിറ്റ്കോയിന്‍ വിലയില്‍ 6 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
യുഎസ് - വെനസ്വേല സംഘര്‍ഷം: ബിറ്റ്കോയിന്‍ വിലയില്‍ വന്‍ കുതിപ്പ്; ക്രിപ്റ്റോ വിപണി വീണ്ടും ഉണര്‍വിലേക്കോ?
Published on

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ വീണ്ടും മുന്നേറുന്നു. യുഎസ്-വെനസ്വേല സംഘര്‍ഷം മുറുകുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിറ്റ്കോയിന്‍ വിലയില്‍ 6 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 93,800 ഡോളറിനും 94,000 ഡോളറിനും ഇടയിലാണ് ബിറ്റ്കോയിന്റെ വ്യാപാരം നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വിപണി മൂല്യം 0.81 ശതമാനം വര്‍ധിച്ച് 1.86 ലക്ഷം കോടി ഡോളറിലെത്തി. വ്യാപാര അളവില്‍ (Trade Volume) 39.34 ശതമാനം വര്‍ധന രേഖപ്പെടുത്തി 47 ബില്യണ്‍ ഡോളറിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 'DeFiTracer'-ന്റെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം വന്‍കിട നിക്ഷേപകര്‍ ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ ബിറ്റ്കോയിന്‍ വാങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

മറ്റ് ക്രിപ്‌റ്റോകളിലും മുന്നേറ്റം

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ എതേറിയം (Ethereum) 1.85 ശതമാനം നേട്ടത്തോടെ 3,220.99 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇതിന്റെ വിപണി മൂല്യം 1.84 ശതമാനം വര്‍ധിച്ച് 388.75 ബില്യണ്‍ ഡോളറിലും, വ്യാപാര അളവ് 48.92 ശതമാനം ഉയര്‍ന്ന് 24.96 ബില്യണ്‍ ഡോളറിലുമെത്തി.

തൊട്ടുപിന്നാലെയുള്ള ടെതര്‍ (Tether) 0.01 ശതമാനം നേരിയ വര്‍ധനയോടെ 0.9995 ഡോളറില്‍ മാറ്റമില്ലാതെ തുടരുന്നു. ഇതിന്റെ വിപണി മൂല്യം 187.05 ബില്യണ്‍ ഡോളറും (0.03% വര്‍ധന), വ്യാപാര അളവ് 102.61 ബില്യണ്‍ ഡോളറുമാണ് (33.4% വര്‍ധന).

മറ്റൊരു ക്രിപ്‌റ്റൊ കറന്‍സിയായ എക്‌സ്.ആര്‍.പി (XRP) 8.9 ശതമാനം ഉയര്‍ന്ന് 2.33 ഡോളറിലെത്തി. ഇതിന്റെ വിപണി മൂല്യം 8.93 ശതമാനം വര്‍ധിച്ച് 141.82 ബില്യണ്‍ ഡോളറായും, വ്യാപാര അളവ് 132.62 ശതമാനം എന്ന വന്‍ കുതിപ്പോടെ 7.74 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.

ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ അവസാനത്തേതായ ബിനാന്‍സ് കോയിന്‍ (Binance Coin) 904.62 ഡോളറിലാണ് (0.6% വര്‍ധന) വ്യാപാരം തുടരുന്നത്. ഇതിന്റെ വിപണി മൂല്യം 124.59 ബില്യണ്‍ ഡോളറും (0.6% വര്‍ധന) വ്യാപാര അളവ് 2.1 ബില്യണ്‍ ഡോളറുമാണ് (10.52% വര്‍ധന).

സംഘര്‍ഷവും വിപണിയും

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡ്യുറോയെ യുഎസ് സൈന്യം കസ്റ്റഡിയിലെടുത്ത വാര്‍ത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിലും ഓഹരി വിപണിയിലും വലിയ ഇടിവുണ്ടായി. എന്നാല്‍ ക്രിപ്റ്റോ വിപണി ഈ സാഹചര്യത്തെ പോസിറ്റീവായാണ് സ്വീകരിച്ചത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ പരമ്പരാഗത നിക്ഷേപങ്ങളില്‍ നിന്ന് മാറി 'ഡിജിറ്റല്‍ ഗോള്‍ഡ്' ആയി കണക്കാക്കപ്പെടുന്ന ബിറ്റ്കോയിനിലേക്ക് നിക്ഷേപകര്‍ ചുവടുമാറ്റുന്നതാണ് വില കൂടാന്‍ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.

സാധാരണഗതിയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ബിറ്റ്കോയിന്‍ വിറ്റൊഴിക്കാനുള്ള പ്രവണത കൂട്ടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള 'പാനിക് സെല്ലിംഗ്'ദൃശ്യമായിട്ടില്ല.

ബാങ്കിംഗ് രംഗത്തെ പോലെ ക്രിപ്റ്റോയിലും ലിക്വിഡിറ്റി വര്‍ധിക്കുന്നത് ശുഭസൂചനയാണെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. മൈക്രോസ്ട്രാറ്റജി പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ ബിറ്റ്കോയിന്‍ ഹോള്‍ഡിംഗ്‌സ് വര്‍ധിപ്പിക്കുന്നത് വിപണിയിലെ വിശ്വാസ്യത കൂട്ടുന്നുണ്ട്.

ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം വിലയില്‍ പെട്ടെന്നുള്ള വര്‍ധനയുണ്ടാകുമെങ്കിലും ക്രിപ്റ്റോ വിപണിയിലെ അസ്ഥിരത എപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കൃത്യമായ പഠനത്തിന് ശേഷം മാത്രം നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് വിപണി വിദഗ്ധര്‍ ഉപദേശിക്കുന്നത്‌.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com