ഒരു ലക്ഷം ഡോളർ ലക്ഷ്യമിട്ട് ബിറ്റ്‌കോയിൻ, മുന്നേറ്റത്തിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെ?

കഴിഞ്ഞ 14 വ്യാപാര ദിനങ്ങളിൽ 11 ദിവസവും ബിറ്റ്‌കോയിൻ ഇടിഎഫുകളിലേക്ക് നിക്ഷേപമെത്തി
Bitcoin
Image : Canva
Published on

ബിറ്റ്‌കോയിൻ (Bitcoin) 80,000 ഡോളർ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 2026 ജനുവരിക്ക് ശേഷം ആദ്യമായാണ് ബിറ്റ്കോയിന്‍ ഈ നേട്ടം കൈവരിക്കുന്നത്. ഇന്ന് (തിങ്കളാഴ്ച) ഏഷ്യൻ ഓഹരി വിപണികൾ വ്യാപാരം തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ 2.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി ബിറ്റ്‌കോയിൻ വില 80,515 ഡോളർ വരെ ഉയർന്നു.

വിപണിയിലെ മാറ്റങ്ങൾ

2026 ഫെബ്രുവരി 5 ന് നേരിട്ട 62,000 ഡോളർ എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് 30 ശതമാനത്തോളം നേട്ടമാണ് ബിറ്റ്കോയിന്‍ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ നിക്ഷേപകർക്കിടയിലുണ്ടായ അനുകൂല മനോഭാവവും എം.എസ്.സി.ഐ എസി ഏഷ്യ ഇൻഡക്സിലെ (MSCI AC Asia Index) മുന്നേറ്റവുമാണ് ഈ കുതിപ്പിന് ശക്തി പകര്‍ന്നത്. ഇഥർ (3.9%), എക്സ്ആർപി (2.4%), ബിഎൻബി (3.3%) തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ കറൻസികളും ബിറ്റ്‌കോയിനൊപ്പം കാര്യമായ നേട്ടത്തിലായി.

മുന്നേറ്റത്തിന് പിന്നിലെ കാരണങ്ങൾ

യു.എസിലെ സ്‌പോട്ട് ബിറ്റ്‌കോയിൻ ഇടിഎഫുകളിലേക്ക് (ETF) വലിയ തോതിലുള്ള നിക്ഷേപമെത്തിയിരുന്നു. കുതിപ്പിന് പിന്നിലുളള പ്രധാന ഘടകങ്ങളിലൊന്ന് ഇതാണ്. കഴിഞ്ഞ 14 വ്യാപാര ദിനങ്ങളിൽ 11 ദിവസവും ഈ ഫണ്ടുകളിലേക്ക് പണമൊഴുകി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 629.8 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഇടിഎഫുകളിൽ ഉണ്ടായത്. സ്ഥാപനപരമായ ആവശ്യകത (Institutional demand) കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി.

മാത്രവുമല്ല ക്രിപ്റ്റോ നിയമനിർമ്മാണങ്ങളിൽ (CLARITY Act) വാഷിംഗ്ടണിൽ കാര്യമായ പുരോഗതിയുണ്ടായതും ബിറ്റ്‌കോയിൻ റിസർവിനെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ പ്രഖ്യാപനങ്ങളും വിപണിയെ കൂടുതല്‍ ശക്തമാക്കി.

ഭാവി പ്രതീക്ഷകൾ: ബിറ്റ്‌കോയിൻ അടുത്ത് തന്നെ ഒരു ലക്ഷം ഡോളർ (1,00,000) എന്ന നിലവാരത്തിലേക്ക് എത്തുമെന്നാണ് വിപണി വിദഗ്ധർ കരുതുന്നത്. ഇതിനായി സവിശേഷ കാരണങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും ക്രിപ്റ്റോകോയിന്‍ വില കൂടുന്നതിനനുസരിച്ച് വിപണിയിൽ പുതിയ തരംഗങ്ങൾ സ്വയം രൂപപ്പെടുമെന്നുമാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com