മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ ഫേസ്ബുക്കിനെ മറികടന്ന് ബിറ്റ്‌കോയിന്‍

2010 ല്‍ ട്രേഡിംഗ് ആരംഭിക്കുമ്പോള്‍ 0.0008 ഡോളര്‍ ആയിരുന്ന ബിറ്റ്‌കോയിന്റെ ഇന്നത്തെ മൂല്യം 56,700.80 ഡോളറാണ്.
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ ഫേസ്ബുക്കിനെ മറികടന്ന് ബിറ്റ്‌കോയിന്‍
Published on

അസറ്റ് ഡാഷ് ലിസ്റ്റില്‍ ഏറ്റവും അധികം മൂല്യമുള്ള ആസ്തികളുടെ പട്ടികയില്‍ ഫേസ്ബുക്കിനെ മറികടന്ന് ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍. നിലവില്‍ ബിറ്റ് കോയിന്‍ ആറാമതും ഫേസ്ബുക്ക് ഏഴാം സ്ഥാനത്തും ആണ്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് ഉള്‍പ്പടെ ഫേസ്ബുക്കിന്റെ സമൂഹ മാധ്യമങ്ങളുടെ സേവനം കഴിഞ്ഞ ആഴ്ച ആറുമണിക്കൂറിലധികം തടസപ്പെട്ടിരുന്നു. ഇതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്.

സേവനങ്ങള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 7 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു. ഈ കാലയളവില്‍ ഫേസ്ബുക്കിന്റെ മൂല്യത്തില്‍ അഞ്ച് ശതമാനം ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 360 ശതമാനം വര്‍ധനവാണ് ബിറ്റ്‌കോയിന്റെ മൂല്യത്തിലുണ്ടായത്. ഫേസ്ബുക്ക് 22 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ നേടിയത്.

ക്രിപ്‌റ്റോ കറന്‌സികള്‍ നിരോധിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ബിറ്റ്‌കോയിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആലോചിക്കുകയാണ്. എന്നാല്‍ ക്രിപ്‌റ്റോയുടെ വളര്‍ച്ചാ തോത് കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെങ്കിലും തകര്‍ക്കാന്‍ ആകില്ലെന്ന് ടെസ്ല സ്ഥാപകനും പ്രമുഖ ക്രിപ്‌റ്റോ വക്താവുമായ എലോണ്‍ മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു.

വിവിധ സര്‍ക്കാരുകളുടെ നീക്കത്തിനിടയിലും ദുബായി ഫ്രീസോണില്‍ ക്രിപ്‌റ്റോ കൈമാറ്റം നിയമപരമാക്കിയതും സ്വിറ്റസര്‍ലന്റ് രാജ്യത്തെ ആദ്യ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ ഫണ്ട് അംഗീകരിച്ചതും ബിറ്റ് കോയിന് നേട്ടമായി. അസറ്റ് ഡാഷ് പട്ടികയില്‍ ഒന്നാം സ്ഥാനം ആപ്പിളിനാണ്. 2.63 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനമുണ്ട് ആപ്പിളിന്. മൈക്രോസഫ്റ്റ് ആണ് രണ്ടാമത്. സൗദി ആരാംകോ, ഗൂഗിളിന്റെ ആല്‍ഫബെറ്റ് എ, ആമസോണ്‍ എന്നിവരാണ് പിന്നാലെയുള്ള സ്ഥാനങ്ങളില്‍. ബിറ്റ്‌കോയിന് 1.068 ട്രില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉള്ളപ്പോള്‍, ഫേസ്ബുക്കിന് 941.0 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം ആണുള്ളത്.

പൂജ്യം ഡോളറില്‍ തുടങ്ങിയ ബിറ്റ്‌കോയിന്‍

2009ല്‍ പുറത്തിറങ്ങിയ ബിറ്റ്‌കോയിന്‍ ആദ്യം സൗജന്യമായാണ് നല്‍കിയിരുന്നത്. 2010ല്‍ ആദ്യമായി ട്രേഡിംഗ് ആരംഭിച്ചപ്പോള്‍ വില 0.0008 ഡോളര്‍ മുതല്‍ 0.08 ഡോളര്‍വരെ ആയി. നിലവില്‍ 42,57,334.35 രൂപയാണ് ഒരു ബിറ്റ് കോയിന്റെ മൂല്യം. 2021ല്‍ 64,863 യുഎസ് ഡോളറില്‍ എത്തിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന മൂല്യം. 2030ല്‍ ഒരു ബിറ്റ്‌കോയിന്റെ വില ലക്ഷം ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com