ക്രാമറിന്റെ 'പ്രവചനം' കറുത്ത തിങ്കള്‍ 2.0! 1987ലെ ആ തിങ്കളാഴ്ച ആഗോള വിപണികളില്‍ എന്തു സംഭവിച്ചു?

ഒക്ടോബര്‍ 16 വെള്ളിയാഴ്ച്ച വിപണി ക്ലോസ് ചെയ്തത് നിക്ഷേപകരുടെ ആശങ്ക ക്രമാതീതമായി ഉയര്‍ത്തിയായിരുന്നു
black monday stock market
canva
Published on

ഏപ്രില്‍ രണ്ടിന് സി.എന്‍.ബി.സി ചാനലില്‍ മാഡ് മണി എന്ന ഷോ അവതരിപ്പിക്കുന്നതിനിടെ ജിം ക്രാമര്‍ ഒരു പ്രവചനം നടത്തി. 1987ലെ കറുത്ത തിങ്കളാഴ്ച്ചയ്ക്ക് സമാനമായത് ലോകത്ത് സംഭവിക്കാന്‍ പോകുന്നു. ആഗോള വിപണികളിലെല്ലാം ഇതിന്റെ പ്രതിഫലനം ഉണ്ടാകും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ യുദ്ധത്തിന് അവധി കൊടുത്ത് മറ്റ് രാജ്യങ്ങളുമായി രമ്യതയില്ലെത്തിയില്ലെങ്കില്‍ വന്‍തിരിച്ചടിയാകും ഫലമെന്നായിരുന്നു ക്രാമറിന്റെ പ്രവചനം.

ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ന് തിങ്കളാഴ്ച്ച ക്രാമറിന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. വിപണിയില്‍ തകര്‍ച്ചയുടെ കുത്തൊഴുക്കാണ്. യു.എസ് മുതല്‍ യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളില്‍ ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ക്രാമറിന്റെ കറുത്ത തിങ്കള്‍ പ്രചനം ട്രെന്റായി മാറിയിരിക്കുകയാണ്.

1987 ഒക്ടോബര്‍ 17ന് എന്തു സംഭവിച്ചു?

സത്യത്തില്‍ എന്താണ് 1987 ഒക്ടോബര്‍ 19ന് സംഭവിച്ചത്. ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ട ദിവസമാണ് 1987ലെ ആ ദിനം. ലോകത്ത് ചിലയിടങ്ങളില്‍ കറുത്ത ചൊവ്വയെന്നും ഈ സംഭവം അറിയപ്പെട്ടു. അന്ന് ഒറ്റദിവസം കൊണ്ട് ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് (DJIA) 22.6 ശതമാനം തകര്‍ച്ചയാണ് നേരിട്ടത്. എസ്ആര്‍ഡ്പി 500 (S&P) 30 ശതമാനത്തോളമാണ് ഒറ്റദിവസം കൊണ്ട് താഴ്ന്നത്.

ഈ സംഭവത്തിനുശേഷമാണ് തകര്‍ച്ചകളുടെ ആഘാതം കുറയ്ക്കാന്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ സിസ്റ്റം നടപ്പാക്കിയത്. വിപണിയില്‍ അപ്രതീക്ഷിതമായി വലിയൊരു ഇടിവ് സംഭവിക്കുമ്പോള്‍ ഒരു നിശ്ചിത സമയത്തേക്ക് വ്യാപാരം ഓട്ടോമാറ്റിക്കായി നിര്‍ത്തിവയ്ക്കുന്ന സംവിധാനമാണ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ സിസ്റ്റം.

1987ന്റെ ആദ്യ പകുതിയില്‍ യു.എസില്‍ ഉള്‍പ്പെടെ ഓഹരി വിപണികള്‍ വലിയ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. ഓഗസ്റ്റ് ആയപ്പോള്‍ ഏഴു മാസം കൊണ്ട് വിപണി 44 ശതമാനത്തോളം നേട്ടമുണ്ടാക്കി. വിപണി നീര്‍ക്കുമിള പോലെ എപ്പോള്‍ വേണമെങ്കിലും തകരാമെന്ന ആശങ്ക ആ സമയത്ത് നിക്ഷേപകരില്‍ ഉടലെടുത്തു. ഈ സമയത്ത് തന്നെയാണ് യു.എസില്‍ വ്യാപാര കമ്മി വര്‍ധിച്ചതും ഡോളറിന്റെ മൂല്യം ഇടിയുകയും ചെയ്തത്.

ഒക്ടോബര്‍ 16 വെള്ളിയാഴ്ച്ച വിപണി ക്ലോസ് ചെയ്തത് നിക്ഷേപകരുടെ ആശങ്ക ക്രമാതീതമായി ഉയര്‍ത്തിയായിരുന്നു. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന വ്യാപാരകമ്മി കുറയ്ക്കുന്നതിനായി യു.എസ് ഡോളറിന്റെ മൂല്യം കുറയ്ക്കുമെന്ന് വിപണി അവധി ദിവസമായ ഒക്ടോബര്‍ 17 ശനിയാഴ്ച്ച ട്രഷറി സെക്രട്ടറി ജെയിംസ് ബേക്കറിന്റെ പ്രസ്താവനയെത്തി. ഇതോടെ വില്പന സമ്മര്‍ദം അതിന്റെ പാരമ്യത്തിലെത്തി. 19 തിങ്കളാഴ്ച്ച കറുത്ത തിങ്കള്‍ സംഭവിക്കുകയും ചെയ്തു.

ഈ വീഴ്ച്ച ഒക്ടോബര്‍ മുഴുവനും നവംബറിന്റെ ആദ്യ പാദത്തിലും തുടര്‍ന്നു. പ്രധാനപ്പെട്ട ഓഹരികളുടെയെല്ലാം വിപണിമൂല്യം 20 ശതമാനത്തോളം ഇടിയുകയും ചെയ്തു. ഓഹരികളുടെ വാങ്ങലും വില്ക്കലും കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ അധിഷ്ടിതമാക്കി മാറ്റിയതും ഇടിവിന് കാരണമായി പറയപ്പെടുന്നു.

ക്രാമറിന്റെ പറയുന്നത് ട്രംപ് തന്റെ തീരുവ നയത്തില്‍ ഇളവു വരുത്തണമെന്നാണ്. വിവിധ രാജ്യങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ കടുത്ത തീരുവകളില്‍ മാറ്റം വരുത്താന്‍ തയാറാകണം. ഇല്ലെങ്കില്‍ 1987ലേക്കാള്‍ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരിക.

ഇന്ത്യയിലെ വലിയ ഇടിവുകള്‍

രാജ്യത്ത് ഓഹരി വിപണി ഒരൊറ്റ ദിവസം ഏറ്റവും വലിയ തകര്‍ച്ചകളിലൊന്ന് 1992 ഏപ്രില്‍ 28നായിരുന്നു. അന്ന് ഹര്‍ഷദ് മേത്ത കുംഭകോണം പുറത്തുവന്നപ്പോള്‍ സെന്‍സെക്‌സ് 12.77 ശതമാനം ഇടിഞ്ഞു. 2000 ഒക്ടോബറില്‍ സെന്‍സെക്‌സ് വലിയ ഇടിവു രേഖപ്പെടുത്താന്‍ കാരണം കേതന്‍ പരേഖ് എന്ന ട്രേഡറുടെ കുംഭകോണമായിരുന്നു. 2000 ഫെബ്രുവരിയില്‍ 5933 പോയിന്റായിരുന്ന വിപണി ഒക്ടോബറില്‍ എത്തിയപ്പോള്‍ 3738 പോയിന്റിലേക്ക് വീണു. യു.എസില്‍ ഉള്‍പ്പെടെ ഇതിനകം നടപ്പിലാക്കിയിരുന്ന സര്‍ക്യൂട്ട് ബ്രേക്കര്‍ സംവിധാനം ഇന്ത്യയില്‍ കൊണ്ടുവന്നത് 2001 ജൂലൈ രണ്ടിനാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com