

ലോകത്ത് ഇന്ന് പ്രവർത്തനസജ്ജമായവയിൽ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് (BrahMos). ശബ്ദത്തിന്റെ മൂന്നിരട്ടിവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബ്രഹ്മോസ് മിസൈലിന്, പാക്കിസ്ഥാനെതിരേ നടന്ന സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആഗോള തലത്തിൽ വൻ ഡിമാൻഡ് ഉയർന്നിരുന്നു.
തെക്കു-കിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ നിന്നായുള്ള ഒന്നരഡസനോളം രാജ്യങ്ങളിൽ നിന്നും ഈ സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വാങ്ങാനുള്ള താത്പര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇതിൽ സിങ്കപ്പൂരിൽവെച്ച് നടന്ന ഷാംഗ്രി-ലാ കൂടിക്കാഴ്ചയിൽ വിയറ്റ്നാമുമായുള്ള ഏകദേശം 6,000 കോടി രൂപയുടെ ബ്രഹ്മോസ് മിസൈൽ കയറ്റുമതിക്കുള്ള കരാർ ഇന്ത്യയുടെ ഡിഫൻസ് സെക്രട്ടറി രാജേഷ് കുമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
ചുരുക്കത്തിൽ ഇന്ത്യ സ്വന്തം ആവശ്യത്തിനായി മാത്രം നിർമ്മിച്ചിരുന്ന ബ്രഹ്മോസ് മിസൈൽ, ഇന്ന് ആഗോള വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള ഒരു ബിസിനസ് ഉൽപ്പന്നമായി മാറിയിരിക്കുന്നു. മറ്റ് നിരവധി വിദേശ രാജ്യങ്ങളും ബ്രഹ്മോസ് മിസൈലിന് വേണ്ടി ചർച്ചകൾ നടത്തുന്ന പശ്ചാത്തലത്തിൽ ബ്രഹ്മോസ് മിസൈൽ കയറ്റുമതിയിൽ നിന്നും നേട്ടമുണ്ടാക്കാവുന്ന 4 ഓഹരികളെ അറിഞ്ഞിരിക്കാം.
ഡിഫൻസ് ഇലക്ട്രോണിക്സ്, ടെസ്റ്റ് സിസ്റ്റംസിലാണ് ഈ സ്മോൾ ക്യാപ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ബ്രഹ്മോസ് മിസൈൽ നിർമാണവുമായി ദീർഘനാളത്തെ സഹകരണം ഈ കമ്പനിക്കുണ്ട്. മിസൈൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് മിസൈലിന്റെ പ്രവർത്തനക്ഷമതയും സന്നദ്ധതയും പരിശോധിച്ചു ഉറപ്പുവരുത്തുന്ന മിസൈൽ ചെക്കൗട്ട് എക്വിപ്മെന്റ് (COE) ആണ് ഡാറ്റ പാറ്റേൺസ് (BSE: 543428, NSE: DATAPATTNS) ബ്രഹ്മോസിനായി നിർമിച്ച് കൈമാറുന്നത്. പുതിയ ഉത്പാദനത്തിനുള്ള കരാറുകൾ കഴിഞ്ഞ സാമ്പത്തികവർഷവും കമ്പനിയെ തേടിയെത്തിയിരുന്നു. ഏവിയോണിക്സുമായി ബന്ധപ്പെട്ട ഏകദേശം 2,000 മുതൽ 3,000 കോടി രൂപയുടെ കരാറുകൾക്കായുള്ള ചർച്ചകൾ നടക്കുന്നു. നിലവിൽ 4,200 രൂപ നിലവാരത്തിലാണ് ഡാറ്റ പാറ്റേൺസ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
ഹൈ-എനർജി മെറ്റീരിയലുകളും റോക്കറ്റ് മോട്ടറുകളും നിർമിക്കുന്നു. ബ്രഹ്മോസിനും മറ്റ് മിസൈൽ സംവിധാനങ്ങൾക്കുമായി പ്രോപ്പല്ലന്റുകളും ബൂസ്റ്ററുകളുമാണ് പ്രീമിയർ എക്സ്പ്ലോസീവ്സ് (BSE: 526247, NSE: PREMEXPLN) നിർമിച്ചു നൽകുന്നത്. അടുത്തിടെ പ്രോപ്പല്ലന്റ് കാസ്റ്റിംഗിനും ബൂസ്റ്ററിനും വേണ്ടിയുള്ള കരാറുകൾ കമ്പനിക്ക് ലഭിച്ചിരുന്നു. മിസൈലിന്റെ പ്രഹരശേഷി വർധിപ്പിക്കുന്ന ആർ.ഡി.എക്സ്/ ടി.എൻ.ടി/ എ.പി തുടങ്ങിയ സ്ഫോടക വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാൻ കമ്പനി ശ്രമിക്കുകയാണ്.
യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിർമിക്കുന്ന രാജ്യത്തെ പ്രശസ്ത പൊതുമേഖല സ്ഥാപമാണിത്. ബ്രഹ്മോസ് മിസൈൽ വായുസേനയുടെ പോർവിമാനങ്ങളിലേക്ക് ഘടിപ്പിക്കുന്നതിനും പ്രവർത്തന സജ്ജമാക്കുന്നതിനുമുള്ള എയർക്രാഫ്റ്റ് ഇന്റഗ്രേറ്റർ, സിസ്റ്റംസ് സപ്പോർട്ടിങ് സംവിധാനങ്ങൾ എന്നി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (BSE: 541154, NSE: HAL) നിർമിക്കുന്നു. പ്രതിരോധ മേഖലയിൽ നിന്നും രണ്ട് ലക്ഷം കോടി രൂപയിലേറേയുള്ള കരാറുകൾ ഇതിനകം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി യുദ്ധവിമാന, ഹെലികോപ്റ്റർ നിർമാണശേഷി വർധിപ്പിക്കാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് പദ്ധതി തയ്യാറാക്കുന്നു. ഇവയുടെ കയറ്റുമതിയും കമ്പനി മുന്നിൽക്കാണുന്നുണ്ട്.
മൈനിങ്, ഇൻഫ്രാസ്ട്രക്ചർ, കൺസ്ട്രക്ഷൻ മേഖലകളിലേക്ക് ആവശ്യമായ ഡിറ്റോണേറ്ററുകളും സ്ഫോടക വസ്തുക്കളും നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്. ഇതിന് പുറമെ പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഉയർന്ന ഊർജശേഷിയുള്ള സ്ഫോടക വസ്തുക്കളും അനബന്ധ സംവിധാനങ്ങളും കൂടി സോളാർ ഇൻഡസ്ട്രീസ് (BSE: 532725, NSE: SOLARINDS) നിർമിക്കുന്നുണ്ട്. ബ്രഹ്മോസിന് വേണ്ട ബൂസ്റ്ററിന്റെ സാങ്കേതികവിദ്യ നേരത്തെ ഡി.ആർ.ഡി.ഒ കൈമാറിയിട്ടുണ്ട്. സോളിഡ് പ്രൊപ്പല്ലന്റ് ബൂസ്റ്ററിൽ വമ്പൻ കരാറുകൾ കമ്പനിയെ തേടിയെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 12,000 കോടിയുടെ വമ്പൻ പദ്ധതി കമ്പനി ആരംഭിക്കാനുള്ള ശ്രമത്തിലാണ്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine