Begin typing your search above and press return to search.
ലാഭക്കുതിപ്പില്‍ മുന്നില്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്; അമേരിക്കയുള്‍പ്പെടെ ആഗോള വമ്പന്മാര്‍ ബഹുദൂരം പിന്നില്‍
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 'ഓഹരി വിപണികളുടെ' ലാഭക്കുതിപ്പില്‍ ലോകത്ത് ഒന്നാംസ്ഥാനത്ത് ഇന്ത്യയുടെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (BSE). കഴിഞ്ഞ 12 മാസത്തെ കണക്കെടുത്താല്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (NSE) വ്യാപാരം ചെയ്യപ്പെടുന്ന ബി.എസ്.ഇയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടം 430.54 ശതമാനമാണ്.
രണ്ടാംസ്ഥാനത്തുള്ള അമേരിക്കയിലെ ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചിന്റെ (ICE) നേട്ടം വെറും 35 ശതമാനമേയുള്ളൂ എന്നതാണ് ബി.എസ്.ഇയുടെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്. മൂന്നാമതുള്ള ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് നല്‍കിയ നേട്ടം വെറും 21.05 ശതമാനം.
നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സി.എം.ഇ ഗ്രൂപ്പ് 18.99 ശതമാനം നേട്ടം (Return) സമ്മാനിച്ച് നാലാമതാണ്. 16.21 ശതമാനം നേട്ടം നല്‍കി ജര്‍മ്മനിയുടെ ഡോയിച്ച് ബോഴ്‌സ് എ.ജി അഞ്ചാംസ്ഥാനം സ്വന്തമാക്കി. സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ച് (SGX/8.77%), ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് (ASX/-3.77%), ഹോങ്കോംഗ് എക്‌സ്‌ചേഞ്ച് (HKEX/-27.45%) എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
നേട്ടത്തിന് പിന്നില്‍
ബി.എസ്.ഇയുടെ മികച്ച പ്രവര്‍ത്തനം, ഉയര്‍ന്ന പണമൊഴുക്ക് എന്നിവ ശ്രദ്ധേയമായ ലാഭക്കുതിപ്പ് നടത്താന്‍ ഓഹരികള്‍ക്ക് കരുത്ത് പകര്‍ന്നുവെന്നാണ് വിലയിരുത്തലുകള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ബി.എസ്.ഇയുടെ ലാഭം 123.3 ശതമാനവും പ്രവര്‍ത്തന വരുമാനം 82.2 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്നിരുന്നു. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ഓഹരി വിപണിയാണ് ബി.എസ്.ഇ.
2023ല്‍ നിരവധി കമ്പനികള്‍ പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തിയതുവഴി വന്‍തോതില്‍ പണമൊഴുകിയതും ബി.എസ്.ഇയെ കൂടുതല്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഐ.പി.ഒകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലും ഇന്ത്യയായിരുന്നു.
ഓഹരികളുടെ പ്രകടനം
ബി.എസ്.ഇയുടെ ഓഹരിവില ഇക്കഴിഞ്ഞ ശനിയാഴ്ച 2,598.95 രൂപയെന്ന റെക്കോഡ് ഉയരം തൊട്ടിരുന്നു. ഇന്ന് ഓഹരിയുള്ളത് 1.21 ശതമാനം താഴ്ന്ന് 2,324.95 രൂപയിലാണ്.
കഴിഞ്ഞ ഒരുമാസത്തെ കണക്കെടുത്താല്‍ ഓഹരിവില 5.66 ശതമാനം താഴ്ന്നിട്ടുണ്ട്. 31,460 കോടി രൂപയാണ് ബി.എസ്.ഇയുടെ വിപണിമൂല്യം (market cap).
Next Story
Videos