സ്പ്രൈറ്റ് അഗ്രോ ഓഹരിയില്‍ വ്യാപാരം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ബിഎസ്ഇ, പെന്നി സ്റ്റോക്കുകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം

ടെലിഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന ഉപദേശങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം
stock market
Image courtesy: Canva
Published on

പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. സ്പ്രൈറ്റ് അഗ്രോ ലിമിറ്റഡിന്റെ ഓഹരികളിൽ വ്യാപാരം നടത്തുന്നതിനെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പും ബി.എസ്.ഇ പുറപ്പെടുവിച്ചു. ഓൺലൈൻ നുറുങ്ങുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുമ്പോള്‍ ജാഗ്രത അത്യാവശ്യമാണ്.

ടെലിഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന ഉപദേശങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. പലപ്പോഴും രജിസ്റ്റർ ചെയ്യാത്ത വ്യക്തികളോ സ്ഥാപനങ്ങളോ ആണ് ഇത്തരത്തില്‍ ഉപദേശങ്ങളും ടിപ്പുകളുമായി എത്തുന്നത്.

ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) 2025 ജൂണിൽ സ്പ്രൈറ്റ് അഗ്രോ ലിമിറ്റഡ് (Spright Agro Ltd) കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു. പ്രിഫറൻഷ്യൽ അലോട്ട്‌മെന്റുകൾ, ഓഹരി വിഭജനം, ബോണസ് ഇഷ്യൂകൾ, റൈറ്റ്സ് ഓഫറുകൾ, സംശയാസ്പദമായ വ്യാപാരം, പ്രൊമോട്ടർ അല്ലാത്തവരുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്യൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കമ്പനിയിൽ നടന്നേക്കാവുന്ന ലംഘനങ്ങളായിരുന്നു സെബിയുടെ അന്വേഷണ പരിധിയില്‍ ഉളളത്. 2023 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ വരെയാണ് ഈ ലംഘനങ്ങൾ നടന്നതെന്ന് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിയുടെ പെട്ടെന്നുള്ള വലിയ സാമ്പത്തിക പുരോഗതി സെബി സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിനും 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിനും ഇടയിൽ സ്പ്രൈറ്റ് അഗ്രോയുടെ അറ്റാദായം 51 ലക്ഷം രൂപയിൽ താഴെയായിരുന്നു. എന്നിട്ടും 2023 നവംബർ മുതൽ പ്രിഫറൻഷ്യൽ അലോട്ട്മെന്റിന്റെയും വാറണ്ട് കണ്‍വേര്‍ഷന്റെയും സമയത്ത് കമ്പനി ഒരു പാദത്തിൽ 5.5 കോടി രൂപയിൽ കൂടുതൽ ലാഭം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത് സംശയാസ്പദമായിരുന്നു. 2024 ജൂണിൽ അവകാശ ഓഹരികളുടെ അടിസ്ഥാനത്തിൽ ഒരു ഓഹരിക്ക് 13.40 രൂപ നിരക്കിൽ 3.34 കോടി ഓഹരികൾ ഇഷ്യൂ ചെയ്ത് കമ്പനി ഏകദേശം 44.87 കോടി രൂപ സമാഹരിച്ചു.

അതേസമയം, വരാനിരിക്കുന്ന ബോർഡ് മീറ്റിംഗില്‍ 10:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകുന്നത് പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരിക്കും പത്ത് ബോണസ് ഓഹരികൾ ഓഹരി ഉടമകൾക്ക് നല്‍കുന്ന നടപടിയാണ് ഇത്.

BSE warns investors about trading in Spright Agro shares, citing suspicious financial activities and urging caution with penny stocks.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com