ബിടിഎസ് വേര്‍പിരിയല്‍; ഹൈബിന് നഷ്ടമായത് 1.7 ബില്യണ്‍ ഡോളര്‍
ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡ് ബിടിഎസ് (BTS) താല്‍ക്കാലികമായി വേര്‍പിരിയുന്ന കാര്യം ഇതുവരെ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. ബിടിഎസ് താരങ്ങള്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാടെ ബാന്‍ഡിന്റെ ഉടമകളായ ബിഗ് ഹിറ്റ് മ്യൂസിക്കിന്റെ (big hit music) മാതൃസ്ഥാപനം ഹൈബിന്റെ (Hybe) ഓഹരികളും കുത്തനെ ഇടിഞ്ഞു. 2020ല്‍ ലിസ്റ്റ് ചെയ്ത ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കമ്പനിയുടെ ഓഹരികള്‍ കൂപ്പുകുത്തിയത്.
ഒരു ദിവസം കൊണ്ട് ഏകദേശം 1.7 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഹൈബിന് ഉണ്ടായത്. കൊറിയന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ കെആര്‍എക്‌സില്‍ ഹൈബിന്റെ ഓഹരികള്‍ ഇടിഞ്ഞത് 28 ശതമാനം ആണ്. 2010ല്‍ ആണ് ബിഗ് ഹിറ്റ് മ്യൂസിക്ക് ബിടിഎസ് ബാന്‍ഡ് രൂപീകരിക്കുന്നത്. അന്ന് ബിഗ് ഹിറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നായിരുന്നു കമ്പനിയുടെ പേര്. ഓഡീഷനിലൂടെയായിരുന്നു ബാന്‍ഡിലേക്കുള്ള ഏഴംഗങ്ങളെ കമ്പനി കണ്ടെത്തിയത്. ആര്‍എം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിന്‍, ജിമിന്‍ എന്നിവരായിരുന്നു ആ ഏഴുപേര്‍.
2 kool 4 skool' എന്ന ആല്‍ബത്തിലെ 'No more dream' എന്ന പാട്ടുമായായി 2013ല്‍ സംഘം ആദ്യമായി കാണികള്‍ക്കു മുന്നിലെത്തി. 2020ലെ കോവിഡ് കാലത്താണ് ലോകം മുഴുവന്‍ ബിടിഎസ് തരംഗമായി മാറിയത്. ബാന്‍ഡ് രൂപീകരിച്ച് 9 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ആയിരുന്നു ബാന്‍ഡിന്റെ വേര്‍പിരിയല്‍ പ്രഖ്യാപനം. വ്യക്തിപരമായ കഴിവുകളെ വളര്‍ത്താനും പുതിയ ദിശ കണ്ടെത്താനുമാണ് വേര്‍പിരിയുന്നതെന്നാണ് ബിടിഎസ് അറിയിച്ചത്. സ്വതന്ത്ര സംഗീത ആല്‍ബങ്ങളുമായി ബിടിഎസ് അംഗങ്ങള്‍ എത്തും.
ജെ ഹോപിന്റെ സോളോ ആല്‍ബമായിരിക്കും ആദ്യം പുറത്തിറങ്ങുക എന്നാണ് വിവരം. അതേ സമയം നിര്‍ബന്ധിത സൈനിക സേവനം അനുഷ്ടിക്കാനാണ് ബാന്‍ഡ് പിരിയുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ദക്ഷിണ കൊറിയയിലെ നിയമം പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ 28 വയസിനുള്ളില്‍ 18 മാസമെങ്കിലും നിര്‍ബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ്. 1963ന് ശേഷം ബില്‍ബോര്‍ഡ്‌സിന്റെ all-genre hot 100 ചാര്‍ട്ടില്‍ ഇടം നേടിയ ആദ്യ ഏഷ്യന്‍ ബാന്‍ഡ് ആണ് ബിടിഎസ്.