സെമികണ്ടക്ടര്‍ വമ്പനില്‍ 4.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി വാറന്‍ ബഫറ്റ്

തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗില്‍ (ടിഎസ്എംസി) 4.1 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തി ലോകപ്രശസ്ത നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ്. വാറന്‍ ബഫറ്റിന്റെ കമ്പനിയായാ ബെര്‍ക്ഷെയര്‍ ഹാത്ത്വേയുടെ സാങ്കേതിക മേഖലയിലേക്കുള്ള സുപ്രധാന മുന്നേറ്റമാണിത്.

ഇതോടെ ലോകത്തെ ഏറ്റവും വലിയ കരാര്‍ ചിപ്പ് നിര്‍മ്മാതാവായ തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ ഓഹരികള്‍ 7.9 ശതമാനം എന്ന് നിരക്കില്‍ തായ്വാനില്‍ കുതിച്ചുയര്‍ന്നു. ആഗോള തലത്തില്‍ ചിപ്പിന്റെ മാന്ദ്യം നേരിട്ടത് മൂലം കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ മാസം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

യു.എസില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഇക്വിറ്റി നിക്ഷേപങ്ങള്‍ വിവരിക്കുന്ന റെഗുലേറ്ററി ഫയലിംഗില്‍ സെപ്തംബര്‍ 30 വരെ തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗിന്റെ ഏകദേശം 60.1 ദശലക്ഷം അമേരിക്കന്‍ ഡിപ്പോസിറ്ററി ഓഹരികള്‍ തങ്ങള്‍ക്കുണ്ടെന്ന് ബെര്‍ക്ക്ഷയര്‍ അറിയിച്ചു. യുഎസ് നിക്ഷേപകര്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന യുഎസ് ഇതര കമ്പനിയുടെ ഇക്വിറ്റി ഓഹരികളാണ് അമേരിക്കന്‍ ഡിപ്പോസിറ്ററി ഷെയര്‍ (ADS). ഇത് യുഎസ് ഡിപ്പോസിറ്ററി ബാങ്കാണ് കൈവശം വയ്ക്കുന്നത്.

തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗിന്റെ മറ്റ് വിദേശ നിക്ഷേപകരില്‍ യു.എസ് അസറ്റ് മാനേജര്‍മാരായ ബ്ലാക്ക്‌റോക്ക്, വാന്‍ഗാര്‍ഡ് ഗ്രൂപ്പ്, സിംഗപ്പൂര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട്, ജിഐസി എന്നിവ ഉള്‍പ്പെടുന്നു. ആപ്പിള്‍, ക്വാല്‍കോം, എന്‍വിഡിയ എന്നിവയ്ക്കായി സെമികണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ്.

Related Articles
Next Story
Videos
Share it