

118 വര്‍ഷത്തെ ചരിത്രം ഉറങ്ങുന്ന കൊല്‍ക്കത്ത സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ (CSE) തിരിച്ചു കൊണ്ടുവരാന്‍ ബംഗാള്‍ സര്‍ക്കാര്‍. നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തതിനാലും മറ്റ് പ്രശ്‌നങ്ങളാലും ദീര്‍ഘകാലമായി വ്യാപാരം നിലച്ചുകിടന്നിരുന്ന കൊല്‍ക്കത്ത സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ സജീവമാക്കാനാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ നീക്കം.
2013 ഏപ്രിലില്‍ ഓഹരി വിപണി നിയന്ത്രകരായ സെബി ഇടപെട്ട് കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരെ നിയമയുദ്ധം തന്നെ നടത്തി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എക്‌സ്‌ചേഞ്ച് ശ്രമിച്ചതാണ്. എന്നാല്‍ അനുകൂല മാറ്റം ഉണ്ടായില്ല.
കഴിഞ്ഞ മാസം ബംഗാളില്‍ അധികാരമാറ്റമുണ്ടാകുകയും ബിജെപി സര്‍ക്കാര്‍ ഭരണത്തിലെത്തുകയും ചെയ്തതോടെയാണ് കൊല്‍ക്കത്ത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കൊല്‍ക്കത്തയുടെ സാമ്പത്തിക തലസ്ഥാന ഖ്യാതി വീണ്ടെടുക്കുന്നതിനായി സിഎസ്ഇയെ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാന്‍ സഹായിക്കുമെന്ന് ഇന്നലെ ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്ത അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പറയുന്നു.
കിഴക്കന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് മൂലധനം ശേഖരിക്കലും ലിസ്റ്റിംഗും കൂടുതല്‍ എളുപ്പമാക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കൊല്‍ക്കത്ത സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പുനരുജ്ജീവനം വഴിയൊരുക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
1908ല്‍ സ്ഥാപിച്ച കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഒരുഘട്ടത്തില്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്രതിയോഗിയായി വളര്‍ന്നതാണ്. കേതന്‍ പരേഖ് കുംഭകോണത്തിനു ശേഷമാണ് തകര്‍ച്ചയുടെ തുടക്കം. 2000മാണ്ട് കഴിഞ്ഞതോടെ ട്രേഡിംഗ് പ്രവര്‍ത്തനം കുറഞ്ഞു വന്നു. അങ്ങനെയാണ് ചട്ടലംഘനങ്ങളുടെ പേരില്‍ 2013 ആയപ്പോള്‍ സെബി പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്തത്.
പുതിയ ബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ലാഭത്തിലുള്ള ചില പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ കേന്ദ്ര ഫണ്ടുകള്‍ ബംഗാളിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബംഗാളിന്റെ പഴയ സാമ്പത്തിക പ്രതാപം വീണ്ടെടുക്കാനുള്ള നീക്കങ്ങള്‍ രാജ്യത്തെ ഏറ്റവും പഴക്കമേറിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine