മ്യൂച്വല്‍ഫണ്ടിലും ഇനി അംബാനി തരംഗം, ജിയോ-ബ്ലാക്ക് റോക്ക് മ്യൂച്വല്‍ഫണ്ടില്‍ കാണാനിരിക്കുന്നത് 'അലാദിന്‍' മാജിക്ക്

സിദ് സ്വാമിനാഥനെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി നിയമിച്ചു
mutual fund
canva
Published on

മുകേഷ് അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും (JFSL) ലോകത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കും ചേര്‍ന്നുള്ള സംരംഭത്തിന്‌ മ്യൂച്വല്‍ഫണ്ട് ബിസിനസ് ആരംഭിക്കാന്‍ സെബിയുടെ അനുമതി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി സിദ് സ്വാമിനാഥനെ നിയമിച്ചിട്ടുമുണ്ട്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2023 ജൂലൈ 26നാണ് ഇരു കമ്പനികളും സംയുക്തമായി അസറ്റ്മാനേജ്‌മെന്റ് ബിസിനസിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ നാലിന് സെബി തത്വത്തില്‍ അംഗീകാരം നല്‍കി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോ ബ്ലാക്ക്‌റോക്ക് ട്രസ്റ്റീ പ്രൈവറ്റ് ലിമിറ്റഡും എന്നിവ രൂപീകരിച്ചു.

വരും പുതുമയാര്‍ന്ന ഉത്പന്നങ്ങള്‍

റീറ്റൈയ്ല്‍, സ്ഥാപന നിക്ഷേപകര്‍ക്കായി 'ഡിജിറ്റല്‍ ഫസ്റ്റ്' എന്ന സമീപനത്തെ അടിസ്ഥാനമാക്കി വരും മാസങ്ങളില്‍ നിരവധി നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് പദ്ധതിയിടുന്നതായാണ് സൂചന.

യുഎസ് ആസ്ഥാനമായ ബ്ലാക്ക്റോക്കിന്റെ നിക്ഷേപ, റിസ്‌ക് മാനേജ്‌മെന്റ് സിസ്റ്റമായ 'അലാഡിന്‍' ഉള്‍പ്പെടെയുള്ള ഡാറ്റാധിഷ്ഠിത മാര്‍ഗങ്ങള്‍ ഈ ഉത്പന്നങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എന്താണ് അലാദിന്‍?

അസറ്റ്, ലയബിലിറ്റി, ഡെറ്റ്, ഡെറിവേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് നെറ്റ്‌വര്‍ക്ക് എന്നതിന്റെ ചുരുക്കമാണ് അലാദിന്‍ (Aladdin). ആമസോണ്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം തുടങ്ങിയ പോലെ, ആദ്യം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് പിന്നീട് ബിസിനസ് ആക്കി മാറ്റിയ രീതിയിലാണ് ബ്ലാക്ക്‌റോക്ക് അലാഡിനിന്‍ അവതരിപ്പിച്ചത്. സ്വന്തം നിക്ഷേപങ്ങളും മറ്റും നിയന്ത്രിക്കാനായി രൂപം കൊടുത്ത സോഫ്റ്റ്‌വെയര്‍ സിസ്റ്റമാണ് അലാദിന്‍. പിന്നീട് ഇതിന്റെ സേവനം മറ്റ് കമ്പനികള്‍ക്കും ലഭ്യമാക്കി.

ഫണ്ടിന്റെ പ്രകടനം ട്രാക്ക് ചെയ്യുക, പോര്‍ട്ട്ഫോളിയോ മാറ്റുക, റിസ്‌ക് കൈകാര്യം ചെയ്യുക, വിവിധ ആസ്തികളിലേക്ക് പണം വകയിരുത്തുക, ഉപഭോക്തൃ ഡാറ്റ വിശകലനം ചെയ്യുക തുടങ്ങി വിവിധ കാര്യങ്ങള്‍ക്ക് പ്രയോജനപ്പടുത്തുന്ന സോഫ്റ്റ്‌വെയറാണിത്.

ബ്ലാക്ക് റോക്ക് ഉള്‍പ്പെടെ 200-ലധികം സ്ഥാപനങ്ങള്‍ അലാദിന്‍ പ്ലാറ്റ്ഫോമും അതിന്റെ റിസ്‌ക് വിശകലന ഉപകരണങ്ങളും ഉപയോഗിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, വന്‍കിട കമ്പനികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രധാന ക്ലയന്റുകള്‍.

ഇന്ത്യയുടെ ധനകാര്യ രംഗത്ത് കോളിളക്കം സൃഷ്ടിക്കാന്‍ ഡാറ്റയും സാങ്കേതികവിദ്യയും ഉപയോഗിക്കുക എന്ന മുകേഷ്‌ അംബാനിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അലാദിന്‍ സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com