വി-ഗാര്‍ഡ് ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ ?

കഴിഞ്ഞ ആഴ്ചയാണ് സണ്‍ഫ്‌ളെയിം എന്റര്‍പ്രൈസസിനെ കൊച്ചി ആസ്ഥാനമായ വി-ഗാര്‍ഡ് ഏറ്റെടുക്കുന്ന വിവരം പുറത്ത് വന്നത്. 660 കോടി രൂപയ്ക്കാണ് പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളായ സണ്‍ഫ്‌ളെയിമിനെ വി-ഗാര്‍ഡ് സ്വന്തമാക്കുന്നത്. 2023 ജനുവരിയിലാവും ഇടപാടുകള്‍ പൂര്‍ത്തിയാവുക.

ഈ പശ്ചാത്തലത്തില്‍ വിഗാര്‍ഡ് ഓഹരികളുടെ വില ഒരു വര്‍ഷത്തിനുള്ളില്‍ 300 കടന്നേക്കും എന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് വിഗാര്‍ഡ് ഓഹരികള്‍ അനുകൂലമാണെന്ന് ഷെയര്‍ വെല്‍ത്ത് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാംകി ചൂണ്ടിക്കാട്ടി. ഇന്ന് (13-12-2022) 0.38 ശതമാനം നേട്ടത്തില്‍ 261.05 രൂപയ്ക്കാണ് വിഗാര്‍ഡ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ 21.84 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയത്.

വിപണി വളര്‍ച്ച ഗുണം ചെയ്യും

എമര്‍ജന്‍സി ലൈറ്റ്, മിക്‌സി ,കോഫി മേക്കര്‍, എയര്‍കൂളര്‍, ചിമ്മിണി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്പനിയാണ് സണ്‍ഫ്‌ളെയിം. ഉത്തരേന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ വിഗാര്‍ഡിനെ സണ്‍ഫ്‌ളെയിം ഇടപാട് സഹായിക്കും. 2021-22 കാലയളവില്‍ 349.8 കോടി രൂപയായിരുന്നു സണ്‍ഫ്‌ളെയിമിന്റെ വരുമാനം. നിലവില്‍ ഗൃഹോപകര മേഖലയില്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കൂക്ക്‌ടോപ്‌സ്, സ്റ്റൗവ്, കെറ്റില്‍, ടോസ്റ്ററുകള്‍ തുടങ്ങിയവയാണ് കിച്ചണ്‍ അപ്ലെയ്ന്‍സസ് വിഭാഗത്തില്‍ വിഗാര്‍ഡ് പുറത്തിറക്കുന്നത്.

സണ്‍ഫ്‌ളെയിമിന്റെ ടെക്‌നോളജി കൂടി എത്തുന്നതോടെ വിഗാര്‍ഡ് ബ്രാന്‍ഡില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിയേക്കും എന്നാണ് വിലയിരുത്തല്‍. അടുത്തിടെ വിഗാര്‍ഡ് സ്ഥാപിച്ച പുതിയ പ്ലാന്റും ഉല്‍പ്പന്ന വികസന ശേഷിയും അനുകൂല ഘടകങ്ങളാണ്. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വിഗാര്‍ഡിന്റെ അറ്റാദായം 43.66 കോടി രൂപയായിരുന്നു. 986 കോടി രൂപയുടെ വില്‍പ്പനയാണ് കമ്പനി ഇക്കാലയളവില്‍ നേടിയത്.

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it