യുഎഇയില്‍നിന്നുള്ള നിക്ഷേപം നിര്‍ത്തലാക്കി കനറ റോബെക്കോ മ്യൂച്വല്‍ ഫണ്ട്, കാരണമിതാണ്

യുഎഇയില്‍നിന്നുള്ള നിക്ഷേപം നിര്‍ത്തലാക്കി കനറ റോബെക്കോ മ്യൂച്വല്‍ ഫണ്ട്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) യുഎഇയെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് യുഎഇയില്‍നിന്നുള്ളവരുടെ നിക്ഷേപം കനറ റോബെക്കോ മ്യൂച്വല്‍ ഫണ്ട് നിര്‍ത്തലാക്കാനുള്ള കാരണം.

''എഫ്എടിഎഫ് യുഎഇയെ ഗ്രേ ലിസ്റ്റില്‍ ചേര്‍ത്തതിനാല്‍, യുഎഇയില്‍ നിന്നുള്ള ഞങ്ങളുടെ നിക്ഷേപകരില്‍ നിന്ന് നിലവിലുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍/സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. യുഎഇയില്‍ നിന്നുള്ള നിക്ഷേപത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഞങ്ങള്‍ ആന്തരികമായി അവലോകനം ചെയ്യുകയാണ്'' കനറ റോബെക്കോ അതിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
അതേസമയം, യുഎഇയെ ഗ്രേ ലിസ്റ്റില്‍ ചേര്‍ക്കുന്നത് ആശങ്കയല്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോ സര്‍ക്കാരോ യുഎഇയില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് നിര്‍ബന്ധിത നിരോധനം ഏര്‍പ്പെടുത്തുകയാണെങ്കില്‍, ഇവിടെനിന്നുള്ളവരുടെ സബ്സ്‌ക്രിപ്ഷന്‍ നിര്‍ത്താന്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ നിര്‍ബന്ധിതരാകും.
എന്താണ് ഗ്രേ ലിസ്റ്റിംഗ്?
കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനുമെതിരെയുള്ള നടപടികളുടെ പുരോഗതി പരിശോധിക്കുന്നതിന് എഫ്എടിഎഫ് ഒരു രാജ്യത്തെ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുന്നു എന്നാണ് ഗ്രേ ലിസ്റ്റിംഗിലൂടെ അര്‍ത്ഥമാക്കുന്നത്.


Related Articles
Next Story
Videos
Share it