

ഓഹരിവിലകളില്‍ അദാനി ഗ്രൂപ്പ് കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി. ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍.
വീഴ്ച പരിശോധിക്കാന്‍
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഓഹരിയിലെ കൃത്രിമത്തെ കുറിച്ച് പരമാര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സെബിയുടെ വ്യവസ്ഥകളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും സമിതി വ്യക്തമാക്കി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി സമിതിയോട് നിര്‍ദേശിച്ചിരുന്നത്.
ദുരുപയോഗത്തിന്റെ തെളിവുകളില്ല
ഓഹരിവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും സെബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്രിമം കാണിച്ചുവെന്ന ആരോപണം കേസായി ഉന്നയിക്കാവുന്ന തരത്തിലുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സമിതി വ്യക്തമാക്കി. അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് സുപ്രീംകോടതി ആഗസ്റ്റ് 14 വരെ സമയം അനുവദിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine