യുഎസ് ഫെഡ് നയം കാത്ത് ഇന്ത്യന്‍ വിപണി; ഐടി ഓഹരികള്‍ക്ക് കനത്ത ഇടിവ്, കേരള കമ്പനികള്‍ നിലമെച്ചപ്പെടുത്തി

പ്രധാന സൂചികകളെ അപേക്ഷിച്ച് ചെറുകിട ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു
യുഎസ് ഫെഡ് നയം കാത്ത് ഇന്ത്യന്‍ വിപണി; ഐടി ഓഹരികള്‍ക്ക് കനത്ത ഇടിവ്, കേരള കമ്പനികള്‍ നിലമെച്ചപ്പെടുത്തി
Published on

കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തില്‍ തുടര്‍ന്നു. നാളത്തെ യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ പണനയത്തിനായുള്ള കാത്തിരിപ്പിനിടെ ലാഭമെടുപ്പും നിക്ഷേപകരുടെ ആശങ്കകളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിനൊപ്പം രൂപയുടെ മൂല്യം കുറയുന്നതും വിദേശ സ്ഥാപന നിക്ഷേപകരുടെ (FII) തുടര്‍ച്ചയായ പിന്‍വാങ്ങലും യു.എസ്.-ഇന്ത്യ വ്യാപാര കരാറിലെ അനിശ്ചിതത്വവും വിപണിയെ താഴോട്ട് നയിച്ചു.

ആഗോള വിപണിയിലെ സമ്മര്‍ദ്ദവും ഇന്ത്യന്‍ ഓഹരികളെ ബാധിച്ചു. ജാപ്പനീസ് ബോണ്ട് നേട്ടം കുത്തനെ ഉയര്‍ന്നത് ആഗോള വിപണികളിലെല്ലാം ആശങ്ക വിതച്ചു. ജപ്പാന്‍ ബാങ്ക് (BoJ) വരാനിരിക്കുന്ന ഡിസംബര്‍ യോഗത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷകളും ഉയരുന്നുണ്ട്.

യു.എസ്. ഫെഡ് റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നും ജപ്പാന്‍ ബാങ്ക് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നുമാണ് വിപണി പൊതുവേ പ്രതീക്ഷിക്കുന്നത് . എന്നാല്‍ 2026-ലെ നിരക്ക് കുറയ്ക്കലിനെ കുറിച്ചുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളാകും ഇനി വിപണിക്ക് നിര്‍ണായകമാവുക.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

സെന്‍സെക്‌സ് 436 പോയിന്റ് ഇടിഞ്ഞ് 84,666.28ലും നിഫ്റ്റി 121 പോയിന്റ് താഴ്ന്ന് 25,839.65ലുമെത്തി.

ഐടി ഓഹരികളാണ് വിപണിയിലെ ഇടിവിന് പ്രധാനമായും നേതൃത്വം നല്‍കിയത്. പി.എസ്.യു ബാങ്കുകള്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകള്‍ നേട്ടമുണ്ടാക്കി. പ്രധാന സൂചികകളെ അപേക്ഷിച്ച് ചെറുകിട ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ടെക്, ഓട്ടോ ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു.

വിവിധ ഓഹരികളുടെ പ്രകടനം

പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്നുള്ള അനുകൂലമായ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ കെയ്ന്‍സ് ഓഹരികള്‍ തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ട കച്ചവടം അവസാനിപ്പിച്ച് കുതിച്ചുയര്‍ന്നു. 16 ശതമാനമാണ് ഓഹരിയുടെ മുന്നേറ്റം.

ഒരു പ്രോജക്റ്റ് വില്‍പ്പനയിലൂടെ 24 മണിക്കൂറിനുള്ളില്‍ 400 കോടി രൂപയിലധികം സമാഹരിച്ചതോടെ അജ്‌മേറ റിയല്‍റ്റി ഓഹരി 4 ശതമാനം നേട്ടം രേഖപ്പെടുത്തി.

ഡെലിവെറി ഇന്ത്യന്‍ എം.എസ്.എം.ഇകള്‍ക്കായി 'Delhivery Intl' എന്ന അന്താരാഷ്ട്ര സേവനം ആരംഭിച്ചതോടെ ഓഹരികള്‍ക്ക് ഏകദേശം 5% മുന്നേറ്റമുണ്ടായി.

10,000 കോടി രൂപയുടെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റിന് (QIP) ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ സ്വിഗി ഓഹരി വില 3 ശതമാനം വര്‍ധിച്ചു.

ഗുജറാത്ത് ഊർജ വികാസ് നിഗമില്‍ നിന്ന് 806 കോടി രൂപയുടെ പ്രോജക്റ്റ് നേടിയതോടെ സോളാര്‍വേള്‍ഡ് ഓഹരി വില 3% ഉയര്‍ന്നു.

ഇടിവില്‍ ഇവര്‍

2026-ലെ ടെക് ചെലവുകള്‍ 2025-നെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന കമ്പനിയുടെ പ്രസ്താവന പുറത്തുവന്നതോടെ കൊഫോര്‍ജ് ഓഹരി വില 4% ഇടിഞ്ഞു.

ഡിസംബര്‍ ആദ്യവാരം വിപണി വിഹിതത്തില്‍ കുറവുണ്ടായതായി യുബിഎസ് (UBS) റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹീറോ മോട്ടോകോർപ് ഓഹരികള്‍ക്ക് 3% നഷ്ടം നേരിട്ടു.

ഓഹരികളുടെ ഒരു ശതമാനത്തോളം വരുന്ന ബ്ലോക്ക് ഡീലുകള്‍ നടന്നതിനെത്തുടര്‍ന്ന് ജെ.എസ്.ഡബ്ല്യു എനര്‍ജി ഓഹരികള്‍ക്ക് ഒരു ഇടിവുണ്ടായി.

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരത കൈവരിച്ചതായ സിഇഒയുടെ പ്രസ്താവനയെത്തുടര്‍ന്ന് താഴ്ന്ന നിലയില്‍ നിന്ന് ഓഹരികള്‍ ശക്തമായി തിരിച്ചുവന്നു.

വോഡഫോണ്‍ ഐഡിയ ഓഹരികള്‍ ഇന്നലത്തെ നഷ്ടം നികത്തി 4 ശതമാനം ഉയര്‍ന്നു.

ബിഎസ്ഇ ഓഹരി 3% ഇടിഞ്ഞതോടെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് വിഭാഗത്തിലെ ഓഹരികള്‍ സമ്മര്‍ദ്ദത്തിലായി.

ചെറിയൊരു പച്ചപ്പില്‍ കേരള ഓഹരികള്‍

കേരള ഓഹരികള്‍ ഇന്നലത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി. പകുതിയിലേറെ കമ്പനികള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് ഓഹരിയാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില 9 ശതമാനത്തിലധികം ഉയര്‍ന്നു. തൊട്ട് പിന്നില്‍ എട്ട് ശതമാനത്തിലധികം നേട്ടവുമായി ബി.പി.എല്‍ ആണ്.

കേരള ഓഹരികളുടെ പ്രകടനം
കേരള ഓഹരികളുടെ പ്രകടനം

എ.വി.റ്റി നാച്വറല്‍ പ്രോഡക്ട്‌സ്, സെല്ല സ്‌പേസ്, സി.എസ്.ബി ബാങ്ക്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവ മൂന്ന് ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി.

സഫ സിസ്റ്റംസ്, പ്രൈമ ഇന്‍ഡസ്ട്രീസ്, വെസ്റ്റേണ്‍ പ്ലൈവുഡ്സ് അബേറ്റ് എ.എസ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് നഷ്ടത്തില്‍ മുന്നിലെത്തിയ ഓഹരികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com