PSU ഓഹരികളിൽ നിന്നും കൂടുതൽ ഡിവിഡന്റ് വരുമാനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ; നിക്ഷേപകർക്ക് ഇതു ദോഷകരമോ?

സർക്കാരിന്റെ ഭാ​ഗത്തുനിന്നുമുള്ള ഉയർന്ന ഡിവിഡന്റ് ആവശ്യകത കമ്പനികളുടെ ഭാവി മൂലധന ചെലവിടലിനേയും വളർച്ചാ പദ്ധതികളെയും ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നു
PSU Companies Dividend Target FY27
ധനമന്ത്രി നിർമല സീതാരാമൻ, പ്രതീകാത്മക ചിത്രം (Image Source: Canva)
Published on

ധനകാര്യ ഇതര സെക്ടറുകളിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ (PSU) നിന്നും നടപ്പ് സാമ്പത്തിക വർഷം (FY 2026-27) കേന്ദ്ര സർക്കാർ ഡിവി‍ഡന്റ് ഇനത്തിൽ പ്രതീക്ഷിക്കുന്ന വരുമാനം ഉയർത്തി നിശ്ചയിച്ചു. ബജറ്റ് ലക്ഷ്യമായ 75,000 കോടി രൂപയേയും മറികടന്ന് ഏകദേശം 80,000 കോടി രൂപയായിരിക്കും ഇത്തവണ നോൺ ഫിനാൻഷ്യൽ പി.എസ്.യു കമ്പനികളിൽ നിന്നും ഖജനാവിലേക്ക് എത്തിച്ചേരുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. മുൻവർഷം (FY 2025-26) ഇതു 78,438 കോടി രൂപയായിരുന്നു.

ഡിസ്-ഇൻവെസ്റ്റ്‌മെന്റ് (ഓഹരി വിറ്റഴിക്കൽ) വഴിയുള്ള വരുമാനം തുടർച്ചയായി ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഡിവിഡന്റ് വരുമാനത്തെ കൂടുതൽ ആശ്രയിക്കുന്നത്. സ്ഥിരവരുമാനം ആഗ്രഹിക്കുന്ന ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് പി.എസ്.യു ഓഹരികളെ കൂടുതൽ ആകർഷകമാക്കുകയാണ്. എന്നാൽ ഈ പ്രവണത, ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കായുള്ള മൂലധന ചെലവിടലിൽ (Capex) പൊതുമേഖല സ്ഥാപനങ്ങൾക്ക് വെല്ലുവിളി ഉയർത്തുമോ? വിശദമായി നോക്കാം.

ആകർഷകമാകുന്ന ഡിവിഡന്റ് യീൽഡ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ അറ്റാദായത്തിന്റെ (Net Profit) കുറഞ്ഞത് 30 ശതമാനമോ അല്ലെങ്കിൽ മൊത്തം ആസ്തിയുടെ (Net worth) 5 ശതമാനമോ (ഏതാണോ ഉയർന്നത്) ലാഭവിഹിതമായി നൽകണമെന്നാണ് സർക്കാരിന്റെ നിക്ഷേപങ്ങളും പൊതു ആസ്തികളും കൈകാര്യം ചെയ്യുന്നതിനായുള്ള ധനമന്ത്രാലയത്തിന്റെ ഉപവകുപ്പായ ദീപം (DIPAM) പുറത്തിറക്കിയിട്ടുള്ള മാർഗ്ഗരേഖ. ഇതനുസരിച്ച് മികച്ച സാമ്പത്തിക പ്രകടനം നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ്, കോൾ, പവർ, മൈനിംഗ് മേഖലയിൽ നിന്നുള്ള പൊതുമേഖലാ കമ്പനികളാണ് നിലവിൽ ഉയർന്ന ഡിവിഡന്റ് യീൽഡ് (Dividend Yield) രേഖപ്പെടുത്തുന്നത്:

  • കോൾ ഇന്ത്യ (BSE: 533278, NSE: COALINDIA): 2026-ൽ ഏകദേശം 6.5–7.0% ഡിവിഡന്റ് യീൽഡ് നിലനിർത്തുന്നു. മികച്ച ഫ്രീ കാഷ് ഫ്ലോയും 50 ശതമാനത്തിനടുത്തുള്ള പേ-ഔട്ട് റേഷ്യോയും ഉയർന്ന പ്രതിയോഹരി ലാഭവിഹിതം നൽകാൻ കമ്പനിക്ക് തുണയേകുന്നു.

  • ഓയിൽ & നാച്വറൽ ​ഗ്യാസ് കോർപറേഷൻ (BSE: 500312, NSE: ONGC): വിപണി വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് 5–8% വരെ ഉയർന്ന ഡിവിഡന്റ് യീൽഡ് കുറിക്കുന്നു.

  • ബി.പി.സി.എൽ, ആർ.ഇ.സി, പി.എഫ്‌.സി: ഈ ഓഹരികളുടെ ഡിവിഡന്റ് യീൽഡ് 4–6% പരിധിയിലാണ്.

  • പവർ ഗ്രിഡ്, എൻ.ടി.പി.സി: താരതമ്യേന കുറഞ്ഞ ചാഞ്ചാട്ടം നേരിടുന്ന ഈ ഓഹരികൾ 3–6% വരെ ഡിവിഡന്റ് യീൽഡ് രേഖപ്പെടുത്തുന്നു.

പി.എസ്.യു ഓഹരികളും പരമ്പരാഗത നിക്ഷേപങ്ങളും

പരമ്പരാഗത നിക്ഷേപ മാർഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ഡിവിഡന്റ് വരുമാനവും ദീർഘകാലയളവിൽ മൂലധന നേട്ടവും നൽകാൻ പൊതുമേഖലാ ഓഹരികൾക്ക് സാധിക്കുന്നുണ്ടെന്ന് സമീപകാല കണക്കുകൾ വ്യക്തമാക്കുന്നു. 2026-ലെ പ്രകടനം അടിസ്ഥാനമാക്കിയാൽ, മുൻനിര പി.എസ്.യു ഓഹരികൾ 5% മുതൽ 8% വരെ തോതിലുള്ള ഉയർന്ന ഡിവിഡന്റ് യീൽഡ് രേഖപ്പെടുത്തുമ്പോൾ, വൻകിട ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റ് (FD) സ്കീമുകളിൽ നിന്നും പരമാവധി 7% (നികുതിക്ക് മുമ്പ്) വരെയുള്ള പലിശ വരുമാനം മാത്രമാണ് ഉറപ്പുനൽകുന്നത്. വിപണിയിലെ വിവിധ സെക്ടറുകളിൽ ഏറ്റവും മുൻനിരയിലുള്ള 50 കമ്പനികൾ ഉൾപ്പെടുന്ന എൻ.എസ്.ഇ നിഫ്റ്റി-50 സൂചികയുടെ ശരാശരി ഡിവിഡന്റ് യീൽഡ് 1% മുതൽ 1.5% വരെ മാത്രമാണെന്നതും ശ്രദ്ധേയമാണ്.

ബാങ്ക് എഫ്.ഡികൾക്ക് സമാനമായ അല്ലെങ്കിൽ അതിനേക്കാൾ മികച്ച തോതിൽ ഡിവിഡന്റ് ഇനത്തിലുള്ള അധിക വരുമാനം ഓഹരി ഉടമകൾക്ക് നൽകാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാധിക്കുന്നുണ്ട്. ഡിവിഡന്റ് വരുമാനത്തിന് നിക്ഷേപകന്റെ സ്ലാബ് നിരക്കിൽ ആദായ നികുതി ബാധകമാണെങ്കിലും, എഫ്.ഡികളിൽ നിന്നും ലഭിക്കാത്ത മൂലധന വളർച്ചയ്ക്കുള്ള (Capital Appreciation) മികച്ച സാധ്യത പി.എസ്.യു ഓഹരികളുടെ വലിയ ആകർഷക ഘടകമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി.എസ്.ഇ പി.എസ്.യു സൂചിക (BSE PSU Index) കരസ്ഥമാക്കിയ ഏകദേശം 240 ശതമാനത്തിന്റെ വൻ കുതിപ്പ് ഈ നിക്ഷേപ വളർച്ചയ്ക്ക് അടിവരയിടുന്നു.

ഡിവിഡന്റും മൂലധനച്ചെലവും വെല്ലുവിളി?

ആകർഷകമായ ഡിവിഡന്റ് വരുമാനത്തിനിടയിലും ഓഹരി നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വെല്ലുവിളിയുണ്ട്. നിലവിൽ ഊർജം, കൽക്കരി, എണ്ണ കമ്പനികളാണ് രാജ്യത്തിന്റെ ഹരിത ഊർജ്ജ മേഖലയിലേക്കുള്ള മാറ്റം (Energy Transition) യാഥാർത്ഥ്യമാക്കുന്നതിനായുള്ള പദ്ധതികൾക്ക് വേണ്ടി ഏറ്റവും കൂടുതൽ മൂലധനച്ചെലവ് (Capex) നടത്തേണ്ടത്.

പശ്ചിമേഷ്യൻ പ്രതിസന്ധികൾ കാരണമുള്ള ക്രൂഡ് ഓയിൽ വില വർധനവും എക്സൈസ് വരുമാനത്തിലെ കുറവും മൂലം കേന്ദ്ര സർക്കാർ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണ്. ഈയൊരു സാഹചര്യത്തിൽ കമ്പനികൾ കൂടുതൽ തുക വികസനത്തിനായി പുനർനിക്ഷേപിക്കേണ്ട സമയത്ത്, സർക്കാർ ഉയർന്ന തോതിലുള്ള ഡിവിഡന്റ് ആവശ്യപ്പെടുന്നത് കമ്പനികളുടെ ഭാവി വളർച്ചാ പദ്ധതികളെ ബാധിച്ചേക്കാമെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന തോതിലുള്ള ഡിവിഡന്റുകൾ സർക്കാരിന്റെ ധനസ്ഥിതിക്ക് താൽക്കാലികമായി വലിയ ആശ്വാസം നൽകുമെങ്കിലും, അത് കമ്പനികളുടെ ഭാവി വളർച്ചയ്ക്ക് അനിവാര്യമായ മൂലധനച്ചെലവുകൾ മാറ്റിവെച്ചുകൊണ്ടുള്ളതാണോ എന്ന് ദീർഘകാല നിക്ഷേപകർ പരിശോധിക്കേണ്ടതുണ്ട്. സർക്കാരിന്റെ താത്പര്യങ്ങളും കമ്പനിയുടെ ബിസിനസ് വളർച്ചാ മുൻ​ഗണനകളും എപ്പോഴും ഒരേ ദിശയിലാകണമെന്നില്ല എന്ന യാഥാർത്ഥ്യവും മനസ്സിലാക്കി വേണം പൊതുമേഖലാ ഓഹരികളിൽ ഡിവിഡന്റ് കണക്കാക്കിയുള്ള നിക്ഷേപം പരി​ഗണിക്കേണ്ടത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com