ഐആര്‍സിടിസിയുടെ 5% ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം; പ്രതീക്ഷിക്കുന്നത് 2,720 കോടി രൂപ
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) 5 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സ്‌ചേഞ്ചുകളില്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വിറ്റഴിക്കും. ഓഹരി ഒന്നിന് 680 രൂപയാണ് കണക്കാക്കുന്നത്. ഈ ഓഹരി വില്‍പ്പനയിലുടെ 2,720 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ 65,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
നിര്‍ദിഷ്ട ഓഹരി വില്‍പ്പനയില്‍ 20 ദശലക്ഷം ഓഹരികള്‍ ഉള്‍പ്പെടുന്നുണ്ട്. വില്‍പ്പനയില്‍ കുറഞ്ഞത് 25 ശതമാനം ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി മാറ്റിവയ്ക്കും. ബാക്കി 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവയ്ക്കും. ധനസമാഹരിക്കുന്നതിനായി ലിസ്റ്റുചെയ്ത റെയില്‍വേ സ്ഥാപനങ്ങളിലെ ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം, കാറ്ററിംഗ് വിഭാഗമാണ് ഐആര്‍സിടിസി. നിലവില്‍ ഐആര്‍സിടിസിയില്‍ സര്‍ക്കാരിന് 67.4 ശതമാനം ഓഹരിയുണ്ട്. ആക്‌സിസ് ക്യാപിറ്റല്‍, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഓഫര്‍ ഫോര്‍ സെയിലിന്റെ ബ്രോക്കര്‍മാരാണ്. ഐആര്‍സിടിസിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 42.54 ശതമാനം വര്‍ധിച്ച് 226 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 158.57 കോടി രൂപയായിരുന്നു.