ഈ 'നവരത്‌ന' ഊര്‍ജ കമ്പനിയുടെ ഓഹരിയും വില്‍ക്കാന്‍ കേന്ദ്രം; ഓഹരിവിലയില്‍ ഇടിവ്

തമിഴ്‌നാട് ആസ്ഥാനമായുള്ള പ്രമുഖ കേന്ദ്ര പൊതുമേഖലാ ഊര്‍ജ കമ്പനിയായ എന്‍.എല്‍.സി ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എല്‍.സി (നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍) ഇന്ത്യ 'നവരത്‌ന' കമ്പനിയാണ്.
ബി.എസ്.ഇയിലെ കണക്കുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാരിന് 79.20 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണിത്. എല്‍.ഐ.സി., നിപ്പോണ്‍ ലൈഫ് ഇന്ത്യ ട്രസ്റ്റീ, തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, തമിഴ്‌നാട് സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്.
കേന്ദ്രലക്ഷ്യം 2,050-2,100 കോടി
ഓഹരി ഉടമകളുടെ കൈവശവുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന മാര്‍ഗമായ ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴി 7 ശതമാനം വരെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രം ഉന്നമിടുന്നത്. ഇതുവഴി 2,050-2,100 കോടി രൂപയും ലക്ഷ്യമിടുന്നു.
ഓഹരിക്ക് 212 രൂപ വിലയ്ക്കായിരിക്കും വില്‍പന. ഇതുപക്ഷേ, നിലവിലെ ഓഹരിവിലയായ 219 രൂപയേക്കാള്‍ കുറവാണ്. 10 രൂപ മുഖവിലയുള്ള, 6.9 കോടി ഓഹരികളാകും കേന്ദ്രം വിറ്റഴിക്കുക. ഇത് കേന്ദ്രത്തിന്റെ മൊത്തം ഓഹരി പങ്കാളിത്തത്തിന്റെ 5 ശതമാനമാണ്. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായാല്‍ അധികമായി ഓഹരി വില്‍ക്കാവുന്ന സൗകര്യമായ 'ഗ്രീന്‍ ഷൂ' (Green Shoe) ഓപ്ഷന്‍ പ്രയോജനപ്പെടുത്തി രണ്ട് ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കും; ആകെ ഏഴ് ശതമാനം.
ഓഹരികള്‍ ഇടിവില്‍
കേന്ദ്രം ഓഹരി വിറ്റഴിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് എന്‍.എല്‍.സി ഓഹരിവില ഇന്ന് നഷ്ടത്തിലാണുള്ളത്. 3.54 ശതമാനം താഴ്ന്ന് 218.55 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിച്ചത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 165 ശതമാനത്തോളം നേട്ടം (Return) എന്‍.എല്‍.സി സമ്മാനിച്ചിട്ടുണ്ട് എന്‍.എല്‍.സി ഓഹരികള്‍. 30,471 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
കല്‍ക്കരി, ലിഗ്നൈറ്റ് ഖനനം, സൗരോര്‍ജം, വിന്‍ഡ് എനര്‍ജി, ഊര്‍ജോത്പാദന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it