

തുടർച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിനുശേഷം ഇന്ത്യൻ വിപണിയിൽ കനത്ത തിരിച്ചടി. വ്യാഴാഴ്ചത്തെ (2026 ഫെബ്രുവരി 19) വ്യാപാരത്തിനൊടുവിൽ പ്രധാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയിൽ 365 പോയിന്റും (-1.41%) ബിഎസ്ഇ സെൻസെക്സിൽ 1,236 പോയിന്റും (-1.48%) വീതമാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 7.55 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടു.
ഇന്ന് വ്യാപാരം പുനരാംഭിച്ചപ്പോൾ നേരിയ നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും വ്യാപാരം പുരോഗമിക്കവേ നഷ്ടക്കയത്തിലേക്ക് വീണു. പ്രധാനപ്പെട്ട എല്ലാ ഓഹരി വിഭാഗങ്ങളും നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം പൂർത്തിയാക്കിയത്. ഇതിൽ ഓട്ടോമൊബീൽ, റിയൽ എസ്റ്റേറ്റ് വിഭാഗം ഓഹരി സൂചികകൾ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. വിപണിയിലെ പ്രതീക്ഷിത ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 10 ശതമാനം വർധിച്ചത് വരും സെഷനുകളിൽ ശ്രദ്ധിക്കേണ്ട ഘടകമാണ്.
1) ഫെഡ് നിരക്കിൽ അനിശ്ചിതത്വം: യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ജനുവരിയിൽ ചേർന്ന എഫ്.ഒ.എം.സി യോഗത്തിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതിൽ ഭാവിയിൽ പലിശ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡ് ഗവണർമാർക്കിടയിൽ അഭപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമായി. പണപ്പെരുപ്പ നിരക്ക് താഴാതെ നിൽക്കുകയാണെങ്കിൽ പലിശ നിരക്ക് കൂട്ടണമെന്ന് ചിലർ വാദിച്ചു. മറ്റൊരു കൂട്ടരാകട്ടെ നിലവിലുള്ള നിരക്ക് തുടർന്നും നിലനിർത്തിക്കൊണ്ട് കാത്തിരുന്നു കാണാമെന്ന നിലപാട് സ്വീകരിച്ചു. മറ്റ് ചിലർ ഇനി പലിശ നിരക്ക് കുറയ്ക്കേണ്ടതില്ല എന്നും അഭിപ്രായപ്പെട്ടു.
ഇതോടെ ഫെഡറൽ റിസർവിൽ പലിശ നിരക്ക് കുറയ്ക്കണമെന്ന വിഷയത്തിൽ അവ്യക്തതയാണ് നിഴലിക്കുന്നതെന്നും അടുത്ത എഫ്.ഒ.എം.സി യോഗത്തിൽ പ്രത്യേകിച്ചു തീരുമാനമുണ്ടാകില്ലെന്ന നിഗമനത്തിലേക്കും വിപണി എത്തിച്ചേർന്നു. യുഎസിൽ പലിശ നിരക്ക് കുറയാതെ നീണ്ടുനിൽക്കുന്ന സാഹചര്യം വിദേശ നിക്ഷേപകർക്ക്, ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങിലെ വിപണികളെ അനാകർഷമാക്കുകയും ഡോളർ ശക്തമായി തുരുന്നത് രൂപ ഉൾപ്പെടെയുള്ള കറൻസികളിൽ സമ്മർദമേൽപ്പിക്കുന്ന ഘടകവുമായി മാറുമെന്ന ഭീതിയുമാണ് ഇന്ത്യൻ വിപണിയിൽ ഇന്ന് പ്രതികൂലമായി ഭവിച്ചത്.
2) ക്രൂഡോയിൽ വിലക്കയറ്റം: പശ്ചിമേഷ്യയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യു.എസുമായി തുടരുന്ന അഭിപ്രായ ഭിന്നത വഷളാകുമെന്ന ലക്ഷണങ്ങൾ പ്രകടമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിക്കുന്നതിന് കാരണമായി. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 70 ഡോളറിന് മുകളിലേക്ക് എത്തിച്ചേർന്നു. ക്രൂഡോയിൽ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് വിലക്കയറ്റം തിരിച്ചടിയാണ്. ഇവിടെ പണപ്പെരുപ്പം ഉയരുന്നതിന് കളമൊരുക്കുന്ന സ്ഥിതിയാണത്.
3) ജിയോപൊളിറ്റിക്കൽ സംഘർഷം: ഇറാനെ യു.എസ് ആക്രമിച്ചേക്കും എന്ന ആശങ്ക ശക്തമായതും വിപണിയിൽ വിൽപ്പന സമ്മർദത്തിന് കാരണമായെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്. ഇറാനും യു.എസും തമ്മിൽ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറിയാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെടുമോ എന്നതാണ് ഇന്ത്യയുടെ ആശങ്ക. അതുപോലെ കോടിക്കണക്കിന് പ്രവാസികളുള്ള ഗൾഫ് മേഖല അശാന്തമാകുന്നതും തിരിച്ചടിയാണ്.
4) ലാഭമെടുപ്പ്: വിപണിയിൽ വീണ്ടും അനിശ്ചിതത്വം തലപൊക്കിയതോടെ തുടർച്ചയായ മുന്നേറ്റത്തിൽ നിന്നുള്ള ലാഭമെടുപ്പിന് ഒരുവിഭാഗം നിക്ഷേപകർ തുനിഞ്ഞതും വിൽപ്പന സമ്മർദം സൃഷ്ടിച്ചു. ബാങ്കിംഗ് ഓഹരികളിൽ ഇത് പ്രകടമായി. ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ഓഹരികളിൽ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയതു തമ്മിലുള്ള അനുപാതവും ഇതിനോട് ചേർത്തുവായിക്കാം. കഴിഞ്ഞ മൂന്ന് ദിവസത്തെ കുതിപ്പിൽ നിഫ്റ്റി, സെൻസെക്സ് സൂചികകളിൽ 1.4 ശതമാനം നേട്ടം കുറിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine