

കമ്പനിയിൽ നിന്നും ഓഹരിയുടമകൾക്ക് ലഭിക്കുന്ന പാരിതോഷികങ്ങളിലൊന്നാണ് ബോണസ് ഷെയർ വിതരണം അഥവാ ബോണസ് ഇഷ്യൂ. നിർദിഷ്ട റെക്കോഡ് തീയതിയിൽ കൈവശമുള്ള ഓഹരികളുടെ നിശ്ചിത അനുപാതത്തിൽ (ബോണസ് റേഷ്യോ) തികച്ചും സൗജന്യമായി നിക്ഷേപകർക്ക് കൈമാറുന്ന അധിക ഓഹരികളാണിത്. അതേസമയം ബോണസ് ഇഷ്യൂവിലൂടെ രണ്ട് രീതിയിലുള്ള നേട്ടം നിക്ഷേപകരെ തേടിയെത്താനുള്ള സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിൽ ഫെബ്രുവരി മാസത്തിൽ ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുള്ള നാല് ഓഹരികളുടെ വിശദാംശം നോക്കിവെക്കാം.
ബോണസ് ഇഷ്യൂ ചെയ്യുമ്പോൾ നിലവിലെ ഓഹരിയുടെ മുഖവിലയിൽ (ഫേസ് വാല്യൂ) മാറ്റമൊന്നും സംഭവിക്കുന്നില്ല. അതിനാൽ ബോണസ് ഷെയർ മുഖേന കരഗതമാകുന്ന അധിക ഓഹരികൾ വഴി കമ്പനിയിൽ നിന്നും ഭാവിയിൽ ലഭിക്കാവുന്ന മൊത്തം ക്യാഷ് ഡിവിഡന്റ് തുക വർധിക്കാം എന്നതാണ് ഒന്നാമത്തെ നേട്ടം. കാരണം കമ്പനികൾ പൊതുവേ ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ഡിവിഡന്റ് പ്രഖ്യാപിക്കാറുള്ളത്.
അതുപോലെ ബോണസ് റേഷ്യോയുടെ അനുപാതത്തിൽ ഓഹരിയുടെ വിപണി വില താഴുന്നതിനാലും കമ്പനിയുടെ ഭാവി വളർച്ചയെ കുറിച്ചുള്ള നേതൃത്വത്തിന്റെ ശുഭാപ്തി വിശ്വാസമായി ബോണസ് ഇഷ്യൂവിനെ പൊതുവേ കണക്കാക്കാറുള്ളതിനാലും റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ഓഹരിയുടെ ഡിമാൻഡ് വർധിക്കാം.
ഇതിനോടൊപ്പം കമ്പനി മികച്ച ബിസിനസ് പ്രകടനം കൂടി കാഴ്ചവെക്കുകയാണെങ്കിൽ ഓഹരിയുടെ വിപണി വില മുന്നേറാനുള്ള സാഹചര്യവുമൊരുങ്ങും. അങ്ങനെയെങ്കിൽ നിക്ഷേപകർക്ക് മൂലധന വർധനയിലൂടെയുള്ള നേട്ടം കരഗതമാകാം എന്നതാണ് രണ്ടാമത്തെ നേട്ടം. അതായത് ബോണസ് ഇഷ്യൂവിലൂടെ നിക്ഷേപകർക്ക് ഇരട്ട നേട്ടത്തിനുള്ള സാധ്യതയുണ്ടെന്ന് സാരം.
ഫെബ്രുവരി 13 റെക്കോഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ള അക്സിത കോട്ടൺ ലിമിറ്റഡ് (ബോണസ് റേഷ്യോ - 1:10).
ഫെബ്രുവരി 14ന് റെക്കോഡ് തീയതി വരുന്ന ഡെൽഫി വേൾഡ് മണി ലിമിറ്റഡ് (ബോണസ് റേഷ്യോ - 2:1).
ഫെബ്രുവരി 19ന് റെക്കോഡ് തീയതി നിശ്ചയിച്ചിട്ടുള്ള ബേസൽ ഇന്റർനാഷണൽ ലിമിറ്റഡ് (ബോണസ് റേഷ്യോ - 1:1).
ഫെബ്രുവരി 27ന് റെക്കോഡ് തീയതി തീരുമാനിച്ചിട്ടുള്ള ഇൻഫോബീൻസ് ടെക്നോളജീസ് ലിമിറ്റഡ് (ബോണസ് റേഷ്യോ - 3:1).
ഈ തീയതികൾക്ക് മുമ്പ് ഓഹരികൾ കൈവശമുള്ളവർക്കായിരിക്കും ബോണസ് ഷെയർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കുക. അതേസമയം ഇത്തരം നടപടികൾ പലപ്പോഴും ഭാവി വളർച്ചയേയും സാമ്പത്തിക ഭദ്രതയെയും ഒക്കെ സൂചിപ്പിക്കുന്നതാണെങ്കിലും ഇതുമാത്രം നോക്കി നിക്ഷേപം നടത്താതെ, കമ്പനിയുടെ അടിസ്ഥാന വിവരങ്ങളും (ഫണ്ടമെന്റൽസ്) അവയുടെ ബിസിനസ് മോഡലിന്റെ ഭാവിയിലുള്ള പ്രസക്തിയുമൊക്കെ പരിശോധിച്ചശേഷം തീരുമാനമെടുക്കുന്നതാണ് ഉചിതം.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine