

താരതമ്യേന വലിയ കമ്പനികളുടെ പ്രാഥമിക പൊതുഓഹരി വിൽപന (ഐപിഒ) അരങ്ങേറുന്ന മെയിൻ ബോർഡ് വിഭാഗത്തിൽ രണ്ട് കമ്പനികളുടെ ഐപിഒ ആണ് ഇപ്പോൾ അരങ്ങേറുന്നത്. ഫ്രാക്ടൽ അനലിറ്റിക്സ് ഐപിഒ, ആയേ ഫിനാൻസ് ഐപിഒ എന്നിവയാണത്. രണ്ട് മെയിൻ ബോർഡ് ഐപിഒകളും ഇന്ന് (2026 ഫെബ്രുവരി 9) ആരംഭിച്ച പശ്ചാത്തലത്തിൽ, ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് കൈമാറ്റം നടക്കുന്ന അനൗദ്യോഗിക വിപണിയിൽ (ഗ്രേ മാർക്കറ്റ്) നിന്നും ലഭിക്കുന്ന സൂചനകൾ എന്തൊക്കെ? വിശദമായി നോക്കാം.
വലിയ ബിസിനസ് സ്ഥാപനങ്ങൾക്ക് ആവശ്യമായ എന്റർപ്രൈസ് എഐ, ഡേറ്റ അനലിറ്റിക്സ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഫ്രാക്ടൽ അനലിറ്റിക്സ് ലിമിറ്റഡ്. 2000-ത്തിലാണ് കമ്പനിയുടെ തുടക്കം. ഫ്രാക്ടൽ.എഐ എന്ന വിഭാഗത്തിൽ ഏജന്റിക് എഐ പ്ലാറ്റ്ഫോമിലൂടെ നൽകുന്ന ആർട്ടിഫിഷ്യൽ അധിഷ്ഠിത സേവനങ്ങളും ഫ്രാക്ടൽ ആൽഫ എന്ന വിഭാഗത്തിൽ സ്റ്റാൻഡ്എലോൺ എഐ സേവനങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രൊമോട്ടറുടെ കൈവശം കമ്പനിയുടെ 18.19 ശതമാനം ഓഹരി വിഹിതമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഫ്രാക്ടൽ അനലിറ്റിക്സ് നേടിയ വരുമാനം 2,816.20 കോടി രൂപയും അറ്റാദായം 220.60 കോടി രൂപയും വീതമാകുന്നു.
അതേസമയം ഐപിഒയിലൂടെ 2,834 കോടി രൂപ സമാഹരിക്കാനാണ് ഫ്രാക്ടൽ അനലിറ്റിക്സ് ലക്ഷ്യമിടുന്നത്. പുതിയ ഓഹരികൾ അനുവദിക്കുന്ന ഫ്രഷ് ഇഷ്യൂ മുഖേന 1,023 കോടി രൂപയും നിലവിലുള്ള നിക്ഷേപകർ കൈമാറുന്ന ഓഹരികളിലൂടെ ഒഎഫ്എസ് രീതി മുഖേന 1,810 കോടി രൂപ വീതവുമാകും സമാഹരിക്കുക. ഫെബ്രുവരി 9 മുതൽ 11 വരെയുള്ള ഐപിഒയിലൂടെ ഫ്രാക്ടൽ അനലിറ്റിക്സ് ഓഹരികൾ നേടുന്നതിനായി 857-900 രൂപ പ്രൈസ് ബാൻഡിൽ 16 ഓഹരികളുടെ ഗുണിതങ്ങളായി (ലോട്ട്) വേണം അപേക്ഷിക്കേണ്ടത്. ബിഎസ്ഇ, എൻഎസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 16നാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെടുക.
ഐപിഒയുടെ ആദ്യ ദിവസമായ ഇന്ന് ഉച്ച വരെയുള്ള റിപ്പോർട്ട് പ്രകാരം ഫ്രക്ടൽ അനലിറ്റിക്സ് ഐപിഒയിലേക്ക് 0.07 ശതമാനം ഓഹരികൾക്കുള്ള അപേക്ഷകളെ (ബിഡ്ഡിങ്) എത്തിയിട്ടുള്ളൂ. ഫ്രാക്ടൽ അനലിറ്റിക്സ് ഓഹരിയുടെ നിലവിലെ പ്രീമിയം (ഐപിഒയിലെ ഇഷ്യൂ വിലയേക്കാളും അധികമായുള്ള വില) അഥവാ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) 17 രൂപയാണ് ഇതുസംബന്ധിച്ച പോർട്ടലുകളിൽ കുറിക്കുന്നത്. ഫ്രാക്ടൽ അനലിറ്റിക്സ് ഐപിഒയുടെ തീയതികൾ പ്രഖ്യാപിച്ച വേളയിലുള്ളതിനേക്കാളും താഴെയാണിത്. ഇപ്പോഴുള്ള പ്രീമിയം എങ്കിലും ലിസ്റ്റിങ് ദിനം വരെ നിലനിർത്താൻ സാധിക്കുന്നില്ലെങ്കിൽ ലിസ്റ്റിങ് നേട്ടത്തിനുള്ള സാധ്യതയും കുറവാണെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്.
ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കുള്ള വിവിധതരം ബിസിനസ് ലോണുകളും ഭൂമി പണയപ്പെടുത്തിയുള്ള പ്രോപ്പർട്ടി ലോണുകളും ഉൾപ്പെടെയുള്ള ബാങ്കിങ് ഇതര ധനകാര്യ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ആയേ ഫിനാൻസ് ലിമിറ്റഡ്. 1993-ലാണ് ഈ കമ്പനിയുടെ തുടക്കം. നിലവിൽ 18 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 5.86 ലക്ഷം സജീവ ഉപയോക്താക്കളും 5,700-ലധികം ജീവനക്കാരും കമ്പനിക്ക് കീഴിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ആയേ ഫിനാൻസ് നേടിയ വരുമാനം 1,504.99 കോടിയും അറ്റാദായം 175.25 കോടിയും വീതമാണ് രേഖപ്പെടുത്തിയത്.
അതേസമയം ഫെബ്രുവരി 9 മുതൽ 11 വരെയാണ് ആയേ ഫിനാൻസ് ഐപിഒ അരങ്ങേറുക. ഫ്രഷ് ഇഷ്യൂ മുഖേന 710 കോടിയും ഒഎഫ്എസ് മുഖേന 300 കോടിയും ഉൾപ്പെടെ 1,010 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഓഹരിയുടെ പ്രൈസ് ബാൻഡ് 122-129 രൂപ നിലവാരത്തിൽ നിശ്ചയിച്ചു. ഫെബ്രുവരി 16-ന് ബിഎസ്ഇ, എൻഎസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ആയേ ഫിനാൻസ് ഓഹരി ലിസ്റ്റ് ചെയ്യും.
ഐപിഒയുടെ ആദ്യ ദിവസമായ ഇന്ന് ഉച്ച വരെ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ആയേ ഫിനാൻസ് ഐപിഒയിലേക്ക് 0.05 ശതമാനം ഓഹരികൾക്കുള്ള ബിഡ്ഡിങ് മാത്രമേ എത്തിയിട്ടുള്ളൂ. നിലവിൽ ആയേ ഫിനാൻസ് ഐപിഒയുടെ ഓഹരികൾക്ക് ഗ്രേ മാർക്കറ്റ് പ്രീമീയമില്ല. കഴിഞ്ഞയാഴ്ച ഐപിഒയുടെ തീയതി പ്രഖ്യാപിച്ചപ്പോൾ 5 രൂപ നിലവാരത്തിൽ ഓഹരികൾക്ക് പ്രീമിയം രേഖപ്പെടുത്തിയതായിരുന്നു. നിലവിലെ പോലെ ജിഎംപി ട്രെൻഡ് തുടരുകയാണെങ്കിൽ ആയേ ഫിനാൻസ് ഐപിഒയിൽ ലിസ്റ്റിങ് നേട്ടത്തിന് സാധ്യത തീരെ കുറവാണെന്നും മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഐപിഒ നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഐപിഒ നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine