

പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ ലിമിറ്റഡിന്റെ (BSE: 544632, NSE: MEESHO) ഓഹരിയിൽ തുടർച്ചയായ എട്ടാം വ്യാപാര ദിനത്തിലും ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച 6 ശതമാനം നഷ്ടത്തോടെ 164.88 രൂപയിലാണ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ മേയ് 22-ന് 199 രൂപയിൽ ക്ലോസിങ് കുറിച്ച മീഷോ ഓഹരി പീന്നിടുള്ള ദിവസങ്ങളിൽ ഇടിവ് നേരിട്ടതോടെ മൊത്തം വിപണി മൂല്യത്തിൽ 16.6 ശതമാനം കുറവുണ്ടായി.
ഏകദേശം 15,000 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ രേഖപ്പെടുത്തുന്നത്. 2025 ഡിസംബറിൽ ഐ.പി.ഒ നടപടികൾ പൂർത്തിയാക്കി വിപണിയിൽ അരങ്ങേറ്റം കുറിച്ച മീഷോ ഓഹരിയെ സംബന്ധിച്ച്, ലിസ്റ്റിങ്ങിനുശേഷം നേരിടുന്ന ഏറ്റവും കനത്ത തിരിച്ചടിയുമാണിത്.
ഐ.പി.ഒയ്ക്ക് മുമ്പ് കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയിട്ടുള്ള ആദ്യകാല നിക്ഷേപകർക്ക് (പ്രൈവറ്റ് ഇക്വിറ്റി/ വെഞ്ച്വർ ക്യാപിറ്റൽ തുടങ്ങിയ), ലിസ്റ്റിങ് വേളയിൽ ബാധകമായിരുന്ന ലോക്ക്-ഇൻ കാലാവധി അവസാനിക്കുന്നതിന് (lock-in expiry) മുന്നോടിയായുള്ള വിൽപ്പന സമ്മർദമാണ് മീഷോ ഓഹരിയിൽ ഇപ്പോൾ പ്രതിഫലിക്കുന്നതെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
മീഷോ കമ്പനിയിൽ ഐപിഒയ്ക്ക് മുന്നെയുണ്ടായിരുന്ന ഓഹരി പങ്കാളിത്തത്തിന്റെ ഏകദേശം 68 ശതമാനവും 2026 ജൂൺ 9-ന് ലോക്ക്-ഇൻ കാലാവധി അവസാനിക്കുകയാണ്. ഇതിലൂടെ ഏകദേശം 54,000 കോടി രൂപ മൂല്യമുള്ള ഓഹരികൾക്ക് ജൂൺ 10 മുതൽ വിൽക്കുന്നതിലുള്ള വിലക്ക് നീങ്ങിക്കിട്ടും. അതേസമയം കമ്പനിയുടെ പ്രൊമോട്ടറുടെ കൈവശമുള്ള 20 ശതമാനം ഓഹരി വിഹിതത്തിനുള്ള വിൽപ്പന വിലക്ക് 2027 ജൂൺ 9 വരെ തുടരും.
മുൻകാല ചരിത്രം പരിശോധിച്ചാൽ, ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പുതുതലമുറ ടെക് ന്യൂ-ഏജ് ടെക് (new-age technology) കമ്പനികൾക്ക്, അവയുടെ ഐ.പി.ഒ വേളയിൽ ബാധകമായിരുന്ന ലോക്ക്-ഇൻ കാലാവധി കഴിഞ്ഞതിനുശേഷം ഗണ്യമായ വിൽപ്പന സമ്മർദം നേരിടുന്നതായും ഇക്കാലയളവിൽ ഓഹരി വില താഴേക്കിറങ്ങാനുള്ള പ്രവണത പ്രകടമാക്കിയിട്ടുള്ളതായും കാണാം.
കഴിഞ്ഞ ഒരു മാസക്കാലയളവിനിടെ മീഷോ ഓഹരിയിൽ 24 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. 220 രൂപ നിലവാരത്തിൽ നിന്നിരുന്ന ഓഹരിയാണ് ഇപ്പോൾ 165 രൂപ നിലവാരത്തിലേക്ക് എത്തിച്ചേർന്നത്. അതേസമയം ഇക്കഴിഞ്ഞ മാർച്ച് സാമ്പത്തിക പാദത്തിൽ മീഷോ കമ്പനി താരതമ്യേന മികച്ച പ്രവർത്തനഫലമാണ് കാഴ്ചവെച്ചത്. ലാഭത്തിലേക്ക് എത്തിയില്ലെങ്കിലും വരുമാനത്തിൽ വൻ വളർച്ചയും നഷ്ടം ഗണ്യമായി ചുരുക്കാനും കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഓഹരിയിൽ കാണപ്പെടുന്ന ബെയറിഷ് ട്രെൻഡ്, അടിസ്ഥാനപരമായ ഘടകങ്ങളേക്കാൾ സെന്റിമെന്റ്സ് അധിഷ്ഠിതമാണെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine