

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയ (BSE: 532822, NSE: IDEA) ഓഹരിയിൽ ഇന്ന് (2026 ഫെബ്രുവരി 9) മികച്ച മുന്നേറ്റം. തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ചതു മുതൽ ഉണർവ് പ്രകടമാക്കുന്ന ഈ ടെലികോം ഓഹരി, രാവിലത്തെ ആദ്യ സെഷനിൽ 4 ശതമാനത്തിലേറെ വർധനയോടെ 11.61 രൂപയിലേക്ക് മുന്നേറി. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിൽ തുടർച്ചയായി നേരിട്ട തിരിച്ചടികൾക്കു ശേഷമാണ് വൊഡാഫോൺ ഐഡിയ ഓഹരി ഇപ്പോൾ നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
വൊഡാഫോൺ ഐഡിയയുടെ പ്രൊമോട്ടർമാരിലൊന്നായ കുമാർ മംഗളം ബിർള, കഴിഞ്ഞ വ്യാപാര ആഴ്ചയിൽ ഓപ്പൺ മാർക്കറ്റിൽ നിന്നും കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയെന്ന വാർത്ത പുറത്തുവന്നതാണ് മുന്നേറ്റത്തിലേക്ക് നയിച്ച ഒരു ഘടകം. ജനുവരി 30-നും ഫെബ്രുവരി ഒന്നിനും രണ്ട് തവണയായി മൊത്തം 4.09 കോടി ഓഹരികളാണ് കുമാർ മംഗളം ബിർള വാങ്ങിക്കൂട്ടിയത്.
ഇതിൽ ജനുവരി 30-ന് ശരാശരി 10.95 രൂപ വിലയിലും ഫെബ്രുവരി ഒന്നിന് ശരാശരി 11.13 രൂപ നിരക്കിലുമാണ് വൊഡാഫോൺ ഐഡിയ ഓഹരികൾ അദ്ദേഹം വാങ്ങിയത്. ഇത് കമ്പനിയുടെ മൊത്തം ഓഹരി വിഹിതത്തിന്റെ 0.03 ശതമാനമാണ്. ഇതിന് മുൻപ് 2025 ഡിസംബറിലും വൊഡാഫോൺ ഐഡിയയുടെ 1.94 കോടി ഓഹരികൾ (0.02% വിഹിതം) കുമാർ മംഗളം ബിർള ഓപ്പൺ മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്നു. കമ്പനിയുടെ പ്രൊമോട്ടർ ഓഹരികൾ വാങ്ങുന്നതിനെ പൊതുവിൽ പോസീറ്റീവ് ഘടകമായാണ് കണക്കാക്കുന്നത്.
കടുത്ത സാമ്പത്തിക വെല്ലുവിളി ഒരുവശത്ത് നേരിടുമ്പോഴും കമ്പനിയുടെ ഭാവി വികസനത്തിനായി അടുത്ത മൂന്ന് വർഷത്തിനിടെ 45,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വൊഡാഫോൺ ഐഡിയയുടെ നേതൃത്വം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഗണ്യമായ ഭാഗവും അടുത്ത 12 മുതൽ 18 മാസത്തിനകം നിക്ഷേപിക്കും. ടെലികോം ശൃംഖല ശക്തിപ്പെടുത്തുന്നതിനും നിലവിലെ ഉപയോക്താക്കളെ പിടിച്ചുനിർത്തുന്നതിനൊപ്പം പുതിയ വരിക്കാരെ ആകർഷിക്കുന്നതിനായി മാർക്കറ്റിങ് തന്ത്രം മെച്ചപ്പെടുത്തുമെന്നും മാനേജ്മെന്റ് സൂചിപ്പിച്ചു.
കമ്പനിയുടെ വരുമാനത്തിൽ ഇരട്ടയക്ക നിരക്കിലുള്ള വളർച്ച കൈവരിക്കുമെന്നും 2029 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ പ്രവർത്തനലാഭം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നും വൊഡാഫോൺ ഐഡിയയുടെ നേതൃത്വം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ പ്രവർത്തനഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വളർച്ചയെ ത്വരിതപ്പെടുത്തുന്ന വമ്പൻ നിക്ഷേപ പദ്ധതിയുടെ രൂപരേഖ അനാവരണം ചെയ്തത്. ജനുവരി 27-ന് ശേഷം ഇതുവരെയായി വൊഡാഫോൺ ഐഡിയ ഓഹരിയിൽ 20 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine