21 മാസത്തിനിടയിലെ ഏറ്റവും വലിയ വീഴ്ച; ₹12 ലക്ഷം കോടി നഷ്ടമായി; വിപണിയിലെ കൂട്ടത്തകർച്ചയ്ക്ക് പിന്നിൽ?

പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികകളിൽ മൂന്ന് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 12 ലക്ഷം കോടി രൂപയുടെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 21 മാസത്തിനിടയിൽ ഇന്ത്യൻ വിപണിയിൽ നേരിട്ട ഏറ്റവും വലിയ പ്രതിദിന വീഴ്ചയാണിത്.
market crash
canva
Published on

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് (2026 മാർച്ച് 19) കനത്ത ഇടിവ്. പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികകളിൽ മൂന്ന് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. എല്ലാ ഓഹരി വിഭാ​ഗങ്ങളും തകർച്ച നേരിട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളുടെ വീഴ്ചയിൽ, വ്യാഴാഴ്ച രാവിലെ നഷ്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തിൽ പോലും തിരികെ കയറാനുള്ള കാര്യമായ ശ്രമമോ താത്പര്യമോ വിപണിയിൽ കാണാനായില്ല. ഒടുവിൽ കനത്ത തകർച്ചയോടെ തന്നെ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 12 ലക്ഷം കോടി രൂപയുടെ കുറവ് രേഖപ്പെടുത്തി.

വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ എൻ.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി 776 പോയിന്റ് (-3.26%) ഇടിഞ്ഞ് 23,002 നിലവാരത്തിലാണ് ക്ലോസിങ് കുറിച്ചത്. ബി.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ സെൻസെക്സ് 2,497 പോയിന്റ് (-3.26%) താഴേക്കിറങ്ങി 74,207-ൽ വ്യാപാരം അവസാനിപ്പിച്ചു. എൻ.എസ്.ഇയിലെ ബാങ്കിം​ഗ് വിഭാ​ഗം ഓഹരികളുടെ പൊതുസൂചികയായ ബാങ്ക് നിഫ്റ്റി 1,875 പോയിന്റ് (-3.39%) താഴ്ന്ന് 53,451-ൽ ക്ലോസിങ് രേഖപ്പെടുത്തി. കഴിഞ്ഞ 21 മാസത്തിനിടയിൽ ഇന്ത്യൻ വിപണിയിൽ നേരിട്ട ഏറ്റവും വലിയ പ്രതിദിന വീഴ്ചയാണിത്.

വിശാല വിപണിയിലും ആഘാതം

ബി.എസ്.ഇ.യിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 4,404 ഓഹരികളാണ്. ഇതിൽ 1,065 എണ്ണമാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. 3,180 ഓഹരികളും നഷ്ടത്തിൽ ക്ലോസിങ് കുറിച്ചു. 161 ഓഹരികളുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. ഇന്നത്തെ വ്യാപാരത്തിനിടെ 368 ഓഹരികളുടെ വില 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലയിലേക്ക് പതിച്ചു. അതുപോലെ 204 ഓഹരികൾ ഇന്നത്തെ വ്യാപാരത്തിനിടെ വാങ്ങാൻ ആളില്ലാത്തതിനാൽ ലോവർ സർക്യൂട്ട് നിലവാരത്തിലാണ് ക്ലോസിങ് കുറിച്ചത്. ചുരുക്കത്തിൽ അടിസ്ഥാന ഓഹരി സൂചികകൾക്ക് പുറമെ വിശാല വിപണിയിലും തിരിച്ചടിയുടെ ആഘാതം ഏറ്റിട്ടുണ്ടെന്ന് സാരം.

വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് (VIX) സൂചിക 22% കുതിച്ചുയർന്ന് 23 നിലവാരത്തിലേക്ക് എത്തിച്ചേർന്നു. നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചിക 2.94% നഷ്ടം കുറിച്ചു. നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 3.19% താഴേക്ക് വീണു. എൻഎസ്ഇയുടെ പ്രധാനപ്പെട്ട എല്ലാ ഓഹരി വിഭാ​ഗം സൂചികകളും (Sectoral Indices) ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ 4 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. നിഫ്റ്റി ഫിനാൻഷ്യൽ, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി റിയാൽറ്റി, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 3 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.

എന്തുകൊണ്ട് കനത്ത ഇടിവ്?

ക്രൂഡോയിൽ വിലക്കയറ്റം മുതൽ ഫെഡ് റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച കാഴ്ചപ്പാട് വരെയുള്ള പ്രധാനപ്പെട്ട ആറ് ഘടകങ്ങളുടെ ഒത്തുചേർന്നുള്ള പ്രതികൂല സ്വാധീനമാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ ഒന്നേമുക്കാൽ വർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടിക്ക് കളമൊരുക്കിയത്.

1. ക്രൂഡോയിൽ വില 116 ഡോളർ മറികടന്നത്. ഖത്തറിന്റെ സർക്കാ‌ർ ഉടമസ്ഥതയിലുള്ള വമ്പൻ ​എൽ.എൻ.ജി സംസ്കരണ കേന്ദ്രത്തിനു നേരെ ഇറാൻ കനത്ത ആക്രമണം നടത്തിയതിന്റെ ആശങ്ക വിപണിക്ക് തിരിച്ചടിയേകി. യു.എ.ഇയിലെ പ്രകൃതി വാതക കേന്ദ്രം അടച്ചിട്ടു. പശ്ചിമേഷ്യയിലെ പെട്രോളിയം സമ്പന്ന മേഖല അശാന്തമായി തുടരുന്നതും ഹോർമുസ് കടലിടുക്ക് വഴിയുള്ള ​കപ്പൽ ഗതാ​ഗതം നിശ്ചലമായതും വിപണിയിലെ ആഘാതം വർധിപ്പിച്ചു.

2. ഫെഡിന്റെ പണപ്പെരുപ്പ ആശങ്ക: കഴിഞ്ഞ ദിവസം ചേർന്ന യോ​ഗത്തിൽ യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. കൂടാതെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെയും ക്രൂഡോയിൽ വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തിൽ പണപ്പെരുപ്പം ഉയരാമെന്ന ആശങ്കയും പങ്കുവെച്ചു. യു.എസിൽ പലിശ നിരക്ക് കുറയ്ക്കാത്തത് വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേയും പലിശ നിരക്ക് കുറയ്ക്കാതിരിക്കുന്നതിന് പ്രേരണയേകുന്ന ഘടകമാണ്.

3. എച്ച്.‍‍ഡി.എഫ്.സി ബാങ്ക് ഓഹരികളിലെ തകർച്ച: പാർട്ട്-ടൈം ചെയർമാൻ അതനു ചക്രവർത്തി ബാങ്കിൽ നിന്നും അപ്രതീക്ഷിതമായി രാജിവെച്ചതോടെ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളിൽ കനത്ത തിരിച്ചടിയേകി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദഹം പറഞ്ഞത്. എന്നിരുന്നാലും രാജിക്കത്തിൽ ബാങ്കിന്റെ ചില നടപടികളും തന്റെ മൂല്യങ്ങളും തമ്മിൽ ഒത്തുപോകുന്നില്ലെന്ന് പറഞ്ഞത് വിപണി ​ഗൗരവതരമായി കണക്കിലെടുത്തു. ഇന്നത്തെ വ്യാപാരത്തിനൊടുവിൽ 5% തിരിച്ചടി നേരിട്ട് 800 രൂപ നിലവാരത്തിലാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി ക്ലോസിങ് കുറിച്ചത്.

4. ആ​ഗോള വിപണികളിലും ഇടിവ്. ഇത് ഇന്ത്യൻ വിപണിയിലും നഷ്ടത്തിൽ വ്യാപാരം തുടങ്ങാൻ ഇടയാക്കി. തുടർന്നും പോസിറ്റീവ് ഘടകങ്ങളുടെ അഭാവം വിപണിയെ വീണ്ടും താഴേക്ക് തള്ളിയിട്ടു.

5. വിദേശ നിക്ഷേപകരുടെ കനത്ത വിൽപ്പന സമ്മർദം. തുടർച്ചയായ 14-ാം വ്യാപാര ദിനത്തിലും വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) ഇന്ത്യൻ ഓഹരികൾ വിറ്റൊഴിവാക്കി.

6. രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ. വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ യു.എസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം 92.63 നിലവാരത്തിലേക്ക് താഴ്ന്നു. ഇതുവരെയുള്ള ചരിത്രത്തിലെ താഴ്ന്ന നിലവാരമാണിത്. രൂപയുടെ മൂല്യം കുറയുന്നത് വിദേശ നിക്ഷേപകരുടെ വിൽപ്പനയ്ക്ക് പ്രേരണയേകുന്ന ഘടകമാണ്.

ഓഹരി വിപണി നാളെ പ്രവർത്തിക്കും

ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) പ്രമാണിച്ച് കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നാളെയാണ് (മാർച്ച് 20) പൊതു അവധി നൽകിയിട്ടുള്ളതെങ്കിലും ഓഹരി വിപണികൾ വെളളിയാഴ്ച പ്രവർത്തിക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട ​സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവ ഈദുൽ ഫിത്തറിനുള്ള അവധി നൽകിയിട്ടുള്ളത് ശനിയാഴ്ചയാണ് (മാർച്ച് 21). എന്നിരുന്നാലും ഈ മാസം രണ്ട് ദിവസങ്ങളിൽ കൂടി അവധി കടന്നുവരുന്നുണ്ട്. മാർച്ച് 26 (രാമ നവമി), മാർച്ച് 31 (മഹാവീർ ജയന്തി) ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com