ഓഹരിയൊന്നിന് ₹656 വീതം 'കൈനീട്ടം' നൽകുന്നു; വമ്പൻ ഡിവിഡന്റ് പ്രഖ്യാപനവുമായി ഈ ഫാർമ കമ്പനി

525 രൂപ ഫൈനൽ ഡിവിഡന്റ് ഇനത്തിലും 131 രൂപ സ്പെഷ്യൽ ‍ഡിവിഡന്റ് ഇനത്തിലുമാണ് ഈ ഫാർമ കമ്പനി നൽകുന്നത്.
High dividend stock
Published on

നിക്ഷേപകരുടെ കീശ നിറയ്ക്കുന്ന വമ്പൻ പ്രഖ്യാപനവുമായി ബഹുരാഷ്ട്ര ഫാർമ കമ്പനി രം​ഗത്തെത്തി. കഴിഞ്ഞ ​ദിവസം പ്രസിദ്ധീകരിച്ച മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തന ഫലത്തിനൊപ്പമാണ്, ഈ മിഡ് ക്യാപ് കമ്പനിയുടെ 71,300-ഓളം വരുന്ന റീട്ടെയിൽ ഓഹരി ഉടമകൾക്ക് പ്രതിയോഹരി 656 രൂപ എന്ന വമ്പൻ തുക 'കൈനീട്ടമായി' പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫാർമ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഡിവിഡന്റ് പ്രഖ്യാപനവുമാണിത്. ഇതോടെ ഓഹരി മുന്നേറ്റത്തിന്റെ പാതയിലേക്കും മടങ്ങിയെത്തി. ഇവിടെ സൂചിപ്പിച്ചുവന്നത് ആബട്ട് ഇന്ത്യയെ (BSE: 500488, NSE: ABBOTINDIA) കുറിച്ചാണ്. ഈ ഓഹരിയുടെ ഡിവഡന്റ്, റെക്കോഡ് തീയതി സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ആകെ ഡിവിഡന്റ്: 656 രൂപ

2025-26 സാമ്പത്തിക വർഷത്തിലെ ഫൈനൽ ഡിവിഡന്റിനൊപ്പം സെപ്ഷ്യൽ ഡിവിഡന്റും കൂട്ടിച്ചേർത്താണ് പ്രതിയോഹരി 656 രൂപ വീതം ആബട്ട് ഇന്ത്യയുടെ ഓഹരി ഉടമകൾക്ക് വിതരണം ചെയ്യാൻ പോകുന്നത്. ഇതിൽ 525 രൂപ ഫൈനൽ ഡിവിഡന്റ് ഇനത്തിലും 131 രൂപ സ്പെഷ്യൽ ‍ഡിവിഡന്റ് ഇനത്തിലുമാണ് നൽകുന്നത്. എന്തായാലും ആബട്ട് ഇന്ത്യയുടെ നിക്ഷേപകർക്ക് ഡിവിഡന്റ് ഇനത്തിൽ ആകെ 656 രൂപ ലഭിക്കുമെന്ന് സാരം. അതേസമയം ഡിവിഡന്റ് ലഭിക്കാനുള്ള അർഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതിയായി 2026 ജൂലൈ 24 ആണ് നിശ്ചയിച്ചിരിക്കുന്നത്.

ആബട്ട് ഇന്ത്യ: ഡിവിഡന്റ് ചരിത്രം

എല്ലാ വർഷവും നിക്ഷേപകർക്ക് മുടങ്ങാതെ ഡിവിഡന്റ് നൽകുന്ന കമ്പനിയാണ് ആബട്ട് ഇന്ത്യ. താരതമ്യേന ഉയർന്ന പ്രതിയോഹരി ഡിവി‍ഡന്റ് നൽകുന്ന കമ്പനിയുമാണിത്. സമീപവർഷങ്ങളിലെ ചരിത്രം നോക്കിയാൽ വാർഷികമായി ഡിവിഡന്റ് തുക വർധിക്കുന്ന പ്രവണത തെളിഞ്ഞുകാണാം. 2025-ൽ പ്രതിയോഹരി 475 രൂപയും 2024-ൽ പ്രതിയോഹരി 410 രൂപ വീതവുമാണ് നിക്ഷേപകർക്ക് ഡിവിഡന്റ് കൈമാറിയിരുന്നത്. നിലവിൽ ആബട്ട് ഇന്ത്യ ഓഹരിയുടെ ഡിവി‍ഡന്റ് യീൽഡ് 1.75 ശതമാനം നിലവാരത്തിലാണുള്ളത്.

യു.എസ് ബഹുരാഷ്ട്ര ഫാർമ കമ്പനിയായ ആബട്ട് ലാബോറട്ടറീസിന്റെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ലി​സ്റ്റ് ചെയ്യപ്പെട്ട ഉപകമ്പനിയാണ് ആബട്ട് ഇന്ത്യ ലിമിറ്റഡ്. മുംബൈ കേന്ദ്രമാക്കി 1944-ലാണ് ഈ കമ്പനി സ്ഥാപിതമായത്. ഇന്ന് രാവിലെ 2.5 ശതമാനത്തിലധികം വർധനയോടെ 27,595 രൂപയിലേക്ക് വരെ ആബട്ട് ഇന്ത്യ ഓഹരി കുതിച്ചുയർന്നു. കഴിഞ്ഞ മാസം ഈ ഓഹരി 8% നേട്ടം രേഖപ്പെടുത്തിയിരുന്നു. മാർച്ച് സാമ്പത്തിക പാ​ദത്തിൽ ആബട്ട് ഇന്ത്യ കരസ്ഥമാക്കിയ വരുമാനം 1,710 കോടി രൂപയും പ്രവർത്തനലാഭം 481 കോടി രൂപയും വീതമാണ് കുറിച്ചത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com