ചൈനീസ് ഓഹരി വിപണി ബെയർ മാർക്കറ്റിലേക്ക്; ആശങ്കയിൽ ആഗോള നിക്ഷേപകർ, ഇന്ത്യൻ വിപണിയേയും ബാധിക്കുമോ?

ചൈനീസ് സർക്കാരിൽ നിന്നും സാമ്പത്തിക ഉത്തേജക പാക്കേജുകളെ കുറിച്ചുള്ള പ്രതീക്ഷ മങ്ങിയതും കോർപറേറ്റ് കമ്പനികളുടെ വരുമാനം ഇടിഞ്ഞതും ഉപഭോക്തൃ ഡിമാൻഡ് മെച്ചപ്പെടാത്തതുമാണ് പ്രധാന ആശങ്കകൾ
Chinese stocks fallen into bear market territory
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ചൈനീസ് ഓഹരി വിപണിയുടെ മൊത്തത്തിലുള്ള സാമ്പത്തികാരോഗ്യവും പ്രകടനവും അളക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്നായി ആഗോള നിക്ഷേപകർ കണക്കാക്കുന്ന സി.എസ്.ഐ-300 (CSI 300) എന്ന ബെഞ്ച്മാർക്ക് സൂചിക, ഇക്കഴിഞ്ഞ ജൂണിലെ ഉയർന്ന നിലവാരത്തിൽ നിന്ന് ഏകദേശം 20 ശതമാനത്തോളം ഇടിഞ്ഞതോടെ, ചൈനീസ് ഓഹരി വിപണി ബെയർ മാർക്കറ്റിലേക്ക് (മാന്ദ്യത്തിലേക്ക്) വഴിമാറുന്നു. യു.എസിലെ 'S&P 500' സൂചികയ്ക്ക് സമാനമായുള്ള ചൈനീസ് ഓഹരി സൂചികയാണ് സി.എസ്.ഐ-300.

അതേസമയം സർക്കാരിൽ നിന്നും ഉത്തേജക പാക്കേജുകൾ ലഭിക്കാനുള്ള പ്രതീക്ഷ മങ്ങിയതും, കമ്പനികളുടെ മോശം കോർപ്പറേറ്റ് വരുമാനവും, ആഗോള വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഓഹരികൾ നേരിട്ട വൻ വിൽപ്പന സമ്മർദവുമാണ് ചൈനീസ് ഓഹരി വിപണിയെ തകർച്ചയിലേക്ക് നയിച്ചത്. വിപണിയിൽ സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്നും വില 20 ശതമാനം താഴേക്ക് ഇറങ്ങുമ്പോഴാണ് 'ബെയർ മാർക്കറ്റ്' (bear market) അഥവാ വിപണിയിലെ തകർച്ചാ ഘട്ടം ആരംഭിച്ചതായി കണക്കാക്കുന്നത്.

ജാഗ്രത പാലിക്കേണ്ടതിന്റെ പ്രധാന കാരണങ്ങൾ:

ചൈനയുടെ മൂന്നാം പാദത്തിലെ സാമ്പത്തിക വളർച്ച, സർക്കാരിന്റെ വാർഷിക ലക്ഷ്യത്തിനുള്ളിൽ സമ്പദ്‌‍വ്യവസ്ഥയെ നിലനിർത്താൻ സഹായിച്ചു. ഇതോടെ നിക്ഷേപകർ പ്രതീക്ഷിച്ചിരുന്ന വലിയ തോതിലുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ (stimulus) ആവശ്യകത കുറയ്ക്കാൻ വഴിയൊരുക്കി. ഇത് ഓഹരി വിപണിക്ക് തിരിച്ചടിയായി.

  • ദുർബലമായ കോർപ്പറേറ്റ് വരുമാനം: ലോകത്തെ പ്രമുഖ ബാറ്ററി നിർമ്മാതാക്കളായ സി.എ.ടി.എൽ (CATL) ഉൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ പ്രവർത്തനഫലം നിക്ഷേപകരെ നിരാശരാക്കി. പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള ത്രൈമാസ കാലയളവിലെ ലാഭ വളർച്ചയെ തുടർന്ന് ബുധനാഴ്ച സി.എ.ടി.എൽ ഓഹരികളിൽ 12 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.

  • എഐ-വ്യാപാര ആശങ്കകൾ: ആഗോളതലത്തിൽ എഐ ഓഹരികളുടെ മൂല്യത്തിലുണ്ടായ ഇടിവുകളുടെ അലയൊലികൾ ചൈനീസ് ഓഹരി വിപണിയിലേക്കും വ്യാപിച്ചു.

  • ഉപഭോക്തൃ ഡിമാൻഡ് ഉയരുന്നില്ല: ഉപഭോക്തൃ മേഖലയിലെ നീണ്ടുനിൽക്കുന്ന മാന്ദ്യം ആഭ്യന്തര ഡിമാൻഡിനെ സാരമായി ബാധിച്ചിട്ടുണ്ട് എന്നതിന്റെ പുതിയ തെളിവുകൾ ഓഹരി വിപണിയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

സർക്കാർ ഇടപെടലും വിപണിയുടെ ഭാവിയും

സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓഹരി വാങ്ങലുകൾ ഉൾപ്പെടെയുള്ള അടിയന്തര നടപടികളിലൂടെ വിപണിയിലെ തകർച്ച തടയാനും ഓഹരികൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നത് ഒഴിവാക്കാനും ചൈനീസ് അധികൃതർ തീവ്രശ്രമം നടത്തിയിട്ടുണ്ട്.

എന്നിരുന്നാലും, കമ്പനികളുടെ വരുമാനത്തിൽ കാര്യമായ പുരോഗതി ഉണ്ടാവുകയോ, ഉപഭോക്തൃ ഡിമാൻഡ് ഉയർത്തുന്നതിനായി കൂടുതൽ ശക്തമായ സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുകയോ ചെയ്യാതെ ഇത്തരം താൽക്കാലിക പിന്തുണകൾ കൊണ്ട് മാത്രം ചൈനീസ് ഓഹരി വിപണിയിൽ സുസ്ഥിരമായൊരു തിരിച്ചുവരവ് സാധ്യമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യൻ വിപണിയെ സ്വാധീനിക്കുമോ?

ചൈനീസ് ഓഹരി വിപണിയിൽ നേരിടുന്ന വൻതോതിലുള്ള വിൽപ്പന സമ്മർദം പ്രാഥമികമായി ആ രാജ്യത്തെയാണ് ബാധിക്കുക എന്നതിനാൽ, ഇത് ഇന്ത്യൻ ഓ​ഹരി വിപണിയിൽ നേരിട്ടുള്ള വലിയ ആഘാതങ്ങൾക്ക് സാധ്യത കുറവാണ്.

എങ്കിലും, താഴെ പറയുന്ന പരോക്ഷമായ പ്രതിഫലനങ്ങൾ ഉണ്ടാകാമെന്നാണ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്:

  • വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്: ഏഷ്യൻ വിപണികളോടുള്ള നിക്ഷേപകരുടെ താൽപ്പര്യത്തിലുണ്ടാകുന്ന കുറവ്, ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ (Foreign Portfolio Flows) ഒഴുക്കിനെ സ്വാധീനിച്ചേക്കാം.

  • വ്യവസായ മേഖലകളിലെ ആഘാതം: അസംസ്‌കൃത വസ്തുക്കളുടെ (Commodities) വിലയിലുള്ള ഇടിവും ഇലക്ട്രിക് വാഹനം (EV), ബാറ്ററി വിതരണ ശൃംഖലകൾ നേരിടുന്ന പ്രതിസന്ധിയും ഇന്ത്യൻ വിപണിയിലെ ലോഹം (Metals), വാഹനം ഓട്ടോമൊബൈൽ, പുനരുപയോഗ ഊർജ (Renewable Energy) മേഖലകളിലെ ഓഹരികളെ ബാധിച്ചേക്കാവുന്ന കാര്യമാണെന്ന് വിദ​ഗ്ധർ സൂചിപ്പിച്ചു.

  • എഐ, സാങ്കേതികവിദ്യ ഓഹരികൾ: ആഗോളതലത്തിൽ എഐ മേഖലയിലെ നിക്ഷേപ മുൻഗണനകളിൽ വരുന്ന മാറ്റങ്ങൾ, ഇന്ത്യൻ ഐ.ടി, ടെക്നോളജി, സെമികണ്ടക്ടർ അനുബന്ധ കമ്പനികളുടെ പ്രകടനത്തെയും പരോക്ഷമായി സ്വാധീനിച്ചേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com