ഈ 2 കാര്യങ്ങളിലൊന്ന് സംഭവിക്കണം; എങ്കിലേ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തൂ; ക്രി​സ്റ്റഫർ വു‍ഡ്

ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപകർ തിരിച്ചുവരുന്നതിന് എഐ ട്രേഡ് പാരമ്യതയിലെത്തുകയോ അല്ലെങ്കിൽ ഇന്ത്യൻ ഓഹരികളിൽ വലിയ തിരുത്തൽ സംഭവിക്കുകയോ വേണമെന്ന് ക്രിസ്റ്റഫർ വുഡ്.
foreign investors
canva
Published on

കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) ഭാ​ഗത്തുനിന്നും ശക്തമായ വിൽപ്പന സമ്മർദമാണ് ഇന്ത്യൻ ഓഹരി വിപണി നേരിടുന്നത്. 2024 സെപ്റ്റംബറിനു ശേഷം ഇതുവരെയായി നാല് മാസങ്ങളിൽ മാത്രമാണ് വിദേശ നിക്ഷേപകർ അറ്റ വാങ്ങൽ (Net Buying) നടത്തിയിട്ടുളളത്. കഴിഞ്ഞ 10 മാസവും തുടർച്ചയായി അറ്റ വിൽപ്പനക്കാരുമായിരുന്നു. 2026 മാർച്ച് മാസത്തിൽ ഇതിനകം 16,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ സമീപകാലത്ത് ഇന്ത്യൻ വിപണിയുടെ നിറംമങ്ങിയ പ്രകടനത്തിന് പിന്നിൽ വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന സമ്മർദം ഒരു മുഖ്യ ഘടകമാണെന്ന് കാണാം. ഇതിനിടെയിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരണമെങ്കിൽ രണ്ട് കാര്യങ്ങൾ സംഭവിക്കണമെന്ന പ്രവചനവുമായി ആ​ഗോള നിക്ഷേപക സ്ഥാപനമായ ജെഫറീസിന്റെ ഇക്വിറ്റി സ്ട്രാറ്റജി വിഭാ​ഗം ​ഗ്ലോബൽ ഹെഡ് ആയ ക്രിസ്റ്റഫർ വുഡ് രം​ഗത്തെത്തിയത്. നിക്ഷേപകർക്ക് ​ഗ്രീഡ് & ഫിയർ എന്ന തലക്കെട്ടിൽ അയക്കുന്ന കത്തിലാണ് ഈ പരാമർശം.

1. എഐ ട്രേഡ് പാരമ്യതയിലെത്തണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സെമികണ്ടക്ടർ കമ്പനികളുടെ ഓഹരികളിലാണ് ആ​ഗോള നിക്ഷേപകർ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. തായ്‍വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികളുടെ പിന്നാലെയാണ്, താരതമ്യേന വേ​ഗത്തിലുള്ള നേട്ടം മോഹിച്ച് എഐ ട്രേഡിനായി വിദേശ നിക്ഷേപകർ പരക്കംപായുന്നത്. അതുകൊണ്ട് സെമികണ്ടക്ടർ വ്യവസായം വളർച്ചയുടെ സൂചന കാണിക്കുന്നിടത്തോളം വിദേശ നിക്ഷേപകർ, മികച്ച എഐ കമ്പനികൾ ധാരാളമുള്ള വിപണികളിലേക്ക് കൂടുതൽ നിക്ഷേപം വിന്യസിക്കുന്നതിനായി നീക്കിവെക്കും.

ചുരുക്കത്തിൽ സെമികണ്ടക്ടർ വ്യവസായ മേഖലയുടെ വളർച്ചയിൽ ഇടിവ് കാണിക്കുകയോ അല്ലെങ്കിൽ എഐ മുന്നേറ്റം അതിന്റെ പാരമ്യത്തിലെത്തി എന്ന പൊതുനി​ഗമനം രൂപപ്പെടുന്നതുവരെയോ ഇന്ത്യൻ വിപണിയിലേക്ക് വിദേശ സ്ഥാപന നിക്ഷേപകർ മടങ്ങി എത്തിയേക്കില്ല എന്നാണ് ക്രിസ്റ്റഫർ വുഡ് സൂചിപ്പിച്ചത്.

2. ഇന്ത്യൻ വിപണിയിൽ ശക്തമായ തിരുത്തൽ

സമീപകാലത്ത് ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും വാല്യൂവേഷന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിപണിയുടെ മൂല്യം നീതികരിക്കാവുന്ന നിലയിലേക്ക് എത്തിച്ചേർന്നിട്ടില്ല എന്നാണ് വിദേശ നിക്ഷേപകരുടെ നി​ഗമനം. കോവിഡിന് തൊട്ടുപിന്നാലെയുള്ള നാല് വർഷത്തോളം ഇന്ത്യൻ വിപണിയിൽ അതിശക്തമായ മുന്നേറ്റം ഉണ്ടായതാണ്. ഇതിനൊത്തവിധം കമ്പനികളുടെ വരുമാന വളർച്ചയിൽ വേ​ഗമില്ലെന്നതാണ് ഇവർ ഉന്നയിക്കുന്ന ആക്ഷേപം. അതിനാൽ ഇന്ത്യൻ വിപണിയിൽ ശക്തമായ തിരുത്തൽ നേരിട്ടാൽ ഓഹരികളുടെ വാല്യൂവേഷൻ നിലവാരം വീണ്ടും ആകർഷകമാകുകയും വിദേശ നിക്ഷേപകർ മടങ്ങിയെത്തുമെന്നും ആണ് ക്രി​സ്റ്റഫർ വു‍ഡ് ചൂണ്ടിക്കാട്ടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com