നിക്ഷേപകരോട് സി ജെ ജോര്‍ജിന്റെ ഉപദേശം: ''ക്ഷമയോടെ കാത്തിരിക്കൂ, ചെറിയ തുകകളായി നിക്ഷേപം നടത്തൂ''

ക്ഷമയോടെ കാത്തിരിക്കുക. ഈ നാളുകളില്‍ ഓഹരി നിക്ഷേപകര്‍ക്ക് തനിക്ക് നല്‍കാനുള്ള സന്ദേശമിതാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സി ജെ ജോര്‍ജ്. ജിയോജിത് നിക്ഷേപകര്‍ക്ക് സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

''ഈ ഘട്ടത്തില്‍ പ്രത്യേകിച്ചൊരു നിക്ഷേപ ഉപദേശം നല്‍കാന്‍ ഞാന്‍ മുതിരുന്നില്ല. കാരണം, ഓഹരി വിപണിയുടെ ഹ്രസ്വ, ദീര്‍ഘകാല ഭാവികളും ഏത് തരം അസറ്റ് ക്ലാസിന്റെയും വാല്യുവേഷനും കൊറോണ വൈറസിന്റെ വ്യാപനത്തിനെയും നിയന്ത്രണത്തെയും ആശ്രയിച്ചാണിരിക്കുന്നത്,'' സി ജെ ജോര്‍ജ് പറയുന്നു.

ആഗോളതലത്തിലെ ഏത് ദുരന്തങ്ങളിലും വിപണി എത്രമാത്രം ഇടിഞ്ഞോ അതിലും വേഗത്തില്‍ തിരിച്ചുകയറുകയും ചെയ്തിട്ടുണ്ടെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ഈ ഘട്ടത്തില്‍ നമ്മുടെയും നമ്മുടെ സഹജീവികളുടെയും ജീവന്‍ സുരക്ഷിതമാക്കി വെയ്ക്കുക എന്നതാണ് പ്രധാനമെന്ന് സി ജെ ജോര്‍ജ് പറയുന്നു.

ക്ഷമയോടെ കാത്തിരിക്കുക. എത്ര കാലമെന്ന ചോദ്യത്തിന് വ്യക്തമായി ഇപ്പോള്‍ മറുപടി പറയാന്‍ പറ്റില്ല. എപ്പോഴും ഓര്‍മയില്‍ വെയ്‌ക്കേണ്ട നിയമം ഇതാണ്. വിജയകരമായ നിക്ഷേപത്തിന് ഒന്‍പത് മനുഷ്യരുടെ ക്ഷമയും ഒരു മനുഷ്യന്റെ ബുദ്ധിയുമാണ് വേണ്ടത്. സി ജെ ജോര്‍ജ് ഉപദേശിക്കുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആസ്തികളുടെ മൂല്യശോഷനം നിങ്ങള്‍ക്ക് മാത്രം സംഭവിച്ച കാര്യമല്ല. ലോകം മുഴുവന്‍ അത് നടന്നിട്ടുണ്ട്. വൈറസ് നിയന്ത്രണത്തിലാകുമ്പോള്‍ വിപണിയിലേക്ക് വന്‍ തോതിലും വളരെ വേഗത്തിലും ലിക്വിഡിറ്റി തിരിച്ചുവരും. ഓഹരി വിപണിയുടെ ഏറ്റവും താഴ്ന്ന തലത്തില്‍ നിക്ഷേപിക്കാന്‍ അവസരം എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. അതുകൊണ്ട് നിക്ഷേപിക്കാന്‍ ആഗ്രഹമുള്ളവര്‍ ചെറിയ ചെറിയ വിഹിതങ്ങളായോ എസ് ഐ പി ടോപ് അപ്പ് ചെയ്‌തോ നിക്ഷേപം നടത്തുക. വിപണി എന്നെ പഠിപ്പിച്ച വിവേക പൂര്‍ണമായ കാര്യമിതാണ്: സി ജെ ജോര്‍ജ് പറയുന്നു.

വിപണിയിലെ ചൂതാട്ടത്തില്‍ വീഴരുത്

''എനിക്ക് നിക്ഷേപകര്‍ക്ക് നല്‍കാനുള്ള മറ്റൊരു സുപ്രധാനമായ മറ്റൊരു ഉപദേശമുണ്ട്. ബ്രോക്കറേജ് തീരെ കുറച്ചും, സീറോ നിരക്കിലുമായി പലരും പലതും വാഗ്ദാനം ചെയ്‌തേക്കും. എനിക്ക് പറയാനുള്ളത് ഓഹരി വിപണിയിലെ ചൂതാട്ടത്തില്‍ നിങ്ങള്‍ പെട്ടുപോകരുത്. അത് നിങ്ങളുടെ സമ്പത്ത് നശിപ്പിക്കും. നിങ്ങള്‍ക്ക് ഇപ്പോള്‍ പഠിക്കാന്‍ ഏറെ സമയമുണ്ട്. രണ്ടാമതൊരു അഭിപ്രായം വേണമെന്നുണ്ടെങ്കില്‍ വിദ്ഗധരുടെ സഹായം തേടുക. എന്നിട്ട് ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കുക,'' സി ജെ ജോര്‍ജ് പറഞ്ഞു നിര്‍ത്തുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it