വിപണിയിലെ ക്ലോസിങ് ഓക്ഷന് ഇന്ന് അ​ഗ്നിപരീക്ഷ; പ്രതിമാസ ഡെറിവേറ്റീവ്സ് എക്സ്പയറി നിർണായകം

സെറ്റിൽമെന്റ് റിസ്ക്, ലിക്വിഡിറ്റി, വിലയിൽ അവസാന നിമിഷത്തെ ചാഞ്ചാട്ടം എന്നിവയാണ് പ്രധാന ആശങ്കകൾ
NSE Closing Auction Session Impact Anlaysis
പ്രതീകാത്മക ചിത്രം‌Image source: Canva/nseindia.com
Published on

വ്യാപാര ദിനത്തിന്റെ അവസാന ഘട്ടത്തിലെ ഓഹരി വില (Closing Price) കൃത്യമായി നിർണയിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓഹരി വിപണിയിൽ നടപ്പാക്കിയ 'ക്ലോസിങ് ഓക്ഷൻ സെഷൻ' (Closing Auction Session) സംവിധാനം ഇന്ന് (ഓ​ഗസ്റ്റ് 25) കടുപ്പമേറിയ വെല്ലുവിളി നേരിടുന്നു. ഓഗസ്റ്റ് സീരീസിലെ പ്രതിമാസ ഡെറിവേറ്റീവ്സ് കോൺട്രാക്ടുകളുടെ (Monthly F&O) എക്സ്പയറി ഇന്ന് എൻ.എസ്.ഇയിൽ അരങ്ങേറുന്ന പശ്ചാത്തലത്തിൽ, പുതിയ ക്ലോസിങ് സംവിധാനം വിപണിയിലെ ചാഞ്ചാട്ടങ്ങളെ എത്രത്തോളം പിടിച്ചുനിർത്തുമെന്നാണ് നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഓഗസ്റ്റ് 3-നാണ് വി.ഡബ്ല്യു.എ.പി (Volume-Weighted Average Price) രീതിക്ക് പകരമായി ഈ പുതിയ ക്ലോസിങ് ഓക്ഷൻ സമ്പ്രദായം രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെബി (SEBI) അവതരിപ്പിച്ചത്. ക്ലോസിങ് വിലയിലെ കൃത്രിമത്വം തടയുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സ്, സിംഗിൾ-സ്റ്റോക്ക് ഓപ്ഷനുകൾ, ഫിസിക്കൽ സെറ്റിൽമെന്റ് ഡെറിവേറ്റീവുകൾ എന്നിവയെല്ലാം ഒരേസമയം അവസാനിക്കുന്ന ഈ മാസത്തെ എക്സ്പയറി പുതിയ സംവിധാനത്തിന്റെ യഥാ‌ർത്ഥ കരുത്തു പരിശോധിക്കാൻ പോകുകയാണ്.

പ്രതിമാസ എക്സ്പയറി വ്യത്യാസപ്പെടുന്നത് എവിടെ?

പ്രധാനമായും ഇൻഡക്സ് ഡെറിവേറ്റീവുകൾ മാത്രം ഉൾപ്പെടുന്ന പ്രതിവാര എക്സ്പയറിയിൽ നിന്ന് വ്യത്യസ്തമായി, പ്രതിമാസ സൈക്കിളിൽ ഓഹരി (Single-Stock) അടിസ്ഥാനമാക്കിയുള്ള നിരവധി ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് കോൺട്രാക്ടുകൾ ഉൾപ്പെടുന്നു. ഇവിടെ ക്ലോസിങ് വിലയാണ് ഒരു പൊസിഷൻ ലാഭകരമാണോ നഷ്ടമാണോ എന്ന് അന്തിമമായി തീരുമാനിക്കുന്നത്. എഫ് & ഒ കോൺട്രാക്ടുകളിൽ (Stock F&O) അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയിൽ ഓക്ഷൻ സമയത്തുണ്ടാകുന്ന പെട്ടെന്നുള്ള വില വ്യതിയാനം (Sharp Swings) ആ കോൺട്രാക്ടുകളുടെ സെറ്റിൽമെന്റ് ഫലത്തെത്തന്നെ മാറ്റിമറിച്ചേക്കാം.

പ്രധാന വെല്ലുവിളികളും ആശങ്കകളും

  1. സെറ്റിൽമെന്റ് റിസ്ക്: ഓക്ഷന് തൊട്ടുമുമ്പ് നഷ്ടത്തിലായിരുന്ന ഒരു ഓഹരി പെട്ടെന്ന് ലാഭകരമാവുകയോ തിരിച്ചോ സംഭവിക്കാമെന്നത് വ്യാപാരികളെ ആശങ്കപ്പെടുത്തുന്നു.

  2. ഫിസിക്കൽ ഡെലിവറി: വിലയിലുണ്ടാകുന്ന അവസാന നിമിഷത്തെ മാറ്റങ്ങൾ കാരണം ഓഹരികൾ കൈമാറേണ്ടതോ പണം കണ്ടെത്തേണ്ടതോ ആയ പ്രതിസന്ധി ഉണ്ടായേക്കാം.

  3. ലിക്വിഡിറ്റി കുറവ്: പ്രൊപ്രൈറ്ററി ട്രേഡിംഗ് ഡെസ്കുകളും ഹൈ-ഫ്രീക്വൻസി ട്രേഡർമാരും ഓക്ഷൻ സമയത്ത് പിന്മാറിയത് വോളിയം കുറയാൻ കാരണമായി. ഇത് ആർബിട്രേജ് തന്ത്രങ്ങളെയും ബാധിച്ചിട്ടുണ്ട്.

കൂടാതെ, ലേല പ്രക്രിയയിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് ജെ.പി മോർഗന്റെ യൂണിറ്റ് ഉൾപ്പെടെ രണ്ട് സ്ഥാപനങ്ങളെ സെബി (SEBI) സമീപകാലത്ത് വിലക്കിയത് ഈ സംവിധാനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

സെബിയുടെ ഇടപെടൽ

ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി, ഓക്ഷൻ സമയത്തിന് ശേഷവും ഡെറിവേറ്റീവ് ട്രേഡിംഗ് നീട്ടാൻ (എഫ്&ഒ വിപണി 3:40PM വരെ തുടരും) സെബി അനുവാദം നൽകിയിട്ടുണ്ട്. വിപണി അടയ്ക്കുന്നതിന് മുമ്പ് അന്തിമ ക്ലോസിങ് വില വിലയിരുത്താനും ഡെലിവറി ബാധ്യതകൾ കൈകാര്യം ചെയ്യാനും ഇത് ട്രേ‍ഡർമാരെ സഹായിക്കും. ക്ലോസിങ് ഓക്ഷൻ സംവിധാനം വിപണിയിൽ എത്രത്തോളം വിജയകരമാകുമെന്ന് ഇന്ന് അരങ്ങേറുന്ന പ്രതിമാസ ഡെറിവേറ്റീവ്സ് എക്സ്പയറി ഫലങ്ങൾ വ്യക്തമാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com