

ഇന്ത്യയിലെ ഏറ്റവും വലിയ സെക്കൻഡറി അലുമിനിയം റീസൈക്ലിംഗ് കമ്പനിയായ സി.എം.ആർ ഗ്രീൻ ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാരംഭ പൊതു ഓഹരി വില്പന (IPO) ജൂൺ 3-ന് ആരംഭിക്കുന്നു. ജൂൺ 5 വരെ നിക്ഷേപകർക്ക് ഇതിന്റെ ഓഹരികൾക്കായി അപേക്ഷിക്കാം (ബിഡ് ചെയ്യാം). പ്രതിയോഹരി 182 രൂപ മുതൽ 192 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 78 ഓഹരികളുള്ള ഒരു ലോട്ടിന്, നിർദിഷ്ട പ്രൈസ് ബാൻഡിന്റെ ഉയർന്ന പരിധിയിൽ 14,976 രൂപയാണ് നിക്ഷേപിക്കേണ്ടത്. ജൂൺ 10-ന് ബി.എസ്.ഇ, എൻ.എസ്.ഇ എക്സ്ചേഞ്ചുകളിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും.
ഇന്ത്യയിലെ സെക്കൻഡറി അലുമിനിയം കാസ്റ്റ് അലോയ് വിപണിയിൽ ഏകദേശം 45 ശതമാനം വരെ വിപണി വിഹിതം കൈകാര്യം ചെയ്യുന്നത്, ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എം.ആർ ഗ്രീൻ ടെക്നോളജീസാണ്. രാജ്യത്തുടന്നീളമുള്ള 12 പ്ലാന്റുകളിലായി പ്രതിവർഷം 6,00,000 ടൺ സ്ക്രാപ്പ് പ്രോസസ്സ് ചെയ്യാനുള്ള ശേഷിയുണ്ട്. പ്രൈമറി അലുമിനിയം ഉത്പാദനത്തെ അപേക്ഷിച്ച് 90 ശതമാനം കുറഞ്ഞ ഊർജ്ജവും കുറഞ്ഞ കാർബൺ ബഹിർഗമനവും മാത്രമാണ് റീസൈക്ലിംഗിന് ആവശ്യമെന്നത്, ഇതിന്റെ പരിസ്ഥിതി അനുകൂല (ഇ.എസ്.ജി) പ്രസക്തി വർധിപ്പിക്കുന്നു.
പ്രധാനമായും ഓട്ടോമൊബൈൽ നിർമ്മാതാക്കൾക്കാണ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. മാരുതി, ഹ്യുണ്ടായ്, ടോയോട്ട, ഹോണ്ട, ഹീറോ തുടങ്ങിയ വമ്പന്മാരെല്ലാം സി.എം.ആർ ഗ്രീൻ ടെക്നോളജീസിന്റെ ഉപഭോക്താക്കളാണ്.
കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലായി സമ്മിശ്ര പ്രകടനമാണ്, സി.എം.ആർ ഗ്രീൻ ടെക്നോളജീസ് കാഴ്ചവെച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 5,890 കോടി രൂപയും അറ്റാദായം 105 കോടി രൂപയുമായിരുന്നു. 2023-24 സാമ്പത്തിക വർഷം: 5,968 കോടി രൂപ വരുമാനം നേടിയെങ്കിലും ചില അക്കൗണ്ടിംഗ് ക്രമീകരണങ്ങൾ നടത്തിയതു കാരണം 839 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
എന്നാൽ 2024-25 സാമ്പത്തിക വർഷം 6,697 കോടി രൂപയുടെ വരുമാനവും 155 കോടി രൂപ അറ്റാദായവും കൈവരിച്ചുകൊണ്ട്, സി.എം.ആർ ഗ്രീൻ ടെക്നോളജീസ് മികച്ച തിരിച്ചുവരവാണ് നടത്തിയത്. 2025-26 സാമ്പത്തിക വർഷം (9 മാസത്തെ കണക്ക്) കമ്പനിയുടെ വരുമാനം 6,291 കോടി രൂപയായും അറ്റാദായം 162.39 കോടി രൂപയായും ഉയർന്നു. എന്നിരുന്നാലും കമ്പനിയുടെ ലാഭ മാർജിൻ 2.59 ശതമാനത്തിൽ തുടരുകയാണെന്നത് ശ്രദ്ധിക്കേണ്ട ഘടകമാണെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
630.88 കോടി രൂപയുടെ സി.എം.ആർ ഗ്രീൻ ടെക്നോളജീസ് ഐ.പി.ഒ പൂർണമായും 'ഓഫർ ഫോർ സെയിൽ' (ഒ.എഫ്.എസ്) മുഖേനയാണ് നടത്തപ്പെടുന്നത്. അതായത് ഇത്തരത്തിൽ (ഒ.എഫ്.എസ്) സമാഹരിക്കപ്പെടുന്ന തുക നിലവിലുള്ള (ഐ.പി.ഒയ്ക്ക് മുന്നേയുള്ള) ഓഹരി ഉടമകൾക്കാണ് ലഭിക്കുക. ഇതോടെ കമ്പനിയുടെ വികസന ആവശ്യങ്ങൾക്കായുള്ള പുതിയ മൂലധനം ലഭിക്കുന്നില്ല (അതിനായി ഫ്രഷ് ഇഷ്യൂ ആണ് നടത്തേണ്ടത്).
ഈയൊരു സാഹചര്യത്തിൽ സി.എം.ആർ ഗ്രീൻ ടെക്നോളജീസിന്റെ പി.ഇ റേഷ്യോ വിലയിരുത്തുമ്പോൾ, ഐ.പി.ഒയിലേക്ക് നിശ്ചയിച്ച ഓഹരി വില, കമ്പനിയുടെ നിലവിലെ മൂല്യമതിപ്പിനെ (വാല്യൂവേഷൻ) ഏറെക്കുറെ പൂർണമായും ഉൾക്കൊണ്ടിരിക്കുന്നതാണെന്ന് (Fully priced) മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. അതായത് വാല്യൂവേഷൻ അടിസ്ഥാനത്തിൽ ഈ ഓഹരിയുടെ ആകർഷണീയത പരിമിതമാണെന്ന് സാരം.
ഐ.പി.ഒ നാളെ (ജൂൺ 3) ആരംഭിക്കാനിരിക്കവേ, അനൗദ്യോഗിക വിപണിയിൽ (Grey Market) ഓഹരിക്ക് വലിയ ഡിമാൻഡ് പ്രകടമാകുന്നുണ്ട്. ഇതിന്റെ ഗ്രേ മാർക്കറ്റ് പ്രീമിയം (ജി.എം.പി) കഴിഞ്ഞയാഴ്ച 18 രൂപയായിരുന്നത് ഇന്നലെയോടെ 42 രൂപയിലേക്കും ഇന്ന് രാവിലെ (ജൂൺ 2) 49 രൂപയിലേക്കും വരെ കുതിച്ചുയർന്നിട്ടുണ്ട്. അതായത് ഐ.പി.ഒയിലെ ഓഹരി വിലയേക്കാളും 49 രൂപ അധികം നൽകാൻ അനൗദ്യോഗിക വിപണിയിലെ ഇടപാടുകാർ തയ്യാറാണെന്ന് സാരം.
ഈ ഗ്രേ മാർക്കറ്റ് പ്രീമിയം സി.എം.ആർ ഗ്രീൻ ടെക്നോളജീസ് ഓഹരിയുടെ ലിസ്റ്റിങ് വേളയിൽ വരെ നിലനിർത്താൻ സാധിക്കുകയാണെങ്കിൽ, ഏകദേശം 25.5 ശതമാനം ലിസ്റ്റിംഗ് നേട്ടം ഈ ഐ.പി.ഒയിൽ നിന്നും ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ചുരുക്കം. അതേസമയം വലിയ റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകർ ഓഹരിയുടെ ലിസ്റ്റിംഗിന് ശേഷമുള്ള വിപണി ചലനങ്ങൾ കൂടി നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കുന്നതായിരിക്കും ഉചിതമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine