ലാഭവും വരുമാനവും കുറഞ്ഞു; ഈ കേരള കമ്പനി ഓഹരി ഇന്ന് ഇടിഞ്ഞത് 20%

എറണാകുളം ആലുവയിലെ എടയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെമിക്കല്‍ ഉത്പന്ന നിര്‍മ്മാതാക്കളായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന്റെ (Cochin Minerals and Rutile/CMRL) ഓഹരി വില ഇന്ന് 20 ശതമാനം ഇടിഞ്ഞു. ഇന്നലെ 339.8 രൂപയായിരുന്ന ഓഹരി വില ഇന്ന് വ്യാപാരാന്ത്യമുള്ളത് 271.85 രൂപയിലാണ്.

ഇടിവിന് പിന്നില്‍
സി.എം.ആര്‍.എല്ലിന്റെ ഏപ്രില്‍-ജൂണ്‍പാദ പ്രവര്‍ത്തനഫലം ഇന്നലെ പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 12.99 കോടി രൂപയെ അപേക്ഷിച്ച് ലാഭം കഴിഞ്ഞ പാദത്തില്‍ 2.27 കോടി രൂപയായി കുറഞ്ഞു. മൊത്ത വരുമാനം 109.86 കോടി രൂപയില്‍ നിന്ന് 67.53 കോടി രൂപയായി താഴ്ന്നിട്ടുമുണ്ട്.
ഇതാണ് നിക്ഷേപകരെ നിരാശപ്പെടുത്തിയത്. 2022-23ലെ ജൂണ്‍പാദത്തില്‍ വരുമാനം 99.17 കോടി രൂപയും ലാഭം 8.43 കോടി രൂപയുമായിരുന്നു.
സി.എം.ആര്‍.എല്‍
സിന്തറ്റിക് റൂട്ടൈല്‍, ഫെറിക് ക്ലോറൈഡ്, ടൈറ്റാനിയം ഡൈ-ഓക്‌സൈഡ് എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനിയായ സി.എം.ആര്‍.എല്ലിന് 1989ല്‍ തുടക്കമിട്ടത് മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍.ശശിധരനും ഡയറക്ടര്‍ മാത്യു എം. ചെറിയാനും ചേര്‍ന്നാണ്.
കഴിഞ്ഞ നവംബര്‍ 24 മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ 23 വരെയുള്ള കണക്കുപ്രകാരം മാത്രം മാത്യു എം. ചെറിയാന്‍ കമ്പനിയില്‍ തനിക്കുള്ള ഓഹരികളില്‍ നിന്ന് 2.10 ലക്ഷം ഓഹരികള്‍ വിറ്റൊഴിഞ്ഞിട്ടുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 6.105 ശതമാനത്തില്‍ നിന്ന് 3.55 ശതമാനമായും കുറഞ്ഞിരുന്നു.
സി.എം.ആര്‍.എല്ലും ഓഹരിയും
കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ സി.എം.ആര്‍.എല്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടം (Return) 138.26 ശതമാനമാണ്. 111.05 രൂപവരെയായിരുന്ന ഓഹരി വില ഇക്കാലയളവില്‍ 405 രൂപവരെയായാണ് ഉയര്‍ന്നത്. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വില 8.96 ശതമാനവും ഒരുമാസത്തിനിടെ 19.28 ശതമാനവും ഇടിഞ്ഞു. 212.86 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം (Market-Cap).
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it