'മാസപ്പടി' വിവാദത്തിനിടെ 80% ലാഭവിഹിത പ്രഖ്യാപനം; കുതിച്ച് സി.എം.ആര്‍.എല്‍ ഓഹരി

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വീണയുടെ കമ്പനി എക്‌സലോജിക്കിനും 'മാസപ്പടി' നല്‍കിയെന്ന വിവാദത്തിലകപ്പെട്ട 'കരിമണല്‍' കമ്പനി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സി.എം.ആര്‍.എല്‍/CMRL/COCHINM) 2022-23 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 80 ശതമാനം വീതം (ഒരു ഓഹരിക്ക് 8 രൂപ വീതം) ലാഭവിഹിതമാണ് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്.

സെപ്തംബര്‍ 15ന് നടക്കുന്ന വാര്‍ഷിക പൊതുയോഗം ശുപാര്‍ശ അംഗീകരിച്ചാല്‍ ഒക്ടോബര്‍ 14നകം ലാഭവിഹിതം വിതരണം ചെയ്യുമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ സി.എം.ആര്‍.എല്‍ വ്യക്തമാക്കി.
വീണയ്ക്കും എക്‌സലോജിക്കിനും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാസപ്പടിയായി മൊത്തം 1.72 കോടി രൂപ സി.എം.ആര്‍.എല്‍ നല്‍കിയെന്നും ലഭിക്കാത്ത സേവനത്തിനാണ് തുക കൈമാറിയതെന്നും ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് കണ്ടെത്തിയിരുന്നു. പണം നല്‍കിയെന്ന് സി.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയും വ്യക്തമാക്കിയിരുന്നു. ഇതോടെ കേരള രാഷ്ട്രീയത്തില്‍ ഇതേച്ചൊല്ലി വിവാദം പുകയുകയായിരുന്നു.
സി.എം.ആര്‍.എല്ലും ലാഭവും
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) സി.എം.ആര്‍.എല്‍ 808.52 ശതമാനം വളര്‍ച്ചയോടെ 56.42 കോടി രൂപയുടെ ലാഭവും 54.30 ശതമാനം വര്‍ദ്ധനയോടെ 447.78 കോടി രൂപയുടെ വരുമാനവും നേടിയ പശ്ചാത്തലത്തിലാണ് ഓഹരി ഒന്നിന് 80 ശതമാനം വീതം ലാഭവിഹിതം പ്രഖ്യാപിച്ചത്.
അതേസമയം, നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ കമ്പനിയുടെ ലാഭം ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 12.99 കോടി രൂപയില്‍ നിന്ന് 2.27 കോടി രൂപയിലേക്ക് ഇടിഞ്ഞിരുന്നു. മൊത്ത വരുമാനം 109.86 കോടി രൂപയില്‍ നിന്ന് 67.53 കോടി രൂപയായും കുറഞ്ഞു.
ഓഹരി വിലയില്‍ കുതിപ്പ്
ജൂണ്‍പാദത്തിലെ മോശം പ്രവര്‍ത്തനഫലം, മാസപ്പടി വിവാദം എന്നിവയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പൊതുവെ നഷ്ടത്തിലായിരുന്ന സി.എം.ആര്‍.എല്‍ ഓഹരികള്‍ ലാഭവിഹിത പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ന് കുതിച്ചുയര്‍ന്നു.
9.58 ശതമാനം നേട്ടത്തോടെ 236.95 രൂപയിലാണ് ബി.എസ്.ഇയില്‍ ഇന്ന് വ്യാപാരാന്ത്യം ഓഹരി വിലയുള്ളത്. കഴിഞ്ഞ ഒരുമാസത്തിനിടെ 34.37 ശതമാനവും മൂന്ന് മാസത്തിനിടെ 22.3 ശതമാനവും നഷ്ടം ഓഹരി ഉടമകള്‍ക്ക് നല്‍കിയിട്ടുള്ളവയാണ് സി.എം.ആര്‍.എല്‍ ഓഹരികള്‍.
കരിമണല്‍ കമ്പനി
'കരിമണല്‍ കമ്പനി' എന്ന് അറിയപ്പെടുന്ന സി.എം.ആര്‍.എല്ലിന് 1989ല്‍ തുടക്കമിട്ടത് മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയും ഡയറക്ടര്‍ മാത്യു എം. ചെറിയാനും ചേര്‍ന്നാണ്. സിന്തറ്റിക് റൂട്ടൈല്‍, ഫെറിക് ക്ലോറേഡ്, ടൈറ്റാനിയം ഡൈ-ഓക്‌സൈഡ് എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ആലുവ എടയാര്‍ ആസ്ഥാനമായുള്ള സി.എം.ആര്‍.എല്‍.
കമ്പനിയുടെ 22.04 ശതമാനം ഓഹരികള്‍ ശശിധരന്‍ കര്‍ത്തയുടെ കൈവശമാണ്. കാർത്തയുടെ ഭാര്യ, മകന്‍ എന്നിവര്‍ക്ക് യഥാക്രമം 4.94 ശതമാനം, 2.24 ശതമാനം എന്നിങ്ങനെ ഓഹരി പങ്കാളിത്തമുണ്ട്.
13.41 ശതമാനം ഓഹരികള്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) പക്കലാണ്. മാസപ്പടി വിവാദത്തില്‍ സി.എം.ആര്‍.എല്ലിനോട് കെ.എസ്.ഐ.ഡി.സി വിശദീകരണം തേടിയെന്ന് സൂചനകളുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it