Begin typing your search above and press return to search.
കോള്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ 178 ശതമാനം വര്‍ധന
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ അറ്റാദായത്തില്‍ 178 ശതമാനം വര്‍ധനവുമായി കോള്‍ ഇന്ത്യ ലിമിറ്റഡ് (Coal India Limited). 8,834 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ കോള്‍ ഇന്ത്യ നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 3,174 കോടി രൂപയായിരുന്നു. വരുമാനം മുന്‍വര്‍ഷത്തെ ജൂണ്‍ പാദത്തിലെ 23,293 കോടി രൂപയില്‍നിന്ന് 39 ശതമാനം ഉയര്‍ന്ന് 32,498 കോടി രൂപയിലെത്തി.
23,985 കോടി രൂപയാണ് ഇക്കാലയളവിലെ മൊത്തം ചെലവ്. ഉപഭോഗ സാമഗ്രികളുടെ വില മുന്‍വര്‍ഷത്തെ 1,843 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,057 കോടി രൂപയായി ഉയര്‍ന്നു. കരാര്‍ ചെലവ് മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 4,022 കോടി രൂപയില്‍ നിന്ന് 5,565 കോടി രൂപയായും ഉയര്‍ന്നു. വൈദ്യുതി ഉപഭോഗത്തിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം കാരണം ഇന്ധനക്ഷാമം നേരിട്ടപ്പോള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏകദേശം 154 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യ വിറ്റത്.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ഉല്‍പ്പാദനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 123.98 ദശലക്ഷം ടണ്ണില്‍ നിന്ന് 159.75 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനത്തിന്റെ 80 ശതമാനവും കോള്‍ ഇന്ത്യയുടെ സംഭാവനയാണ്. ഈ സാമ്പത്തിക വര്‍ഷം 700 ദശലക്ഷം ടണ്ണും 2023-24 ഓടെ ഒരു ബില്യണ്‍ ടണ്ണും ഉല്‍പ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
Next Story
Videos