പുതുവര്‍ഷ ഐപിഒയുമായി മോദി സര്‍ക്കാര്‍, എത്തുന്നത് കോള്‍ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനി; വില്പനയ്ക്ക് 46.57 കോടി ഓഹരികള്‍

പുതുവര്‍ഷ ഐപിഒയുമായി മോദി സര്‍ക്കാര്‍, എത്തുന്നത് കോള്‍ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനി; വില്പനയ്ക്ക് 46.57 കോടി ഓഹരികള്‍
Published on

പുതുവര്‍ഷത്തിലെ പ്രധാന മെയിന്‍ബോര്‍ഡ് ഐപിഒയ്ക്ക് തുടക്കം കുറിക്കാന്‍ കോള്‍ ഇന്ത്യ. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല കമ്പനിയായ കോള്‍ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയായ ഭാരത് കോക്കിംഗ് കോള്‍ (Bharat Coking Coal) ആണ് വിപണിയിലേക്ക് എത്തുന്നത്.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെ 46.57 കോടി ഓഹരികളാണ് വില്പനയ്ക്ക് എത്തുക. പ്രമോട്ടര്‍മാരായ കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്. വില്പനയ്ക്കുള്ളതില്‍ 2.32 കോടി ഓഹരികള്‍ കമ്പനിയിലെ ജീവനക്കാര്‍ക്കായി മാറ്റിവയ്ക്കും. ജനുവരി 13 വരെയാകും ഐപിഒ.

ജനുവരി 14ന് അലോട്ട്‌മെന്റ് നടക്കും. 16 മുതല്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. ഭാരക് കോക്കിംഗ് കോളിന്റെ 100 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരായ കോള്‍ ഇന്ത്യയുടെ കൈവശമാണ്. വില്പനയ്ക്കുള്ളതിന്റെ പകുതിയിലധികം ഓഹരികളും യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.

15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനും 35 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമായി വകയിരുത്തിയിട്ടുണ്ട്. 1972ല്‍ സ്ഥാപിതമായ മിനി രത്‌ന കമ്പനിയാണ് ഭാരത് കോക്കിംഗ് കോള്‍.

വലിയ ലാഭമുള്ള കമ്പനി

ജാര്‍ഖണ്ഡിലെയും ബംഗാളിലെയും കല്‍ക്കരി പാടങ്ങളില്‍ നിന്ന് ഖനനത്തിനും വിതരണത്തിനുമായി സ്ഥാപിക്കപ്പെട്ട കമ്പനിയാണിത്. 2025 സാമ്പത്തികവര്‍ഷം 40.50 മില്യണ്‍ കല്‍ക്കരിയാണ് കമ്പനി ഖനനം ചെയ്തത്. 34 കല്‍ക്കരി പാടങ്ങള്‍ കമ്പനിക്ക് ഉണ്ട്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,240.2 കോടി രൂപയായിരുന്നു ഭാരത് കോക്കിംഗ് കോളിന്റെ ലാഭം. മുന്‍ വര്‍ഷത്തെ 1,564 കോടി രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ 20.7 ശതമാനത്തിന്റെ കുറവ്. വരുമാനം 14,245.9 കോടിയില്‍ നിന്ന് 13,802.6 കോടി രൂപയായും കുറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com