റിലയന്‍സില്‍ നിന്നുള്ള വെല്ലുവിളി കഠിനം, കൊക്കകോള ഇന്ത്യ ഐപിഒ വരുന്നു; ലക്ഷ്യങ്ങള്‍ പലത്

ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 8,500-9,000 കോടി) സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ
റിലയന്‍സില്‍ നിന്നുള്ള വെല്ലുവിളി കഠിനം, കൊക്കകോള ഇന്ത്യ ഐപിഒ വരുന്നു; ലക്ഷ്യങ്ങള്‍ പലത്
Published on

ആഗോള ശീതളപാനീയ രംഗത്തെ മുമ്പന്മാരായ കൊക്കകോളയുടെ ഇന്ത്യന്‍ വിഭാഗം പ്രാഥമിക ഓഹരിവില്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. കൊക്കകോള ഇന്ത്യയുടെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ കൊക്കകോള ഹോള്‍ഡിംഗ്‌സ് കമ്പനിയുടെ ഐപിഒ 2027 ആദ്യം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പ്രാഥമിക നടപടിക്രമങ്ങള്‍ കമ്പനി ആരംഭിച്ചു.

ഹിന്ദുസ്ഥാന്‍ കൊക്കകോള ഹോള്‍ഡിംഗ്‌സ് ലിമിറ്റഡില്‍ കൊക്കകോളയ്ക്ക് 60 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്. 2025ല്‍ കമ്പനിയുടെ 40 ശതമാനം ഓഹരിപങ്കാളിത്തം ജൂബിലന്റ് ഭാര്‍തീയ ഗ്രൂപ്പ് (Jubilant Bhartia Group) സ്വന്തമാക്കിയിരുന്നു. 1997ലാണ് കൊക്കകോള ഇന്ത്യയില്‍ കമ്പനി രൂപീകരിക്കുന്നത്. നിലവില്‍ 10 സംസ്ഥാനങ്ങളിലായി 14 ബോട്ടിലിംഗ് പ്ലാന്റുകള്‍ കമ്പനിക്കുണ്ട്.

കൊക്കക്കോള, തംപ്‌സ്അപ്, സ്‌പ്രൈറ്റ്, ഫാന്റാ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. കൊക്കകോളയുടെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നതെന്ന് കൊക്കകോള ഇന്ത്യ പ്രസിഡന്റ് സങ്കിത് റേ പറഞ്ഞു. ഐപിഒയുടെ ഭാഗമായി കൊക്കക്കോള തങ്ങളുടെ ഓഹരി വിഹിതത്തിലെ ഒരു ഭാഗം വിറ്റഴിച്ചേക്കുമെന്നാണ് സൂചന. ഐപിഒയ്ക്ക് ശേഷവും കമ്പനിയില്‍ തങ്ങളുടെ സാന്നിധ്യം തുടരുമെന്ന് കൊക്കക്കോള വ്യക്തമാക്കിയിട്ടുണ്ട്.

സമാഹരിക്കുക 8,500-9,000 കോടി രൂപ?

ഐപിഒയ്ക്ക് മുന്നോടിയായി ഹിന്ദുസ്ഥാന്‍ കൊക്കക്കോള ഹോള്‍ഡിംഗ്‌സിന്റെ മൂല്യം ഏകദേശം 10 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഓഹരിവില്പന വഴി ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 8,500-9,000 കോടി) സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ലിസ്റ്റിംഗ് നടപടികള്‍ക്കായി പ്രമുഖ സാമ്പത്തിക ഉപദേശക സ്ഥാപനമായ റോത്ഷില്‍ഡിനെ (Rothschild) കമ്പനി നിയമിച്ചിട്ടുണ്ട്.

കാംബ കോളയുടെ വെല്ലുവിളി

ഇന്ത്യയില്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ കാംബ കോള ശക്തമായ മത്സരമാണ് കൊക്കക്കോളയ്ക്കും പെപ്‌സിക്കോയ്ക്കും ഉയര്‍ത്തുന്നത്. കുറഞ്ഞ വിലയും വ്യാപകമായ വിതരണ ശൃംഖലയും ഉപയോഗിച്ച് കാംബ കോള വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കൊക്കക്കോളയുടെ ഐപിഒ നീക്കം ശ്രദ്ധ നേടുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ കൊക്കക്കോള ബിസിനസ് 50 ബില്യണ്‍ രൂപയുടെ വില്‍പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

കൊക്കക്കോളയുടെ ബോട്ട്‌ലിംഗ് യൂണിറ്റ് ലിസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍, സമീപകാലത്ത് ഇന്ത്യന്‍ ഓഹരി വിപണി കണ്ട ഏറ്റവും വലിയ ഉപഭോക്തൃ മേഖലാ ഐപിഒകളിലൊന്നായി ഇത് മാറും. രാജ്യത്തെ വളരുന്ന ഉപഭോക്തൃ ചെലവും പാനീയ വിപണിയുടെ വികസന സാധ്യതയും പരിഗണിക്കുമ്പോള്‍, നിക്ഷേപകരുടെ വലിയ ശ്രദ്ധ ഈ ഐപിഒയിലേക്ക് തിരിഞ്ഞേക്കും.

Coca-Cola India's bottling arm Hindustan Coca-Cola Holdings is reportedly planning a 2027 IPO to strengthen its market presence amid rising competition from Reliance Consumer Products' Campa Cola

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com