

പൊതുമേഖലാ കപ്പൽ നിർമ്മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് 2026-27 സാമ്പത്തിക വർഷത്തേക്ക് പ്രഖ്യാപിച്ച ഡിവിഡന്റിന് ഓഹരികൾ വാങ്ങാനുള്ള അവസാന ദിവസമാണ് ഇന്ന് (നവംബര് 13). ഓഹരിയൊന്നിന് 3 രൂപ വീതമാണ് ഇടക്കാല ഡിവിഡന്റ് (Interim Dividend) നല്കുന്നത്. 5 രൂപ മുഖവിലയുള്ള ഓഹരിയുടെ 60 ശതമാനം തുകയാണ് ഡിവിഡന്റ് പേ ഔട്ട്.
ഡിവിഡന്റിന് അർഹരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോർഡ് തീയതി 2026 നവംബർ 16 ആണ്. ഇന്ത്യൻ ഓഹരി വിപണി T+1 സെറ്റിൽമെന്റ് രീതി പിന്തുടരുന്നതിനാൽ, ഡിവിഡന്റ് ആനുകൂല്യം ലഭിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾ വാങ്ങാനുള്ള അവസാന തീയതി 2026 നവംബർ 13 വെള്ളിയാഴ്ചയാണ്. എക്സ്-ഡിവിഡന്റ് തീയതിയായ നവംബർ 16-ന് ഓഹരികൾ വാങ്ങുന്നവർക്ക് ഈ തുക ലഭിക്കില്ല. അർഹരായ നിക്ഷേപകർക്ക് 2026 ഡിസംബർ 9-നോ അതിനു മുമ്പോ ഡിവിഡന്റ് തുക വിതരണം ചെയ്യും. സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക ഫലങ്ങൾക്കൊപ്പമാണ് കമ്പനി ഡിവിഡന്റ് പ്രഖ്യാപനം നടത്തിയത്.
ഡിവിഡന്റ് ചരിത്രവും യീൽഡും: മുൻവർഷങ്ങളിലും കമ്പനി കൃത്യമായി ഡിവിഡന്റ് വിതരണം ചെയ്തിട്ടുണ്ട്. 2025-26, 2024-25 സാമ്പത്തിക വർഷങ്ങളിൽ ഓഹരിയൊന്നിന് മൊത്തം 9.75 രൂപ വീതമാണ് ഡിവിഡന്റായി നൽകിയത്. നിലവിൽ ഏകദേശം 1,196 രൂപ ഓഹരി വിലയുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ വാർഷിക ഡിവിഡന്റ് യീൽഡ് 0.75 ശതമാനമാണ്. പുതിയ 3 രൂപ ഇടക്കാല ഡിവിഡന്റ് വഴിയുള്ള ഒറ്റത്തവണ യീൽഡ് 0.25 ശതമാനത്തോളമാണ്.
ഓഹരി പ്രകടനം: അടുത്തിടെ കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികളിൽ തിരിച്ചടി നേരിട്ടിട്ടുണ്ട്; കഴിഞ്ഞ ഒരു മാസത്തിനിടെ 5.45 ശതമാനവും, 2026-ൽ ഇതുവരെ 26.29 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഓഹരി ഇന്ന് ഒരു ശതമാനത്തോളം ഇടിഞ്ഞ് 1,183 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എങ്കിലും ദീർഘകാല നിക്ഷേപകർക്ക് ഓഹരി മികച്ച നേട്ടം നൽകിയിട്ടുണ്ട്. കഴിഞ്ഞ 3 വർഷത്തിനിടെ 126.99 ശതമാനവും, 5 വർഷത്തിനിടെ 543.36 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine