

രാജ്യത്തെ പൊതുമേഖലയിലെ മുൻനിര പ്രതിരോധ സ്ഥാപനങ്ങളിലൊന്നും പ്രശസ്ത കപ്പൽ നിർമാണശാലയുമായ കൊച്ചിൻ ഷിപ്യാർഡിന്റെ (BSE: 540678, NSE: COCHINSHIP) കൂടുതൽ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) മുഖേനയാകും ഓഹരി വിൽപ്പന നടത്തുക. ഇതിന്റെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സി.എൻ.ബി.സി ടിവി-18 ചാനൽ റിപ്പോർട്ട് ചെയ്തു.
നിലവിലെ വിപണി വിലയേക്കാൾ 6 മുതൽ 8 ശതമാനം വരെ വില താഴ്ത്തിയാകും കൊച്ചിൻ ഷിപ്യാർഡിന്റെ ഒ.എഫ്.എസിനുള്ള ഓഹരി വില നിശ്ചയിക്കുകയെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ കൊച്ചിൻ ഷിപ്യാർഡ് ഓഹരിയുടെ വിലയിൽ രണ്ട് ശതമാനം ഇടിവ് നേരിട്ടു. നിലവിൽ 1,435 രൂപയിലാണ് കൊച്ചിൻ ഷിപ്യാർഡ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഏകദേശം 37,500 കോടിയിലേറെ രൂപയാണ് കമ്പനിയുടെ നിലവിലെ വിപണിമൂല്യം.
പൊതുമേഖല സ്ഥാപനങ്ങളിലുള്ള കേന്ദ്രത്തിന്റെ ഓഹരി വിഹിതം വാർഷികമായി 2-3 ശതമാനം വരെ വിറ്റഴിച്ചുകൊണ്ട് വിഭവസമാഹരണം നടത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് കൊച്ചിൻ ഷിപ്യാർഡിന്റെ ഒ.എഫ്.എസ് ഇപ്പോൾ നടത്തുന്നതെന്നാണ് വിവരം. നടപ്പ് സാമ്പത്തിക വർഷത്തിൽ (2026 ഏപ്രിൽ - 2027 മാർച്ച്) ഇതിനകം 5 പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ (ഒ.എഫ്.എസ്) 16,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ സ്വന്തമാക്കിയത്.
അതേസമയം കൊച്ചിൻ ഷിപ്യാർഡിൽ 67.91 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്ര സർക്കാരിനുള്ളത്. കൊച്ചിൻ ഷിപ്യാർഡിനെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനുളള പ്രാരംഭ പൊതു ഓഹരി വിൽപ്പനയുമായി (ഐ.പി.ഒ) ബന്ധപ്പെട്ട് 2016-ൽ എതിർപ്പുണ്ടായപ്പോൾ കമ്പനിയെ സ്വകാര്യവത്കരിക്കില്ല എന്ന ഉറപ്പ് കേന്ദ്രസർക്കാർ നൽകിയിരുന്നതാണ്. 2017 ഓഗസ്റ്റിലായിരുന്നു കൊച്ചിൻ ഷിപ്യാർഡിന്റെ ഐ.പി.ഒ അരങ്ങേറിയത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊച്ചിൻ ഷിപ്യാർഡിൽ അരങ്ങേറുന്ന രണ്ടാമത്തെ ഒ.എഫ്.എസ് ആണിത്. ഇതിന് മുൻപ് 2024 ഒക്ടോബറിൽ നടന്ന ഒ.എഫ്.എസിലൂടെ 5 ശതമാനം ഓഹരി വിഹിതം കേന്ദ്ര സർക്കാർ വിറ്റഴിച്ചിരുന്നു. അന്ന് 1,540 രൂപ നിരക്കിൽ രണ്ട് ഘട്ടങ്ങളിലായി 2.5 ശതമാനം വീതം ഓഹരി വിൽപ്പനയാണ് നടത്തിയത്. 2,000 കോടിയോളം രൂപയും കേന്ദ്ര സർക്കാർ സമാഹരിച്ചു.
അതേസമയം 1,458 രൂപയിൽ കഴിഞ്ഞയാഴ്ച ക്ലോസിങ് കുറിച്ച കൊച്ചിൻ ഷിപ്യാർഡ് ഓഹരി, 6-8 ശതമാനം ഡിസ്കൗണ്ട് നിരക്കിലാകും പുതിയ ഒ.എഫ്.എസ് നടത്തുകയെന്ന വാർത്ത പുറത്തുവന്നതോടെ 2 ശതമാനത്തോളം വിലയിടിവ് നേരിട്ട് 1,440 രൂപയുടെ താഴേക്ക് വീണു. സമീപകാലത്ത് നിറംമങ്ങിയ പ്രകടനമാണ് കൊച്ചിൻ ഷിപ്യാർഡ് ഓഹരി കാഴ്ചവെക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 14 ശതമാനവും ഒരു വർഷത്തിനിടെ 35 ശതമാനം വീതവും ഇടിവ് ഓഹരിയിൽ നേരിട്ടു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine