

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) ഇന്ന് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കായി തുറന്നു. ചൊവ്വാഴ്ച ആരംഭിച്ച നോണ്‍-റീറ്റെയ്ല്‍ വിഭാഗത്തില്‍ നിക്ഷേപകരില്‍ നിന്ന് വന്‍ പ്രതികരണമാണ് ഉണ്ടായത്. ഈ വിഭാഗത്തിലെ വിഹിതം 3.52 മടങ്ങ് അധികമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഈ ശക്തമായ ഡിമാന്‍ഡ് കണക്കിലെടുത്ത്, 'ഗ്രീന്‍ഷൂ ഓപ്ഷന്‍' (greenshoe option) പൂര്‍ണമായി വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ആകെ ഓഹരി വിഹിതം 5.04 ശതമാനമായി ഉയര്‍ന്നു.
കമ്പനിയിലെ 5.04% വരെയുള്ള ഓഹരി വിഹിതം വിറ്റഴിക്കാനാണ് കേന്ദ്രം ഒഎഫ്എസ് കൊണ്ടുവന്നത്. ഇതിന്റെ ഫ്‌ളോര്‍ പ്രൈസ് (floor price) ഓഹരിയൊന്നിന് 1,400 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. തുടക്കത്തില്‍ 2.52% ഓഹരികള്‍ വില്‍ക്കാനായിരുന്നു തീരുമാനം. മികച്ച പ്രതികരണമുണ്ടായാല്‍ ഗ്രീന്‍ഷൂ ഓപ്ഷന്‍ വഴി 2.52% ഓഹരികള്‍ കൂടി അധികമായി വില്‍ക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ നിലനിര്‍ത്തിയിരുന്നു. ഡിമാന്‍ഡ് ശക്തമായതോടെയാണ് അധിക വിഹിതവും വിപണിയിലെത്തിക്കുന്നത്.
സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ (FY27) പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍ (disinvestment) പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. നിലവിലുള്ള ഓഹരികള്‍ വില്‍ക്കുന്നതിനാല്‍ ഈ ഇടപാടിലൂടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നേരിട്ട് ഫണ്ടുകളൊന്നും ലഭിക്കില്ല. എങ്കിലും കമ്പനിയിലെ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം (public shareholding) വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.
റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിലോ ബ്രോക്കര്‍ ആപ്പുകളിലോ ഉള്ള ഒഎഫ്എസ് (OFS) സെക്ഷന്‍ വഴി ബിഡ്ഡുകള്‍ സമര്‍പ്പിക്കാം. ബിഡ്ഡിംഗ് വില ഫ്‌ളോര്‍ പ്രൈസായ 1,400 രൂപയോ അതിന് മുകളിലോ ആയിരിക്കണം. അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ അപേക്ഷാ തുക ട്രേഡിംഗ് അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്യപ്പെടും. അര്‍ഹരായ അപേക്ഷകരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് സെറ്റില്‍മെന്റ് ദിവസം ഓഹരികള്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
കപ്പല്‍ നിര്‍മ്മാണ, കപ്പല്‍ അറ്റകുറ്റപ്പണി രംഗത്തെ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. പ്രതിരോധ ഉല്‍പ്പാദനം, നാവികസേനാ നവീകരണം, മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി എന്നിവയ്ക്കായി സര്‍ക്കാര്‍ ചിലവിടുന്ന തുക വര്‍ധിപ്പിച്ച സാഹചര്യത്തില്‍, കഴിഞ്ഞ ഒരു വര്‍ഷമായി ഈ ഓഹരിയില്‍ വലിയ നിക്ഷേപ താല്പര്യം പ്രകടമായിരുന്നു.
എന്നാല്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ കേവലം വാര്‍ത്തകളെ മാത്രം അടിസ്ഥാനമാക്കി ചാടിവീഴരുതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. പൊതുമേഖലാ-പ്രതിരോധ ഓഹരികളുടെ റീറേറ്റിംഗിന് (PSU-defence rerating) ശേഷം കമ്പനിയുടെ വരുമാനത്തിന് ഈ ഉയര്‍ന്ന മൂല്യനിര്‍ണയത്തെ (valuation) ന്യായീകരിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് ഇന്‍വാസ്സെറ്റ് പിഎംഎസ് (INVasset PMS) ബിസിനസ് ഹെഡ് ഹര്‍ഷല്‍ ദസാനി ചൂണ്ടിക്കാട്ടുന്നു.
കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ പാദങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും ലാഭത്തിലും കുറവ് പ്രകടമാണ്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (Q4), പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 1,484 കോടിയായി കുറഞ്ഞു. തൊട്ടുമുന്‍ വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 1,758 കോടി രൂപയായിരുന്നു. അതുപോലെ നാലാം പാദത്തിലെ ലാഭം 287 കോടി രൂപയില്‍ നിന്ന് 276 കോടിയായും ഇടിഞ്ഞു.
മുഴുവന്‍ സാമ്പത്തിക വര്‍ഷത്തെ (FY26) കണക്കുകള്‍ നോക്കിയാല്‍, മുന്‍വര്‍ഷത്തെ 4,820 കോടി രൂപയില്‍ നിന്ന് വരുമാനം 5,022 കോടിയായി ഉയര്‍ന്നെങ്കിലും, അറ്റാദായം 827 കോടി രൂപയില്‍ നിന്ന് 717 കോടിയായി കുറയുകയാണ് ചെയ്തത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് മികച്ച ഓര്‍ഡര്‍ ബുക്കും തന്ത്രപരമായ പ്രാധാന്യവുമുണ്ടെങ്കിലും, വിപണി ഈ സാധ്യതകള്‍ ഇതിനകം തന്നെ വിലകളില്‍ പ്രതിഫലിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനമികവ് കൃത്യമായി വിലയിരുത്തി വേണം റീറ്റെയ്ല്‍ നിക്ഷേപകര്‍ തീരുമാനമെടുക്കാന്‍.
ബിഎസ്ഇയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചതിനു ശേഷം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില 2 ശതമാനം ഇടിഞ്ഞ് 1,418 രൂപയിലെത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 400 ശതമാനത്തിലധികം റിട്ടേണും അഞ്ച് വര്‍ഷത്തിനിടെ 700 ശതമാനത്തിനടുത്ത് മള്‍ട്ടിബാഗര്‍ റിട്ടേണും നല്‍കിയ ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. എന്നാല്‍ സമീപകാലത്ത് പൊതുമേഖലാ പ്രതിരോധ ഓഹരികളില്‍ ഉണ്ടായ തിരുത്തലുകളുടെ ഭാഗമായി ഈ ഓഹരിയും സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 29 ശതമാനത്തിലധികവും, 2026-ല്‍ ഇതുവരെ 12 ശതമാനത്തോളവും ഇടിവ് ഓഹരിവിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഏകദേശം 38,000 കോടി രൂപയാണ്.
The government exercises the greenshoe option for Cochin Shipyard's OFS following a 3.52-time oversubscription in the non-retail category.
Read DhanamOnline in English
Subscribe to Dhanam Magazine