കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ലാഭം പകുതിയായി; ഓഹരിക്ക് 8% ഇടിവ്, തിരിച്ചടിയായത് കപ്പൽ നിർമാണ വിഭാഗത്തിന്റെ തളർച്ച

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ രണ്ടാം പാദത്തിൽ വരുമാനം 11.7% ഉയർന്നെങ്കിലും അറ്റാദായം 49.9% കുറഞ്ഞു; കപ്പൽ നിർമാണ വിഭാഗം നഷ്ടത്തിലായപ്പോൾ അറ്റകുറ്റപ്പണി വിഭാഗം ലാഭത്തിന് പിന്തുണ നൽകി
Cochin Shipyard Share Performance Analysis
പ്രതീകാത്മക ചിത്രംImage Source: Canva/cochinshipyard.in
Published on: 

ഇന്ത്യയിലെ മുൻനിര ഡിഫൻസ് കമ്പനികളിലൊന്നായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വരുമാനത്തിൽ വളർച്ച രേഖപ്പെടുത്തിയിട്ടും ലാഭത്തിൽ കനത്ത ഇടിവ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ (Q2 FY27) കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പ്രവർത്തനഫലമാണ് നിക്ഷേപകരെ നിരാശരാക്കിയത്. ചെലവുകൾ വരുമാനത്തേക്കാൾ വേഗത്തിൽ ഉയർന്നതും കപ്പൽ നിർമാണ വിഭാഗത്തിലെ ലാഭക്ഷമത ഇടിഞ്ഞതുമാണ് കമ്പനിയുടെ അറ്റാദായത്തെ ബാധിച്ചത്.

ഫലം പുറത്തുവന്നതിനു പിന്നാലെ ബുധനാഴ്ചത്തെ (നവംബർ 11) വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയുടെ വില എട്ട് ശതമാനത്തിലധികം ഇടിഞ്ഞ് 1,186.50 രൂപയിലേക്ക് വരെ താഴുകയുണ്ടായി. ഇപ്പോൾ നില അൽപ്പം മെച്ചപ്പെടുത്തി 1,215 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം പുരോ​ഗമിക്കുന്നത്.

വരുമാനം ഉയർന്നു; അറ്റാദായം 50% ഇടിഞ്ഞു

ജൂലൈ - സെപ്റ്റംബർ ത്രൈമാസ കാലയളവിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സംയോജിത അറ്റാദായം 49.9 ശതമാനം കുറഞ്ഞ് 53.77 കോടി രൂപയായി. മുൻവർഷത്തെ സമാന പാദത്തിൽ ഇത് 107.53 കോടി രൂപയായിരുന്നു. അതേസമയം, മുഖ്യ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11.7 ശതമാനം ഉയർന്ന് 1,249.19 കോടി രൂപയിലെത്തി. എന്നാൽ മൊത്തം ചെലവുകൾ 14.6 ശതമാനം വർധിച്ച് 1,256.71 കോടി രൂപയായത് അറ്റ ലാഭം ഇടിയുന്നതിന് വഴിതെളിച്ചു.

പ്രവർത്തനലാഭമായ എബിറ്റ്ഡ (EBITDA) ഏകദേശം 31 ശതമാനം കുറഞ്ഞ് 51 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ 6.6 ശതമാനത്തിൽനിന്ന് 4.1 ശതമാനത്തിലേക്കും താഴ്ന്നു. അറ്റാദായ മാർജിൻ മുൻവർഷത്തെ 10 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറഞ്ഞു.

കപ്പൽ നിർമാണം: വരുമാനമുണ്ട്, ലാഭമില്ല

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പ്രധാന ആശങ്ക കപ്പൽ നിർമാണ വിഭാഗത്തിലെ പ്രകടനമാണ്. ഈ വിഭാഗത്തിലെ വരുമാനം വെറും 3.2 ശതമാനം ഉയർന്ന് 783.14 കോടി രൂപയായെങ്കിലും, പലിശയ്ക്കും നികുതിക്കും മുമ്പുള്ള ലാഭം 149.71 കോടി രൂപയിൽ നിന്ന് 6.08 കോടി രൂപ നഷ്ടത്തിലേക്ക് വഴിമാറി. നിർമാണച്ചെലവ്, പദ്ധതികളുടെ നിർവഹണം, കരാറുകളിലെ ലാഭക്ഷമത തുടങ്ങിയവയിലെ സമ്മർദമാണ് ഇതിലൂടെ വ്യക്തമാകുന്നത്. 1,200 യാത്രക്കാരെ ഉൾക്കൊള്ളുന്ന രണ്ട് കപ്പലുകളുടെ കൈമാറ്റം വൈകുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതിന് വിപരീതമായി, കപ്പൽ അറ്റകുറ്റപ്പണി വിഭാഗം മികച്ച പ്രകടനം കാഴ്ചവച്ചു. വരുമാനം 29.6 ശതമാനം ഉയർന്ന് 466.05 കോടി രൂപയായപ്പോൾ ഇതിൽ നിന്നുള്ള ലാഭം 67.20 കോടി രൂപയിൽനിന്ന് 143.34 കോടി രൂപയായി. കപ്പൽ അറ്റകുറ്റപ്പണിയാണ് ഇത്തവണ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ലാഭത്തിന് മുഖ്യ പിന്തുണയേകിയത്.

ഓഹരിയിൽ സമ്മർദം; ഓർഡർ ബുക്കിൽ പ്രതീക്ഷ

കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 32 ശതമാനവും 2026-ൽ ഇതുവരെയുള്ള കാലയളവിൽ 26 ശതമാനത്തിലധികവും ഇടിവ് നേരിട്ട കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി ഇപ്പോഴും 54 മടങ്ങിലേറെ പി.ഇ അനുപാതത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം, 22,125 കോടി രൂപയുടെ ഓർഡർ ബുക്ക്, ഭാവിയിലെ വളർച്ചയ്ക്ക് പിന്തുണയാകുമെന്നാണ് പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ചോയ്സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ വിലയിരുത്തൽ. ബ്രോക്കറേജ് സ്ഥാപനം ഈ കേരള ഓഹരിയുടെ സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില 1,565 രൂപയിൽ നിലനിർത്തി.

ഇടക്കാല ഡിവിഡന്റ് 3 രൂപ

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി ഉടമകൾക്കായി 3 രൂപ ഇടക്കാല ലാഭവിഹിതവും (ഡിവിഡന്റ്) ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 16 ആണ് ഇതിന്റെ റെക്കോഡ് തീയതി. അതേസമയം വലിയ ഓർഡർ ബുക്കിന്റെ തെളിച്ചം മാത്രം പോരാ; പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ചെലവ് നിയന്ത്രിച്ച് ലാഭം ഉറപ്പാക്കാനാകുമോ എന്നതാണ് ഇനി നിക്ഷേപകർ ഉറ്റുനോക്കുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Cochin Shipyard reported an 11.7% rise in Q2 FY27 revenue, but consolidated net profit fell 49.9%, as losses in the shipbuilding segment weighed on margins.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

A symbolic handshake representing Cochin Shipyard Limited’s acquisition of a 23% stake in Netherlands-based Conoship International, with large cargo ships and shipbuilding cranes in the background.
Cochin Shipyard
Kochi International Ship Repair Facility
Cochin Shipyard
```html ```