തരംഗമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; ഓഹരി കത്തിക്കയറി, വിപണിമൂല്യത്തില്‍ കല്യാണിനും ഫാക്ടിനും മുന്നിൽ

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കാഴ്ചവയ്ക്കുന്നത് റെക്കോഡുകള്‍ അനുദിനം തകര്‍ത്തുള്ള മിന്നുന്ന പ്രകടനം.
പ്രതിരോധമേഖലയിലും രാജ്യത്തെ ജലഗതാഗതരംഗത്തും 'ആത്മനിര്‍ഭര്‍' കാമ്പയിനിലൂന്നി കേന്ദ്രസര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും പുതിയ ഓര്‍ഡറുകള്‍ ലഭ്യമാക്കുന്ന കരുത്തില്‍ രാജ്യത്തെ കപ്പല്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരികളെല്ലാം ഏതാനും നാളുകളായി മുന്നേറ്റത്തിലാണ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാകട്ടെ ഈ രംഗത്ത് കൂടുതല്‍ തിളക്കത്തിലുമാണ്. കയറ്റുമതി ഓര്‍ഡറുകളും ലഭിക്കുന്നു എന്നതാണ് കൊച്ചി കപ്പല്‍ശാലയുടെ കരുത്ത്. ഹൈബ്രിഡ് വെസ്സലുകള്‍ (
hybrid service operation vessels/SOVs
)​ നിര്‍മ്മിക്കാന്‍ ആയിരം കോടിയോളം രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ അടുത്തിടെ കൊച്ചി കപ്പല്‍ശാലയ്ക്ക് യൂറോപ്പില്‍ നിന്ന് ലഭിച്ചിരുന്നു.
ഇന്ത്യന്‍ നേവിയില്‍ നിന്ന് കൊച്ചി കപ്പല്‍ശാലയ്ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷകള്‍. നേരത്തേ ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നിര്‍മ്മിച്ച് നേവിക്ക് കൈമാറിയത് കൊച്ചി കപ്പല്‍ശാലയാണ്. രണ്ടാമത്തെ തദ്ദേശ നിര്‍മ്മിത വിമാനവാഹിനിക്കപ്പലിനുള്ള ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
മുന്നേറ്റത്തിന്റെ തീരത്ത് ഓഹരി
ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച് ആദ്യ സെഷൻ പിന്നിടുമ്പോഴേക്കും 12.4 ശതമാനം ഉയര്‍ന്ന് 1,​835.60 രൂപയിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരിയുള്ളത്. നിക്ഷേപകര്‍ക്ക് വന്‍ നേട്ടം സമ്മാനിച്ച് മുന്നേറുകയാണ് കപ്പല്‍ശാലയുടെ ഓഹരി.
കഴിഞ്ഞ 5 വര്‍ഷത്തെ കണക്കെടുത്താല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 865 ശതമാനമാണ്. 108 രൂപയെന്ന വിലയില്‍ നിന്നാണ് കമ്പനിയുടെ ഓഹരികള്‍ ഇക്കാലയളവില്‍ 1,800 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഓഹരികളുടെ കുതിപ്പ് 630 ശതമാനം. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നേട്ടം ഇക്കാലയളവില്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ച പ്രതിരോധ ഓഹരിയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ്. ഒരുവര്‍ഷം മുമ്പ് ഒരുലക്ഷം രൂപ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് ഇന്നത് 6 ലക്ഷം രൂപയ്ക്ക് മുകളിലായി വളര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ടാമതുള്ള മാസഗോണ്‍ ഡോക്ക് ഒരുലക്ഷം രൂപ ഉയര്‍ത്തിയത് 3.8 ലക്ഷം രൂപയിലേക്ക് മാത്രം.
കഴിഞ്ഞ 6 മാസത്തിനിടെ 220 ശതമാനവും ഒരുമാസത്തിനിടെ 42 ശതമാനവും ഒരാഴ്ചയ്ക്കിടെ 32 ശതമാനവും നേട്ടത്തിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി.
വിപണിമൂല്യത്തിലും അതിവേഗം,​ അടുത്ത ഉന്നം ₹50,​000 കോടി
ഈമാസം മൂന്നിന് (May 3) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപണിമൂല്യം (Market Capitalization/M-Cap) 34,500 രൂപയായിരുന്നു. നിലവില്‍ മൂല്യം 48,300 കോടി രൂപ (ബി.എസ്.ഇ/എന്‍.എസ്.ഇ കണക്കുപ്രകാരം).
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യത്തില്‍ നിലവില്‍ ഫെഡറല്‍ ബാങ്ക്, ഫാക്ട്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവയെ പിന്തള്ളി രണ്ടാമതാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. 68,670 കോടി രൂപ മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സാണ് ഒന്നാമത്. ഫാക്ട് 44,492 കോടി രൂപയുമായി മൂന്നാമതും കല്യാണ്‍ ജുവലേഴ്‌സ് 41,305 കോടി രൂപയുമായി നാലാമതും ഫെഡറല്‍ ബാങ്ക് 39,676 കോടി രൂപയുമായി അഞ്ചാമതുമാണ്.
കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ടിന്റെ വിപണിമൂല്യം കഴിഞ്ഞ നവംബറില്‍ ആദ്യമായി 50,000 കോടി രൂപ കടന്നിരുന്നെങ്കിലും പിന്നീട് താഴുകയായിരുന്നു. കൊച്ചി കപ്പൽശാലയുടെ വിപണിമൂല്യം നിലവിലെ ട്രെൻഡ് തുടർന്നാൽ അതിവേഗം 50,000 കോടി രൂപ ഭേദിച്ചേക്കും.
കപ്പല്‍ ഓഹരികളുടെ തിളക്കം
ഇന്ന് വ്യാപാരത്തിന്റെ ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ മറ്റ് കപ്പല്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരികളും തിളക്കത്തിലാണ്. മികച്ച ഓര്‍ഡര്‍ പ്രതീക്ഷകളും മാര്‍ച്ചുപാദ പ്രവര്‍ത്തനഫലങ്ങളുമാണ് ഈ കമ്പനികള്‍ക്ക് ഊര്‍ജമാകുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും പ്രവര്‍ത്തനഫലം പുറത്തുവിടാനുള്ള ഒരുക്കത്തിലാണ്.
ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ഇന്ന് 15 ശതമാനത്തിലധികം നേട്ടത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നു. 6 ശതമാനത്തിലധികം നേട്ടത്തിലാണ് മാസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരി. മൂന്ന് കമ്പനികളുടെ ഓഹരികളും റെക്കോഡ് ഉയരത്തിലാണുള്ളതെന്നതും പ്രത്യേകതയാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it