കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി പുതിയ ഉയരത്തില്‍; വിപണിമൂല്യം ₹17,000 കോടിയിലേക്ക്

കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ ഇന്ന് കുറിച്ചിട്ടത് എക്കാലത്തെയും പുതിയ ഉയരം. വ്യാപാരത്തിനിടെ ഒരുവേള ഓഹരി വില 9.4 ശതമാനത്തോളം ഉയര്‍ന്ന് 1,294.40 രൂപയിലെത്തി. കഴിഞ്ഞ 52-ആഴ്ചയിലെയും മികച്ച ഉയരമാണിത്. നിലവില്‍ 6.49 ശതമാനം നേട്ടവുമായി 1,258 രൂപയിലാണ് ഓഹരി വിലയുള്ളത്.

കഴിഞ്ഞമാസം അവസാനവാരം 14,300 കോടി രൂപ നിലവാരത്തിലായിരുന്ന കൊച്ചി കപ്പല്‍ശാലയുടെ വിപണിമൂല്യം (Market cap) 16,922.01 കോടി രൂപയിലുമെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ 25 ശതമാനവും ആറ് മാസത്തിനിടെ 120 ശതമാനത്തോളവും ഒരുവര്‍ഷത്തിനിടെ 96 ശതമാനവും നേട്ടം (Return) കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
ആയിരം കോടിയോളം രൂപ മതിക്കുന്ന 87.49 ലക്ഷത്തോളം ഓഹരികളാണ് ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് എട്ട് രൂപ വീതം കമ്പനി 2023-24ലെ ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചിരുന്നു. ഇതിപ്പോള്‍ വിതരണം ചെയ്തിട്ടുണ്ടെന്നതും ഓഹരികള്‍ക്ക് ഉന്മേഷം പകര്‍ന്നു.
മുന്നേറ്റത്തിന് പിന്നില്‍
ഇക്കഴിഞ്ഞ സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലത്തോട് അനുബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൊച്ചി കപ്പല്‍ശാലയുടെ കൈവശമുണ്ട്. ഏകദേശം 13,000 കോടി രൂപയുടെ കൂടി ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുമുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നിര്‍മ്മിച്ച് നേവിക്ക് കൈമാറിയത് കൊച്ചി കപ്പല്‍ശാലയാണ്. രണ്ടാമത്തെ തദ്ദേശ വിമാനവാഹിനി കപ്പലിന്റെ ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയ്ക്ക് തന്നെയാണ്.
നേവിക്കായുള്ള മൂന്ന് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍ കപ്പല്‍ശാല നീറ്റിലിറക്കിയത് ഇക്കഴിഞ്ഞവാരമാണ്. ഉപസ്ഥാപനമായ ഉഡുപ്പി-കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് അദാനി ഗ്രൂപ്പിന്റെ മുന്ദ്ര തുറമുഖത്തിനായി 62-ടണ്‍ ബൊലാര്‍ഡ് പുള്‍ ടഗ്ഗും (കപ്പലുകള്‍ വലിക്കാനുള്ള ബോട്ട്) കഴിഞ്ഞദിവസം കൈമാറിയിരുന്നു. ഇന്ത്യയിലെ ആദ്യ തദ്ദേശ നിര്‍മ്മിത 2-ടണ്‍ ബൊലാര്‍ഡ് പുള്‍ ടഗ്ഗാണിത്.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it