കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിവില 20% കുതിച്ചു; കരുത്തായത് പുത്തന്‍ ഓര്‍ഡറുകള്‍

കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില ഇന്ന് 20 ശതമാനം കുതിച്ച് അപ്പര്‍-സര്‍കീട്ടിലെത്തി.

വന്‍ മുന്നേറ്റത്തോടെയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് വ്യാപാരത്തിന് തുടക്കമിട്ടത്. എന്‍.എസ്.ഇയില്‍ തുടക്കത്തില്‍ തന്നെ 70 ലക്ഷത്തിലധികം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടു. ബി.എസ്.ഇയില്‍ 955.15 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില 20 ശതമാനം കുതിച്ച് 1,146.15 രൂപയിലെത്തി. കഴിഞ്ഞ 52-ആഴ്ചയിലെ ഏറ്റവും ഉയരമാണിത്.
വിപണിമൂല്യത്തിലും പുത്തന്‍ നാഴികക്കല്ല്
തുടര്‍ച്ചയായ ഏഴാം ദിവസമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ നേട്ടത്തിലേറുന്നത്. കഴിഞ്ഞ ഏഴ് സെഷനുകളിലായി ഓഹരികള്‍ മുന്നേറിയത് 26.55 ശതമാനമാണ്. ഒരുമാസത്തിനിടെ 73 ശതമാനവും മൂന്ന് മാസത്തിനിടെ 107 ശതമാനവും ഒരുവര്‍ഷത്തിനിടെ 195 ശതമാനവും നേട്ടം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
ഐ.പി.ഒ വേളയില്‍ 434 രൂപയായിരുന്നു കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില. നിലവിലെ വിലയാകട്ടെ ഏതാണ്ട് ഇതിന്റെ മൂന്ന് മടങ്ങായി കഴിഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപണിമൂല്യം (Market-Cap) ഇന്ന് 15,000 കോടി രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. വ്യാപാരാന്ത്യത്തില്‍ വിപണിമൂല്യം 15,076 കോടി രൂപയാണ്.
ഓര്‍ഡറുകളിലേറി കുതിപ്പ്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പ്രധാന ഉപയോക്താക്കള്‍ ഇന്ത്യന്‍ നാവികസേനയാണ്. കയറ്റുമതി ഓര്‍ഡറുകളും വലിയ നേട്ടമാണ് കപ്പല്‍ശാലയ്ക്ക് സമ്മാനിക്കുന്നത്; പ്രത്യേകിച്ച് യൂറോപ്പില്‍ നിന്നുള്ള ഓര്‍ഡറുകള്‍.
യൂറോപ്പിലെ ഉള്‍ക്കടലിലുള്ള കാറ്റാടിപ്പാടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള രണ്ട് കപ്പലുകളുടെ നിര്‍മ്മാണത്തിനുള്ള 1,050 കോടി രൂപയുടെ കരാര്‍ അടുത്തിടെ ലഭിച്ചിരുന്നു. സൈപ്രസിലെ പെലാജിക് വിന്‍ഡ് സര്‍വീസസ് എന്ന കമ്പനിയില്‍ നിന്നാണ് ഓര്‍ഡര്‍.
ലോകത്തെ ആദ്യ ഹരിത കണ്ടെയ്‌നര്‍ (സീറോ എമിഷന്‍) കപ്പലുകളുടെ നിര്‍മ്മാണക്കരാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ നോര്‍വേയിലെ സാംസ്‌കിപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ചിരുന്നു; 550 കോടി രൂപയുടേതാണ് ഓര്‍ഡര്‍.
ഇന്ത്യന്‍ നേവിക്കായി 10,000 കോടി രൂപയുടെ മിസൈല്‍ യാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഇതിന് പിന്നാലെ ലഭിച്ചു. യുദ്ധക്കപ്പല്‍ നവീകരിക്കാനുള്ള 300 കോടി രൂപയുടെ ഓര്‍ഡര്‍, 6 ഡീസല്‍ ചരക്ക് കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഉപ കമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നോര്‍വേയില്‍ നിന്ന് 580 കോടി രൂപയുടെ ഓര്‍ഡര്‍ തുടങ്ങിയവയും കരുത്തായി. ഡ്രെജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കായി 12,000 ക്യുബിക് മീറ്ററിന്റെ വെസല്‍ നിര്‍മ്മിക്കാനുള്ള കരാറും കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിലര്‍ സക്ഷന്‍ ഹോപ്പര്‍ ഡ്രജറാണിത് (TSHD).
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പ്രവര്‍ത്തന മികവുകള്‍ പരിഗണിച്ച് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ 'ഷെഡ്യൂള്‍-എ' പദവിയും നല്‍കിയിരുന്നു. നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ 135 ശതമാനം വളര്‍ച്ചയോടെ 98.65 കോടി രൂപയുടെ ലാഭവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേടിയിരുന്നു. സംയോജിത വരുമാനം 497 കോടി രൂപയില്‍ നിന്ന് 560 കോടി രൂപയിലുമെത്തി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it