ഡിസ്‌കൗണ്ട് ഓഹരി വില്‍പ്പന; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിക്ക് നാലര ശതമാനത്തിലധികം ഇടിവ്

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ അഞ്ച് ശതമാനം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) വഴി വില്‍പ്പനയ്ക്ക് വച്ചതിന് പിന്നാലെ ഓഹരികള്‍ നാലര ശതമാനത്തിലധികം താഴ്ന്നു. രാവിലെ 1,605 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില 1,590 രൂപ വരെ താഴ്ന്നു. 1,588.40 രൂപയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളുടെ ലോവര്‍ സര്‍ക്യൂട്ട്. അതായത് പരമാവധി താഴേക്ക് പോകാവുന്ന വില. അതിന് തൊട്ടടുത്തായാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ഡിസ്‌കൗണ്ട് നിരക്കിലാണ് കേന്ദ്രം ഓഹരികള്‍ വിറ്റഴിക്കുന്നത്. അതായത് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഓഹരികളുടെ ഇന്നലത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 8 ശതമാനം ഡിസ്‌കൊണ്ടോടെ 1,540 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്.
ഒ.എഫ്.എസ് വഴി 2.5 ശതമാനം ഓഹരികളാണ് കേന്ദ്രം വില്‍ക്കുന്നത്. മികച്ച പ്രതികരണം നിക്ഷേപകരില്‍ നിന്നുണ്ടായാല്‍ ഗ്രീന്‍ ഷൂ ഓപ്ഷന്‍ പ്രകാരം 2.5 ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കും. ഇന്നും നാളെയുമായാണ് ഓഹരി വില്‍പ്പന. ഇന്ന് ചെറുകിട ഇതര നിക്ഷേപകര്‍ക്കാണ് ഓഹരി വാങ്ങാനാകുക. ഇന്ന് രാവിലെ തന്നെ 1.76 ശതമാനം നിക്ഷേപകര്‍ ഓഹരി വാങ്ങി. നാളെ റീറ്റെയില്‍ നിക്ഷേപകര്‍ക്കായുള്ള അവസരമാണ്.

ഓഹരിയുടെ നേട്ടം

സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ 72.86 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശമാണ്. ഈ വര്‍ഷം ഇതു വരെ 135 ശതമാനത്തോളം നേട്ടമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ നല്‍കിയത്. ഒരു വര്‍ഷക്കാലയളവില്‍ 200 ശതമാനത്തിലധികവും റിട്ടേണ്‍ നല്‍കി.
ഇക്കഴിഞ്ഞ ജൂലൈ എട്ടിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വില റെക്കോഡായ 2,979.45 രൂപയില്‍ എത്തിയിരുന്നു. അന്ന് കമ്പനിയുടെ വിപണി മൂല്യം 70,000 കോടിയെന്ന നാഴികക്കല്ലും പിന്നിട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലേറിയ ശേഷം കേന്ദ്ര പൊതുമേഖലാ ഓഹരികള്‍ വന്‍ കുതിപ്പ് കാഴ്ചവച്ചിരുന്നു. ആ സമയത്ത് ഒ.എഫ്.എസ് വഴി ഓഹരി വില്‍പ്പനയുണ്ടായേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും കേന്ദ്രം തയാറായില്ല. നിലവില്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 48 ശതമാനം താഴെയാണ് ഓഹരി വില. അതില്‍ നിന്നും 8 ശതമാനം താഴ്ന്നാണ് കേന്ദ്രം ഓഹരികള്‍ വില്‍ക്കുന്നതെന്നതാണ് ശ്രദ്ധേയം.

ലാഭവും ഓർഡറുകളും

2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലാഭം 77 ശതമാനം വര്‍ധിച്ച് 174.2 കോടി രൂപയായി. മുന്‍ വര്‍ഷമിത് 98.6 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ 30 വരെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കൈവശമുള്ളത് 22,500 കോടിയുടെ ഓര്‍ഡറുകളാണ്. കൂടാതെ കപ്പല്‍ നിര്‍മാണത്തിനായി 7,820 കോടിയുടെ ഓര്‍ഡറുകളും പ്രതീക്ഷിക്കുന്നു.


Related Articles
Next Story
Videos
Share it