

കേരളം ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിക്ക് ഇന്ന് രാവിലെ അഞ്ച് ശതമാനം കുതിപ്പ്. ഇന്ന് കമ്പനിയുടെ നാലാം പാദഫലം പുറത്തുവരാനിരിക്കെയാണ് ഓഹരികളുടെ കുതിപ്പ്.
ദക്ഷിണ കൊറിയയിലെ എച്ച്.ഡി ഹ്യുണ്ടായിയുമായി സഹകരിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10,000 കോടിയുടെ കപ്പല്‍ നിര്‍മ്മാണ പദ്ധതി തുടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ന് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. എന്നാല്‍ ഇതേകുറിച്ച് കമ്പനി ഔദ്യോഗികമായ പത്രക്കുറിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്തകളെന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വിശദീകരിച്ചിട്ടുണ്ട്.
ഇന്ത്യയെ ആഗോള കപ്പല്‍ നിര്‍മാണ കേന്ദ്രമാക്കി മാറ്റാനായി തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മെഗാ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപണി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ തീരദേശ ഭൂമി കണ്ടൈത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്ഥാപിക്കുന്ന മെഗാ കപ്പല്‍ നിര്‍മാണ കേന്ദ്രമായിരിക്കും ആദ്യ പദ്ധതി. ഈ പദ്ധതിക്കായി 18,090 കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. 2025-26ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച് 25,000 കോടി രൂപയുടെ വികസ ഫണ്ടിന് പുറമേയാണിത്. ഇതിന്റെ ഭാഗമായാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും എച്ച്.ഡി ഹ്യുണ്ടായിയും സഹകരിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍.
നിലവില്‍ (രാവിലെ 11.30) 5.41 ശതമാനം ഉയര്‍ന്ന് 1,796 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. ഇതനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 47,467 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയില്‍ ഉണ്ടായത് 26 ശതമാനത്തോളം വര്‍ധനയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 8ന് കുറിച്ച 2,979.45 രൂപയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയുടെ ഏറ്റവും ഉയര്‍ന്ന വില. അന്ന് വിപണി മൂല്യം 70,000 കോടി രൂപയും പിന്നിട്ട് മുത്തൂറ്റ് ഫിനാന്‍സിനെ മറികടന്ന് ഏറ്റവും മൂല്യമേറിയ കേരള കമ്പനിയായും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മാറിയിരുന്നു. പിന്നീട് തുടര്‍ച്ചയായ വിലയിടിവിലായിരുന്നു ഓഹരി.
ഏപ്രില്‍ മുതല്‍ പ്രതിരോധ ഓഹരികള്‍ വലിയ തിരിച്ചു വരവാണ് കാണിക്കുന്നത്. ഇന്ത്യയും-പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധവും 54,000 കോടി രൂപയുടെ പ്രതിരോധ കരാറുകള്‍ക്ക് അനുമതി നല്‍കിയതുമാണ് വലിയ തിരുത്തലിനു ശേഷം നിക്ഷേപകരുടെ താത്പര്യം ഈ ഓഹരികളില്‍ വീണ്ടുമുണ്ടാക്കിയത്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് (GRSE) എന്നീ പൊതുമേഖല കപ്പല്‍ നിര്‍മാണ കമ്പനികളുടെ സംയോജിത ഓര്‍ഡര്‍ ബുക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് മടങ്ങാകുമെന്നാണ് ആന്റിക് സ്‌റ്റോക്ക് ബ്രോക്കിംഗ് സൂചിപ്പിക്കുന്നത്.
പ്രമുഖ രാജ്യാന്തര ലോജിസ്റ്റിക് കമ്പനിയും തുറമുഖ നിയന്ത്രണക്കമ്പനിയുമായ ദുബൈ ആസ്ഥാനമായ ഡി.പി വേള്‍ഡിന്റെ ഉപകമ്പനിയായ ഡ്രൈഡോക്‌സ് വേള്‍ഡുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കപ്പല്‍ അറ്റകുറ്റപണി, ഓഫ്-ഷോര്‍ നിര്‍മാണ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ക്ക് കരുത്തു പകര്‍ന്നു.
മൂന്നാം പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സംയോജിത ലാഭം 27 ശതമാനം ഇടിഞ്ഞ് 177 കോടി രൂപയിലെത്തിയിരുന്നു. പ്രവര്‍ത്തന വരുമാനം 9 ശതമാനം ഉയര്‍ന്ന് 1,148 കോടിയുമായിരുന്നു.
Cochin Shipyard Surges Over 4% as Investors Brace for Q4 Earnings
Read DhanamOnline in English
Subscribe to Dhanam Magazine