Begin typing your search above and press return to search.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കയറ്റുമതി ഓര്‍ഡറുകളില്‍ നേരിയ വര്‍ധന; പ്രതീക്ഷ ₹6,300 കോടിയുടെ അധിക ഓര്‍ഡറുകൾ
കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിദേശ വാണിജ്യ കയറ്റുമതി ഓര്‍ഡറുകളില്‍ വര്‍ധന. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം യൂറോപ്യന്‍ ഉപഭോക്താക്കളില്‍ നിന്ന് 2,316 കോടി രൂപയുടെ 8 വിവിധോദ്ദേശ്യ വെസലുകളുടെ നിര്‍മ്മാണ ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ടായിരുന്നത്. ഇതില്‍ ലോകത്തെ തന്നെ ആദ്യ സീറോ എമിഷന്‍ കണ്ടെയ്‌നര്‍ വെസ്സലുകളും ഉള്‍പ്പെട്ടിരുന്നു.
ഡിസംബറിലെ കണക്കുപ്രകാരം വിദേശ കയറ്റുമതി ഓര്‍ഡറുകള്‍ 2,688 കോടി രൂപയായി വര്‍ധിച്ചുവെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യക്തമാക്കി. അതേസമയം, മൊത്തം ഓര്‍ഡര്‍ മൂല്യത്തില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് 500 കോടി രൂപയുടെ കുറവുണ്ട്. സെപ്റ്റംബറിലെ കണക്കുപ്രകാരം 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കപ്പല്‍ശാലയ്ക്കുണ്ടായിരുന്നത് നിലവില്‍ 21,500 കോടി രൂപയായാണ് കുറഞ്ഞത്.
പ്രതിരോധ ഓര്‍ഡര്‍ മൂല്യം കുറഞ്ഞു
കഴിഞ്ഞ സെപ്റ്റംബറില്‍ 16,685 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറുകളും 1,308 കോടി രൂപയുടെ ആഭ്യന്തര വാണിജ്യ ഓര്‍ഡറുകളും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ടായിരുന്നു.
ഡിസംബറിലെ കണക്കുപ്രകാരം പ്രതിരോധ ഓര്‍ഡറുകള്‍ 16,064 കോടി രൂപയിലേക്കും ആഭ്യന്തര വാണിജ്യ ഓര്‍ഡറുകള്‍ 1,260 കോടി രൂപയിലേക്കും കുറഞ്ഞു.
പ്രതീക്ഷ 9,000 കോടിയുടെ അധിക ഓര്‍ഡറുകള്‍
9,000 കോടി രൂപയുടെ അധിക ഓര്‍ഡറുകള്‍ കൂടി വൈകാതെ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മറ്റൊരു 84,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി സ്വന്തമാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഓഹരി വിലയില്‍ ഇടിവ്
ഇന്ന് 5 ശതമാനത്തോളം താഴ്ചയോടെ 866.90 രൂപയിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. 22,806 കോടി രൂപയുടെ വിപണിമൂല്യമുള്ള (Market cap) കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 260 ശതമാനം നേട്ടം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. 30 ശതമാനമാണ് കഴിഞ്ഞ ഒരുമാസത്തെ മാത്രം നേട്ടം. ഡിസംബര്‍ പാദത്തില്‍ 121.4 ശതമാനം വളര്‍ച്ചയോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 244.4 കോടി രൂപയുടെ സംയോജിതലാഭം നേടിയിരുന്നു. ഓഹരി ഒന്നിന് 3.50 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, 52-ആഴ്ചത്തെ ഉയരമായ 945 രൂപ വരെ ഉയര്‍ന്ന ശേഷമാണ് ഓഹരി പിന്നീട് താഴ്ചയിലേക്ക് കടന്നത്.
Next Story
Videos