
ബിസിനസില്‍ മുകേഷ് അംബാനിയുടെ അതേ വിജയം ആവര്‍ത്തിക്കാന്‍ അനിയന്‍ അനില്‍ അംബാനിക്ക് സാധിച്ചില്ല. എന്നാല്‍ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള പല കമ്പനികളുടെയും കടം കുറച്ച് പതുക്കെ ലാഭത്തിലേക്ക് ചുവടുവയ്ക്കാനുള്ള പരിശ്രമത്തിലാണ് അനില്‍ അംബാനി.
ഓഹരി വിപണിയിലെ നേട്ടത്തിന്റെ കാര്യത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അനില്‍ അംബാനി കമ്പനികള്‍ക്ക് സാധിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയെല്ലാം അടുത്ത കാലത്തായി മികച്ച തിരിച്ചു വരവ് കാണിച്ചു.
അനില്‍ അംബാനി കമ്പനികളിലെ നിക്ഷേപകരും ഹാപ്പിയാണ്. റിലയന്‍സ് പവര്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 40 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഇന്ന് ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച 11.35 ശതമാനം ഉയര്‍ന്ന് 58.16 രൂപയിലെത്തിയിരുന്നു. 52 ആഴ്ചയിലെ ഓഹരിയുടെ ഉയര്‍ന്ന വിലയുമാണിത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഓഹരിയുടമകള്‍ക്ക് കമ്പനി നല്‍കിയത് 125 ശതമാനം ലാഭമാണ്.
മറ്റൊരു അനില്‍ അംബാനിക്കമ്പനിയായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 30 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കി. വെള്ളിയാഴ്ച അഞ്ച് ശതമാനം അപ്പര്‍ സര്‍ക്കിട്ടിലായിരുന്നു ഓഹരി.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് നഷ്ടം സമ്മാനിച്ച സ്ഥാനാത്താണിത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലയന്‍സ് ഓഹരികളുടെ പ്രകടനം മോശമാണ്. കഴിഞ്ഞ മാസം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയതും നെഗറ്റീവ് റിട്ടേണ്‍ ആണ്.
അനില്‍ അംബാനി തിരിച്ചു വരവില്‍ കടമുക്തമാക്കിയ കമ്പനികളില്‍ ഒന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ്. ഇന്ത്യയുടെ പ്രതിരോധ ലക്ഷ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഈ മേഖലയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യതയുണ്ട്. ഈ അവസരം മുതലെടുക്കാനാണ് റിലയന്‍സ് ഇന്‍ഫ്രയ്ക്ക് കീഴിലുള്ള റിലയന്‍ഡ് ഡിഫന്‍സ് ലിമിറ്റഡിന്റെ ശ്രമം. വെടിക്കോപ്പുകളുടെ വമ്പന്‍ കയറ്റുമതിയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.
2027 സാമ്പത്തിക വര്‍ഷം അവസാനത്തോടെ 155 എം.എം വെടിക്കോപ്പുകളും അനുബന്ധ ഭാഗങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ 3,000 കോടി രൂപയാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്. ഈ വര്‍ഷം 1,500 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും ഉദ്ദേശിക്കുന്നു. യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ വിപണികളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അടുത്തിടെ ജര്‍മന്‍ കമ്പനിയായ റീന്‍മെറ്റല്‍ എജിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ അത്യാധുനിക യുദ്ധ ഉപകരണങ്ങളും ആയുധങ്ങളും നിര്‍മിക്കാന്‍ കരാറിലെത്തിയിരുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വിലയ മൂന്നാമത്തെ ആയുധ നിര്‍മാണ് കമ്പനിയാകാനുള്ള തയാറെടുപ്പിലാണ് റിലയന്‍സ് ഡിഫന്‍ന്‍സ്.
Read DhanamOnline in English
Subscribe to Dhanam Magazine