സ്വർണത്തിനും വെള്ളിക്കും ഇനിയും വില കുറയുമോ, ക്രൂഡ് ഓയിൽ നിരക്ക് ഉയരുമോ? കമ്മോഡിറ്റി വിപണിയിൽ ഇനിയെന്ത്?

വരുന്ന വ്യാപാര ആഴ്ചയിൽ (ജൂൺ 8-12) പ്രധാന കമ്മോഡിറ്റികളിൽ പ്രതീക്ഷിക്കാവുന്ന നീക്കങ്ങളും വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം
Commodities
Background vector created by rawpixel.com - www.freepik.com
Published on

ആഗോള കമ്മോഡിറ്റി വിപണിയിൽ കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ജൂൺ 1-5) വലിയ രീതിയിലുള്ള തിരുത്തലുകളാണ് ദൃശ്യമായത്. പ്രധാനമായും വിലയേറിയ ലോഹങ്ങളായ സ്വർണം, വെള്ളി എന്നിവയുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ ശക്തമായ വിൽപന സമ്മർദ്ദവും ലാഭമെടുപ്പും പ്രകടമായി. അതേസമയം, ഊർജ്ജ വിഭാ​ഗത്തിൽ ക്രൂഡ് ഓയിൽ ചെറിയ നേട്ടത്തോടെ സ്ഥിരത നിലനിർത്തിയപ്പോൾ നാച്വറൽ ​ഗ്യാസിന്റെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ നേരിയ ഇടിവും രേഖപ്പെടുത്തി. ഈയൊരു പശ്ചാത്തലത്തിൽ വരുന്ന വ്യാപാര ആഴ്ചയിൽ (ജൂൺ 8-12) പ്രധാന കമ്മോഡിറ്റികളിൽ പ്രതീക്ഷിക്കാവുന്ന നീക്കങ്ങളും വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.

ബുള്ള്യൻ മാർക്കറ്റിൽ ഇനിയെന്ത്? (​സ്വർണം & വെള്ളി)

കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർന്ന കൺസോളിഡേഷൻ ഘട്ടത്തിന് ശേഷം സ്വർണ വിലയിൽ വലിയ ഇടിവ് നേരിട്ടിരിക്കുകയാണ്. ആഴ്ചയുടെ തുടക്കത്തിൽ 4,538 ഡോളറിൽ വ്യാപാരം ആരംഭിച്ച സ്വർണം, വിൽപന സമ്മർദ്ദം ശക്തമായതിനെ തുടർന്ന് 4.61 ശതമാനം ഇടിഞ്ഞ് 4,329 ഡോളറിലാണ് ഈയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, വരുന്ന ആഴ്ചയിൽ സ്വർണത്തിന് 4,275 ഡോളർ നിലവാരത്തിൽ നിന്നും അതിന് താഴേക്ക് വീണുപോയാൽ 4,098 ഡോളറിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഇനി മുന്നേറാൻ ശ്രമിക്കുകയാണെങ്കിൽ 4,545 ഡോളർ നിലവാരത്തിലും ഇവിടം മറികടന്നാൽ 4,715 ഡോളറിലും പ്രതിരോധം നേരിടേണ്ടി വന്നേക്കാം.

വെള്ളിയുടെ വിലയിൽ സമീപകാലത്തെ ഏറ്റവും ശക്തമായ പ്രതിവാര തകർച്ചയാണ് രേഖപ്പെടുത്തിയത്. ഈയാഴ്ച തുടക്കത്തിൽ നേരിയ ഇടിവ് നേരിട്ട് 74.98 ഡോളറിൽ വ്യാപാരം തുടങ്ങിയ വെള്ളിയുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകൾ പിന്നീടും തിരുത്തൽ നേരിട്ടതോടെ ആഴ്ച കാലയളവിൽ 9.84 ശതമാനം ഇടിഞ്ഞ് 67.89 ഡോളറിൽ ക്ലോസിങ് കുറിച്ചു. ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ വെള്ളിയുടെ വില 64.10 ഡോളർ നിലവാരത്തിലുള്ള പിന്തുണ തകരാതെ കാത്തുസൂക്ഷിക്കുമോ എന്നുള്ളതാണ് നിർണായകം. ഇവിടം തകരുകയാണെങ്കിൽ വെള്ളിയുടെ വില 58.27 ഡോളറിലേക്ക് താഴാം. മറിച്ച് തിരികെ കയറാനാണ് ശ്രമമെങ്കിൽ 75 ഡോളറിലും 80.75 ഡോളറിലും പ്രതിരോധം പ്രതീക്ഷിക്കാം.

ഊർജ്ജ മേഖല എങ്ങനെയാകും? (ക്രൂഡ് ഓയിൽ & നാച്വറൽ ​ഗ്യാസ്)

ഈ കടന്നുപോകുന്ന ആഴ്ചയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വിപണിയിൽ വലിയ ചാ‍ഞ്ചാട്ടങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. ഒടുവിൽ 0.99 ശതമാനം നേട്ടത്തോടെ 92.79 ഡോളറിൽ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകൾ ക്ലോസ് ചെയ്തു. നിലവിൽ ക്രൂഡ് ഓയിൽ വിപണി ഒരു കൺസോളിഡേഷൻ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് വിലയിരുത്തൽ. ക്രൂഡ് ഓയിൽ കോൺട്രാക്ടിൽ ഇനിയും തിരുത്തൽ നേരിട്ടാൽ 86.10 ഡോളർ നിലവാരത്തിൽ നിന്ന് പിന്തുണയും മറിച്ച് മുന്നേറാൻ ശ്രമിക്കുകയാണെങ്കിൽ 101.35 ഡോളറിൽ ആദ്യത്തെ പ്രതിരോധവും പ്രതീക്ഷിക്കാം. ഇവിടം മറികടന്നാൽ ക്രൂഡ് ഓയിൽ വില 112.70 ഡോളറിലേക്ക് വരെ ഉയരാൻ സാധ്യതയുണ്ട്.

അതേസമയം നാച്വറൽ ഗ്യാസ്, ഈയാഴ്ച തുടക്കത്തിൽ മികച്ച നേട്ടത്തോടെ 3.34 ഡോളറിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ആഴ്ചയുടെ രണ്ടാം പകുതിയിലെ ലാഭമെടുപ്പ് മൂലം 1.16 ശതമാനം ഇടിവ് നേരിട്ട് 3.24 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. നാച്വറൽ ഗ്യാസ് വിപണിയിൽ 3.50 ഡോളർ നിലവാരത്തിന് മുകളിൽ തുടരാൻ സാധിച്ചാൽ മാത്രമേ ഇനിയൊരു മുന്നേറ്റം സാധ്യമാകൂ. താഴേക്കുള്ള യാത്രയിൽ 2.98 ഡോളറിലാകും ആദ്യത്തെ പിന്തുണ പ്രതീക്ഷിക്കാം.

അടുത്തയാഴ്ചത്തെ വിപണി സാധ്യതകൾ

വരുന്ന വ്യാപാര ആഴ്ചയിൽ(ജൂൺ 8-12) യു.എസ്, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സൂചകങ്ങളാകും കമ്മോഡിറ്റി വിപണിയുടെ ഭാവിഗതി നിശ്ചയിക്കുക. പ്രധാനമായും യു.എസ് പുറത്തുവിടുന്ന ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകളും (ബുധനാഴ്ച), പി.പി.ഐ നിരക്കുകളും (വ്യാഴാഴ്ച) യു.എസ് ഡോളറിന്റെ മൂല്യത്തെയും ഫെഡ് റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളെയും സ്വാധീനിക്കും. പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്നാൽ അത് ഡോളറിനെ ശക്തിപ്പെടുത്തുകയും സ്വർണം, വെള്ളി എന്നിവയുടെ വിലയെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.

അതേസമയം ക്രൂഡ് ഓയിൽ വിപണിയിൽ എ.പി.ഐ, ഇ.ഐ.എ എന്നീ യു.എസ് ഏജൻസികളിൽ നിന്നുള്ള അസംസ്‌കൃത എണ്ണ സംഭരണ റിപ്പോർട്ടുകളും ഒപെക് (OPEC) പ്രതിമാസ റിപ്പോർട്ടുമാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. യു.എസ് സംഭരണത്തിൽ നിന്നുള്ള കുറവുണ്ടാകുന്നത് എണ്ണ വിലയ്ക്ക് അനുകൂലമായേക്കാം. മൊത്തത്തിൽ, വരുന്ന ആഴ്ചയിലും കമ്മോഡിറ്റി വിപണിയിൽ അസ്ഥിരത തുടരാനാണ് സാധ്യത.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com