

ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ (ജൂൺ 8-12) ആഗോള കമ്മോഡിറ്റി വിപണിയിൽ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമായത്. യു.എസ് ഡോളറിന്റെ കരുത്ത് വർധിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വാങ്ങുന്ന താത്പര്യം കുറഞ്ഞതും തുടർച്ചയായ രണ്ടാം വാരത്തിലും സ്വർണവിലയെ സമ്മർദ്ദത്തിലാക്കി. എന്നാൽ വെള്ളിയുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടിൽ നേരിയ മുന്നേറ്റം കരസ്ഥമാക്കി, കൺസോളിഡേഷൻ ഘടത്തിലാണ്.
അതേസമയം ഊർജ്ജ വിഭാഗത്തിലെ കമ്മോഡിറ്റികളിൽ ആഗോള സംഘർഷങ്ങൾക്കിടയിലും ലാഭമെടുപ്പ് ശക്തമായതോടെ ക്രൂഡ് ഓയിലിന്റെ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. നാച്വറൽ ഗ്യാസിന്റെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടിലും തിരുത്തൽ നേരിട്ടു. വരുന്ന വ്യാപാര ആഴ്ചയിൽ (ജൂൺ 15-19) പ്രധാന കമ്മോഡിറ്റികളായ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ, നാച്വറൽ ഗ്യാസ് എന്നിവയിൽ പ്രതീക്ഷിക്കാവുന്ന നീക്കങ്ങളും വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളും എന്തൊക്കെയെന്ന് വിശദമായി നോക്കാം.
ഇക്കഴിഞ്ഞ ആഴ്ച 4,329 ഡോളറിൽ വ്യാപാരം ആരംഭിച്ച സ്വർണത്തിന് ഉയർന്ന നിലവാരത്തിൽ തുടരാൻ സാധിച്ചില്ല. ആഗോള തലത്തിലുള്ള മാക്രോ ഇക്കോണമിക് ചലനങ്ങളും ശക്തമാകുന്ന ഡോളറും നിക്ഷേപകരെ സ്വാധീനിച്ചതോടെ ആഴ്ച കാലയളവിൽ 2.54 ശതമാനം ഇടിവ് നേരിട്ട് 4,219 ഡോളറിലാണ് സ്വർണം ക്ലോസ് ചെയ്തത്. സാങ്കേതികമായി, സ്വർണത്തിന് 4,165 ഡോളർ നിലവാരത്തിലാണ് തൊട്ടടുത്ത സപ്പോർട്ട് മേഖലയുള്ളത്. ഇവിടം തകർന്നാൽ സ്വർണ വില 4,000 ഡോളറിലെ പ്രധാന സപ്പോർട്ട് മേഖലയിലേക്ക് പിന്തള്ളപ്പെടു. മറിച്ച് മുന്നേറാൻ ശ്രമിക്കുകയാണെങ്കിൽ 4,380 ഡോളറിലും 4,545 ഡോളറിലും ശക്തമായ പ്രതിരോധം നേരിടേണ്ടിവരും.
മറുവശത്ത്, വെള്ളി വിലയിൽ വലിയ തോതിലുള്ള മാറ്റമില്ലാതെ നേരിയ മുന്നേറ്റമാണ് ദൃശ്യമായത്. ആഴ്ചയുടെ തുടക്കത്തിൽ നേരിയ ഗ്യാപ് ഡൗണോടെ 67.62 ഡോളറിൽ വ്യാപാരം തുടങ്ങിയ വെള്ളിയുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ട്, യു.എസിൽ നിന്നും പുറത്തുവന്ന സാമ്പത്തിക ഡാറ്റയോടും പലിശ നിരക്ക് വ്യതിയാനങ്ങളോടും പ്രതികരിച്ച് 0.18 ശതമാനം നേട്ടത്തോടെ 68.01 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയുടെ വിപണിയിൽ ബൈയർമാരും സെല്ലർമാരും നിലവിൽ സന്തുലിത പങ്കുവഹിക്കുന്നതിനാൽ വില ഒരു നിശ്ചിത പരിധിക്കുള്ളിലാണ്. വരുന്ന ആഴ്ചയിൽ 64.10 ഡോളർ നിരക്കിലെ പിന്തുണ നിലനിർത്തിയാൽ വെള്ളിയുടെ വില 71.80 ഡോളർ വരെ ഉയർന്നേക്കാം. അടുത്ത പ്രധാന പ്രതിരോധം 78.00 ഡോളറിലാണ് ഉള്ളത്.
ബ്രെന്റ് ക്രൂഡ് ഓയിൽ വിപണിയിൽ ഈ കടന്നുപോകുന്ന ആഴ്ചയിൽ കടുത്ത ചാഞ്ചാട്ടം പ്രകടമായി. ആഴ്ചയുടെ തുടക്കത്തിൽ ആഗോള സംഘർഷങ്ങളെ മുൻനിർത്തി 2.92 ശതമാനം ഉയർന്ന് (ഗ്യാപ് അപ്പ്) 95.50 ഡോളറിലാണ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിലെ വ്യാപാരം ആരംഭിച്ചത്. എന്നാൽ ഉയർന്ന നിലവാരത്തിലേക്ക് വരുമ്പോൾ നേരിട്ട ശക്തമായ ലാഭമെടുപ്പ് മൂലം ക്രൂഡ് ഓയിൽ കുത്തനെ ഇടിയുകയും ആഴ്ച കാലയളവിൽ 6.47 ശതമാനം നഷ്ടത്തോടെ 86.79 ഡോളറിൽ ക്ലോസിങ് കുറിച്ചു. സാങ്കേതികമായി, ക്രൂഡ് ഓയിൽ നിർണായക ഘട്ടത്തിലാണ് നിൽക്കുന്നത്. വരുന്ന ആഴ്ചയിൽ 84.70 ഡോളറിലുള്ള തൊട്ടടുത്ത സപ്പോർട്ട് നിലവാരം തകരാതെ നോക്കാൻ സാധിച്ചില്ലെങ്കിൽ ക്രൂഡ് ഓയിൽ വിപണി വലിയ തിരുത്തലുകളിലേക്ക് വഴിമാറും. മറിച്ച് മുന്നേറാൻ ശ്രമിക്കുകയാണെങ്കിൽ 96.00 ഡോളറിലും 101.35 ഡോളറിലും പ്രതിരോധം പ്രതീക്ഷിക്കാം.
നാച്ചുറൽ ഗ്യാസ് വിപണിയിലും ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ കടുത്ത അസ്ഥിരതയാണ് പ്രകടമായത്. വേനൽക്കാല ഡിമാൻഡും (Summer cooling demand) ആഭ്യന്തര തലത്തിലുള്ള സംഭരണ കണക്കുകളും വിപണിയെ സ്വാധീനിച്ചു. ആഴ്ച കാലയളവിൽ 2.30 ശതമാനം ഇടിവോടെ 3.17 ഡോളറിലാണ് നാച്വറൽ ഗ്യാസ് വ്യാപാരം അവസാനിപ്പിച്ചത്. നാച്വറൽ ഗ്യാസിൽ പോസിറ്റീവ് ട്രെൻഡിലേക്ക് തിരിച്ചെത്താൻ 3.40 ഡോളർ നിരക്കിലെ പ്രതിരോധം മറികടക്കേണ്ടതുണ്ട്. താഴേക്ക് വീഴുകയാണെങ്കിൽ 2.98 ഡോളർ നിരക്കിൽ നിന്നും നാച്വറൽ ഗ്യാസിൽ പിന്തുണ പ്രതീക്ഷിക്കാം.
വരുന്ന ദിവസങ്ങളിൽ ആഗോള കമ്മോഡിറ്റി വിപണിയുടെ ഗതി നിശ്ചയിക്കുന്നതിൽ വിവിധ കേന്ദ്ര ബാങ്കുകളുടെ തീരുമാനങ്ങൾ നിർണായകമാകും. പ്രധാനമായും യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ എഫ്.ഒ.എം.സി യോഗം, പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങൾ, ഫെഡ് ചെയർമാന്റെ സമ്പദ്ഘടനയെ കുറിച്ചുള്ള പ്രസ്താവനകൾ എന്നിവയാണ് കമ്മോഡിറ്റി വിപണി ഉറ്റുനോക്കുന്നത്. ഇതിനുപുറമെ ജപ്പാൻ (BOJ), ഇംഗ്ലണ്ട് (BOE), സ്വിറ്റ്സർലൻഡ് (SNB), ഓസ്‌ട്രേലിയ (RBA) എന്നീ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നയങ്ങളും വിപണിയെ സ്വാധീനിക്കാം.
അമേരിക്കയിലെ റീട്ടെയിൽ വിൽപ്പന കണക്കുകൾ, തൊഴിലില്ലായ്മാ നിരക്ക് എന്നിവയും എണ്ണ വിപണിയിലെ ഒപെക്, ഐ.ഇ.എ പ്രതിമാസ റിപ്പോർട്ടുകളും വരുന്ന ആഴ്ചയിൽ കമ്മോഡിറ്റി വിപണിക്ക് പുതിയ ദിശാസൂചനകൾ നൽകും. ചൈനയിൽ നിന്നുള്ള വ്യാവസായിക ഉത്പാദന കണക്കുകളും വിപണിയുടെ ലിക്വിഡിറ്റിയെ സ്വാധീനിച്ചേക്കാം. ചുരുക്കത്തിൽ, പുതിയ ആഴ്ചയിൽ വിലയേറിയ ലോഹങ്ങൾ യു.എസ് ഫെഡ് നയങ്ങളെ ആശ്രയിച്ചും ഊർജ്ജ വിഭാഗത്തിലെ കമ്മോഡിറ്റികൾ ആഗോള സംഘർഷങ്ങളെയും സംഭരണ-ആവശ്യകതകളെ ആശ്രയിച്ചും ചാഞ്ചാട്ടത്തിൽ തുടരാനാണ് സാധ്യത.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധനെ മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine