കമ്മോഡിറ്റി മാർക്കറ്റ്: സ്വർണത്തിന്റെ ഭാവിയെന്ത്? വെള്ളി തിരിച്ചുകയറുമോ?

വിപണി പ്രതീക്ഷിക്കുന്നതിലും മികച്ച നിലയിലുള്ള ഡേറ്റ ആണ് പുറത്തു വരുന്നതെങ്കിൽ ക്രൂ‍ഡോയിൽ, വ്യാവസായിക ലോഹങ്ങൾ‌ എന്നിവയുടെ മുന്നേറ്റത്തിനും മറിച്ചായാൽ തിരിച്ചടിക്കുമുള്ള സാധ്യതകൾ തുറന്നിടുന്നു.
commodity market analysis
canva
Published on

ആ​ഗോള സംഘർഷം, പണപ്പെരുപ്പ ഭീഷണി, ഊർജ സംഭരണം തുടങ്ങിയവയിൽ പുറത്തുവരുന്ന പുതിയ വിവരങ്ങളും ഡേറ്റകളുമാകും മാർച്ച് മാസത്തിലെ അവസാന വ്യാപാര ആഴ്ചയിൽ കമ്മോഡിറ്റി വിപണിയെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങൾ. യു.എസ്, യൂറോപ്പ്, യു,കെ, ഇന്ത്യ, ജപ്പാൻ എന്നിവടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പി.എം.ഐ ഡേറ്റകൾ, ആ​ഗോള സമ്പദ്ഘടനയുടെ നിലവിലെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള സൂചനകൾ നൽകുന്നതാണ്.

വിപണി പ്രതീക്ഷിക്കുന്നതിലും മികച്ച നിലയിലുള്ള ഡേറ്റ ആണ് പുറത്തു വരുന്നതെങ്കിൽ ക്രൂ‍ഡോയിൽ, വ്യാവസായിക ലോഹങ്ങൾ‌ എന്നിവയുടെ മുന്നേറ്റത്തിനും മറിച്ചായാൽ തിരിച്ചടിക്കുമുള്ള സാധ്യതകൾ തുറന്നിടുന്നു. അതുപോലെ ഡോളർ മൂല്യം, യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് എന്നിവയിലെ നീക്കങ്ങളാകും സ്വർണം, വെള്ളി വിലയെ സ്വാധീനിക്കുക.

പ്രതിവാര വിശകലനവും ഈയാഴ്ചയിലേക്കുള്ള ടെക്നിക്കൽ അനാലിസിസ് പ്രകാരം വിവിധ കമ്മോഡിറ്റികളിലുള്ള കാഴ്ചപ്പാടും താഴെ ചേർക്കുന്നു.

​സ്വർണം - ഇനിയെന്ത്?

കഴിഞ്ഞയാഴ്ചയിൽ നേരിയ ഇടിവോടെ 5,004.25 ഡോളറിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം ആരംഭിച്ചത്. സ്ഥിരതയാർജിക്കാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് 5,044.53 ഡോളർ വരെയെത്തി ആഴ്ചക്കാലയളവിലെ ഉയർന്ന നിലവാരം കുറിക്കാനും സാധിച്ചു. എന്നാൽ ഉയർന്ന നിലയിൽ തങ്ങിനിൽക്കാനോ തുടർ മുന്നേറ്റം സൃഷ്ടിക്കുന്നതിനോ കഴിഞ്ഞില്ല. വിൽപ്പന സമ്മർദം കടുത്തതോടെ സ്വർണവില കുത്തനെ താഴേക്കിറങ്ങി. ആ വീഴ്ചയിൽ 4,477.45 ഡോളറിലേക്ക് ചുരുങ്ങി കഴിഞ്ഞയാഴ്ചയിലെ താഴ്ന്ന വിലനിലവാരം കുറിച്ചു. തുടർന്ന് 4,491.67 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ആഴ്ചക്കാലയളവിൽ സ്വർണ വിലയിൽ 10.49% ഇടിവ് രേഖപ്പെടുത്തി.

ടെക്നിക്കൽ അനാലിസിസ് പ്രകാരം നോക്കിയാൽ, ഉയർന്ന വിലനിലവാരത്തിൽ നിന്നും ഒറ്റയടിക്കാണ് സ്വർണം കൂപ്പുകുത്തിയിരിക്കുന്നത്. ചാർട്ടിൽ ബ്രേക്ക്ഡൗൺ പാറ്റേൺ പ്രകടമായിട്ടുണ്ട്. ഇത് സ്വർണത്തിന്റെ ഹ്രസ്വകാല ട്രെൻഡ് ദുർബലമാക്കിയിരിക്കുന്നു. ഇനി സമീപഭാവിയിലേക്ക് സ്വർണത്തിന്റെ തൊട്ടടുത്ത പിന്തുണ മേഖല 4,405 ‍‍ഡോളർ നിലവാരത്തിലാണുള്ളത്. ഇതിന് താഴെ 3,890 ഡോളർ നിലവാരത്തിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കാം. മറിച്ച് വരുന്നയാഴ്ച മുന്നേറ്റത്തിനുള്ള ശ്രമം നടത്തിയാൽ സ്വർണത്തിന് മുന്നിലുള്ള ആദ്യ പ്രതിരോധ കടമ്പ 5,040 ‍ഡോളർ നിലവാരത്തിൽ നിന്നാകും പ്രതീക്ഷിക്കേണ്ടത്. ഇവിടം മറികടന്നാൽ 5,600 ഡോളർ നിലവാരത്തിൽ നിന്നാകും പിന്നീട് പ്രതിരോധം പ്രതീക്ഷിക്കേണ്ടത്.

പുതിയ ആഴ്ചയിലേക്കുള്ള കാഴ്ചപ്പാട്: വീണ്ടും ഇടിയാൻ പ്രവണത കാണിക്കുന്ന ബെയറിഷ് ട്രെൻഡിലാകും വരുന്നയാഴ്ചയിൽ സ്വർണം വ്യാപാരം ചെയ്യപ്പെടാൻ സാധ്യതയുള്ളത്. 4,405 ഡോളർ നിലവാരം തകരാതെ കാത്തുസൂക്ഷിച്ചാൽ സ്വർണവില സ്ഥിരതയാർജിക്കാൻ വഴിതെളിക്കും. എന്നിരുന്നാലും 5,040 ഡോളർ നിലവാരം മറികടക്കാൻ സാധിച്ചാൽ മാത്രമാണ് മികച്ചൊരു തുടർ മുന്നേറ്റത്തിന് വഴിയൊരുങ്ങുകയുള്ളൂ. അതേസമയം തൊട്ടുത്ത പിന്തുണ മേഖല കരുത്തേകുന്നില്ലെങ്കിൽ സ്വർണത്തിൽ കൂടുതൽ തിരുത്തൽ നേരിടാം.

വെള്ളി - ഇനിയെന്ത്?

കഴിഞ്ഞയാഴ്ചയിൽ 15.74 ശതമാനം ഇടിവ് നേരിട്ട് 67.90 ഡോളർ നിലവാരത്തിലാണ് വെള്ളിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം നോക്കിക്കണ്ടാൽ, സമീപകാലത്തെ ഉയർന്ന നിലവാരത്തിൽ നിന്നും കുത്തനെ താഴേക്കാണ് വെള്ളി വില ഇടിഞ്ഞിരിക്കുന്നത്. ചാർട്ടിൽ നിലവിലെ ഘടന ദുർബലതയെ സൂചിപ്പിക്കുന്നു. ഇത് വെള്ളിയിൽ പ്രകടമായിരുന്ന ബുള്ളിഷ് മൊമന്റം അഥവാ കുതിപ്പിനുള്ള ​ഗതിവേ​ഗത്തെ നഷ്ടമാക്കി. അതേസമയം സമീപ ഭാവിയിലേക്ക് നോക്കിയാൽ, വെള്ളിയുടെ തൊട്ടടുത്ത സപ്പോർട്ട് മേഖല 64.35 ഡോളർ നിലവാരത്തിലാണ് ഉള്ളത്. ഇതിന് താഴെ 45.50 ഡോളർ നിലവാരത്തിൽ നിന്നാകും ശക്തമായ പിന്തുണ പ്രതീക്ഷിക്കാവുന്നത്. മറിച്ച് മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ വെള്ളിക്ക് ആദ്യം മറികടക്കേണ്ട പ്രതിരോധക്കടമ്പ 82.65 ഡോളർ നിലവാരത്തിലും ഇവിടം മറികടന്നാൽ 96.75 ഡോളർ നിലവാരത്തിൽ നിന്നുമാകും പ്രതിരോധം പ്രതീക്ഷിക്കേണ്ടത്.

പുതിയ ആഴ്ചയിലേക്കുള്ള കാഴ്ചപ്പാട്: വരുന്നയാഴ്ചയിലും വെള്ളിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. നിക്ഷേപകർ ജാ​ഗ്രത പാലിക്കണം. 64.35 ഡോളർ നിലവാരം തകരാതെ കാത്തുസൂക്ഷിക്കാനായാൽ, വെള്ളിക്ക് കൂടുതൽ ഇടിവിൽ നിന്നും രക്ഷനേടാം. 82.65 ഡോളർ നിലവാരം മറികടന്നാൽ, വെള്ളി വില വീണ്ടും സ്ഥിരതയാർജിക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമായും കണക്കാക്കാം.

ക്രൂഡോയിൽ - ഇനിയെന്ത്?

കഴിഞ്ഞയാഴ്ചയിൽ ബ്രെന്റ് ക്രൂ‍ഡോയിൽ വിലയിൽ 5.47 ശതമാനം വർധന കുറിച്ചു. 119.13 ഡോളർ വരെ കുതിച്ചുയർന്നെങ്കിലും 109.56 ഡോളർ നിലവാരത്തിലാണ് ബ്രെന്റ് ക്രൂഡോയിൽ വ്യാപാരം അവസാനിപ്പിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം നോക്കിയാൽ, ബ്രെന്റ് ക്രൂഡോയിലിന്റെ ചാർട്ടിൽ കുതിപ്പിന്റെ സൂചനയായ ബ്രേക്കൗട്ട് പാറ്റേൺ പ്രകടമാണ്. വ്യാപാരം ഉയർന്ന വിലപരിധിയിലേക്ക് മാറിയിട്ടുള്ളതും ഇതിന്റെ ലക്ഷണമാണ്. അതേസമയം ബ്രെന്റ് ക്രൂഡോയിലിന്റെ തൊട്ടടുത്ത സപ്പോർട്ട് മേഖല 99.50 ഡോളർ നിലവാരത്തിലാണുള്ളത്. ഇതിന് താൻെ 81 ഡോളർ നിലവാരത്തിലും ബ്രെന്റ് ക്രൂഡ‍ോയിലിന് പിന്തുണ ലഭിക്കാം. മറുവശത്ത് ഇനി മുന്നേറണമെങ്കിൽ 119.50 ഡോളർ നിലവാരത്തിലെ പ്രതിരോധം മറികടക്കണം. ഇവിടം കടന്നാൽ പിന്നീട് ബ്രെന്റ് ക്രൂഡോയിൽ വില 138 ഡോളർ നിലവാരത്തിലേക്ക് ഉയരാമെന്നാണ് അനുമാനം.

പുതിയ ആഴ്ചയിലേക്കുള്ള കാഴ്ചപ്പാട്: ചാർട്ടിൽ ബ്രെന്റ് ക്രൂഡോയിലിന്റെ മൊത്തത്തിലുള്ള ട്രെൻഡ് ബുള്ളിഷ് (ഇനിയും ഉയരാമെന്ന്) തന്നെയാണ്. എന്നിരുന്നാലും തൊട്ടുമുമ്പിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. 99.50 ഡോളർ നിലവാരം തകരാതെ നോക്കുന്നിടത്തോളം ബ്രെന്റ് ക്രൂഡോയിൽ വിലയിൽ മുന്നേറ്റം തുടരാനാണ് സാധ്യത. അതുപോലെ 119.50 ഡോളർ നിലവാരം മറികടന്നാൽ ക്രൂഡോയിൽ വില കൂടുതൽ ഉയരങ്ങളിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

നാച്ചുറൽ ​ഗ്യാസ് - ഇനിയെന്ത്?

കഴിഞ്ഞയാഴ്ച നാച്ചുറൽ ​ഗ്യാസ് വിലയിൽ 1.57 ശതമാനം ഇടിവ് നേരിട്ട് 3.076 ഡോളർ വിലനിലവാരത്തിലാണ് ക്ലോസിങ് കുറിച്ചത്. ടെക്നിക്കൽ അനാലിസിസ് മുഖേന വിലയിരുത്തിയാൽ നാച്ചുറൽ ​ഗ്യാസിന്റെ ചാർട്ടിൽ, നിശ്ചിത പരിധിക്കുള്ളിൽ തങ്ങിനിൽക്കുന്ന റേഞ്ച്-ബൗണ്ട് (Range-bound) പ്രകടനത്തിനുള്ള സാധ്യതയാണ് വരുന്നയാഴ്ചയിലേക്ക് കരുതിവെച്ചിട്ടുള്ളതെന്നാണ് പ്രതീക്ഷ. ഇനി നാച്ചുറൽ ​ഗ്യാസിന്റെ തൊട്ടടുത്ത പിന്തുണ മേഖല 2.71 ഡോളർ നിലവാരത്തിലാണുള്ളത്. ഇതിന് താഴെ 2.07 ഡോളറിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നു. മറുവശത്ത് നാച്ചുറൽ ​ഗ്യാസ് ഇനിയും മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ 3.51 ഡോളർ നിലവാരത്തിലാകും ആദ്യ പ്രതിരോധം പ്രതീക്ഷിക്കേണ്ടത്. ഇവിടം മറികടന്നാൽ കൂടുതൽ ബുള്ളിഷ് ട്രെൻഡ് പ്രകടമാക്കും.

പുതിയ ആഴ്ചയിലേക്കുള്ള കാഴ്ചപ്പാട്: 2.71 ഡോളർ നിലവാരത്തിന് മുകളിൽ നാച്ചുറൽ ​ഗ്യാസിന്റെ വ്യാപാരം തുടർന്നാൽഇടിവിനുള്ള സാധ്യത മങ്ങും. എന്നാൽ 3.51 ഡോളർ നിലവാരം മറികടന്നാൽ നാച്ചുറൽ ​ഗ്യാസ് കൂടുതൽ ബുള്ളിഷ് ട്രെൻഡ് പ്രകടമാക്കും.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com