സ്വർണം, വെള്ളി — ഇനിയെന്ന് രക്ഷപ്പെടും? കമ്മോഡിറ്റി വിപണിയിൽ ഈയാഴ്ച എന്ത് പ്രതീക്ഷിക്കാം?

ഉയർന്ന പണപ്പെരുപ്പവും സ്ഥിരതയാർന്ന സാമ്പത്തിക ഡേറ്റകളും കൂടിച്ചേർന്ന്, യു.എസ് ഡോളർ ശക്തിയാർജിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. ഈയൊരു അവസ്ഥ സ്വർണം, വെള്ളി പോലുള്ള ലോഹങ്ങൾക്ക് തിരിച്ചടിയാണ്.
commodity market analysis
canva
Published on

കമ്മോഡിറ്റി വിപണിയുടെ ഈയാഴ്ചയിലേക്കുള്ള കാഴ്ചപ്പാട് പൊതുവിൽ സമ്മിശ്രമാണെങ്കിലും ഇടിവ് നേരിടാനുള്ള സാധ്യതയോട് താരതമ്യേന കൂടുതൽ ചായ്‍വ് പ്രകടവുമാക്കുന്നുമുണ്ട്. വ്യാവസായിക ലോഹങ്ങളുടെ വിപണിയിൽ ചേർച്ചക്കേട് വെളിവാക്കുന്ന സൂചനയാണ് കാണാനാകുന്നത്. ചൈനയിൽ വ്യാപാരം, ഉത്പാ​​ദനം തുടങ്ങിയ മേഖലകളിൽ ഉണർവുണ്ടെങ്കിലും റീട്ടെയിൽ വിൽപ്പനയിലെ ഇടിവും വിദേശ നിക്ഷേപം കുറയുന്നതും മുന്നേറ്റത്തിനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു.

അതുപോലെ ഉയർന്ന പണപ്പെരുപ്പവും സ്ഥിരതയാർന്ന സാമ്പത്തിക ഡേറ്റകളും കൂടിച്ചേർന്ന്, യു.എസ് ഡോളർ ശക്തിയാർജിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. ഈയൊരു അവസ്ഥ സ്വർണം, വെള്ളി പോലുള്ള ലോഹങ്ങൾക്ക് തിരിച്ചടിയാണ്. സമാനമായി ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് എന്നിവയുടെ സംഭരണം വർധിക്കുന്നത് വിതരണം മെച്ചപ്പെടുന്നതിന്റെ ലക്ഷണമായി വായിച്ചെടുക്കാം. ഇത് എനർജി വിപണിയുടെ മുകളിലേക്കുള്ള കുതിപ്പിന് തടയിടുന്ന ഘടകമായും മാറുന്നു.

സ്വർണം — ഇനിയെന്ത്?

രാജ്യാന്തര വിപണിയിൽ കഴിഞ്ഞയാഴ്ച 1.5% നേട്ടത്തോടെ 4,747 ഡോളർ നിലവാരത്തിലാണ് സ്വർണത്തിന്റെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. നിലവിലെ ടെക്നിക്കൽ അനാലിസിസ് പ്രകാരം, സ്വർണത്തിന്റെ തൊട്ടടുത്ത സപ്പോർട്ട് മേഖല 4,410 ഡോളർ നിലവാരത്തിലാണുള്ളത്. ഇതിന് താഴെ 3,890 ഡോളറിലും ശക്തമായ പിന്തുണ പ്രതീക്ഷിക്കാം. മറിച്ച് സ്വർണം കൂടുതൽ മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ മറികടക്കേണ്ട ആദ്യ പ്രതിരോധം 4,880 ഡോളറിലാണുള്ളത്. ഇതിന് മുകളിലേക്ക് കടന്നാൽ പിന്നീട് 5,600 ഡോളറിൽ നിന്നും പ്രതിരോധം പ്രതീക്ഷിക്കേണ്ടിവരാം.

അടുത്തിടെ നേരിട്ട തിരുത്തലിനുശേഷം സ്വർണ വില സ്ഥിരതയാർജിക്കാനുള്ള ശ്രമം നടത്തുന്നതായി കാണാം. 4,410 ഡോളറിന് മുകളിൽ വ്യാപാരം ചെയ്യുന്നിടത്തോളം സ്വർണ വില കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാനുള്ള പ്രവണത പ്രകടിപ്പിക്കും. അതേസമയം 4,880 ഡോളർ നിലവാരം മറികടക്കാൻ സാധിച്ചാൽ, കൂടുതൽ ശക്തമായ കുതിപ്പ് തെളിഞ്ഞുവരാം. എന്നാൽ 4,880 ഡോളറിന് താഴെയായാണ് വ്യാപാരം നടക്കുന്നതെങ്കിൽ സ്വർണം ഒരു കൺസോളിഡേഷൻ പാതയിലേക്ക് വഴിമാറാനുള്ള സാധ്യതയുമുണ്ട്.

വെള്ളി — ഇനിയെന്ത്?

കഴിഞ്ഞയാഴ്ച 3.86% നേട്ടത്തോടെ 75.83 ഡോളറിലാണ് വെള്ളിയുടെ ക്ലോസിങ് രേഖപ്പെടുത്തിയത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, വെള്ളിയുടെ തൊട്ടടുത്ത സപ്പോർട്ട് മേഖലകൾ‌ 61.15 ഡോളർ നിലവരാത്തിലും ഇതിന് താഴെയായി 45.50 ഡോളർ നിലവാരത്തിൽ നിന്നും കുറിക്കുന്നു. മറുവശത്ത് മുന്നേറാനുള്ള ശ്രമത്തിൽ ആദ്യം മറികടക്കേണ്ട പ്രതിരോധം 80.60 ഡോളറിലും ഇതിനു ശേഷം 96.50 ഡോളർ നിലവാരത്തിൽ നിന്നും പ്രതീക്ഷിക്കാം.

ഉയർന്ന നിലവാരങ്ങളിൽ നിന്നും നേരിടുന്ന പ്രതിരോധം കൂടുതൽ മുന്നേറ്റത്തിന് വെല്ലുവിളി ഉയർത്തുമെങ്കിലും ഈയാഴ്ച സാവധാനം തിരികെ കയറാനുള്ള ശ്രമങ്ങളാകും വെള്ളിയിൽ പ്രകടമായേക്കുക. വെള്ളിയുടെ വില 61.15 ഡ‍ോളറിന് മുകളിൽ തുടരുന്നിടത്തോളം കുതിപ്പിനുള്ള സാധ്യത നിലനിൽക്കുന്നു. 80.60 ഡോളർ മറികടക്കാൻ സാധിച്ചാൽ കുതിപ്പിനുള്ള ​കൂടുതൽ ഗതിവേ​ഗം പകർന്നുകിട്ടും. എന്നാൽ 80.60 ഡോളർ നിലവാരത്തിന് താഴെ തുടരുന്നിടത്തോളം ഒരു കൺസോളിഡേഷൻ പാതയിലേക്ക് വഴിമാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ബ്രെന്റ് ക്രൂഡ് ഓയിൽ — ഇനിയെന്ത്?

പശ്ചിമേഷ്യയിലെ സംഘർഷത്തിന് അറുതിയായേക്കും എന്ന തരത്തിൽ വന്ന വാർത്തകളെ തുടർന്ന് കഴി‍ഞ്ഞയാഴ്ചയിൽ 13.7% ഇടിവ് നേരിട്ട് 90.40 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ ക്ലോസിങ് കുറിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ തൊട്ടടുത്ത സപ്പോർട്ട് മേഖല 88.35 ഡോളർ നിലവാരത്തിലും ഇതിന് താഴെയായി 75.70 ഡോളറിലും രേഖപ്പെടുത്തുന്നു. മറുവശത്ത് മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ നേരിടേണ്ട ആദ്യ പ്രതിരോധ കടമ്പ 119.70 ഡോളർ നിലവാരത്തിലും ഇതിന് മുകളിൽ 138 ഡോളറിലും നിന്നാകുന്നു. അതേസമയം 88.35 ഡോളർ നിലവാരം തകർന്നാൽ മാത്രമേ ബ്രെന്റ് ക്രൂഡ് ഓയിലിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കേണ്ടതുള്ളൂ. എന്നിരുന്നാലും 119.70 ഡോളറിന് താഴെ ബ്രെന്റ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നിടത്തോളം കൂടുതൽ മുന്നേറ്റത്തിൽ നിന്നും തടയിടുന്ന സമ്മർദവും നേരിടാം.

നാച്വറൽ ​ഗ്യാസ് — ഇനിയെന്ത്?

കഴി‍ഞ്ഞ വ്യാപാര ആഴ്ചയിൽ 3.2% ഇടിവ് നേരിട്ട് 2.76 ഡോളറിലാണ് നാച്വറൽ ​ഗ്യാസ് ക്ലോസിങ് രേഖപ്പെടുത്തിയത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, നാച്വറൽ ​ഗ്യാസിന്റെ തൊട്ടടുത്ത സപ്പോ‌ർട്ട് മേഖല 2.62 ഡോളർ നിലവാരത്തിലാണുള്ളത്. ഇതിന് താഴെ 2.05 ഡോളറിലും സപ്പോർട്ട് പ്രതീക്ഷിക്കാം. മറുഭാ​ഗത്ത് മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ 3.32 ഡോളറിലും ഇതിന് മുകളിൽ 4.11 ഡോളർ നിലവാരത്തിൽ നിന്നും പ്രതിരോധം നേരിടാം. ഉയർന്ന നിലവാരങ്ങളിൽ തങ്ങിനിൽക്കാൻ സാധിക്കാത്തതിനാൽ ഈയാഴ്ചയിൽ നാച്വറൽ ​ഗ്യാസ് വില കൂടുതൽ ദുർബലമാകാനുള്ള സാധ്യതയുണ്ട്. അതേസമയം 3.32 ഡോളർ നിലവാരത്തിന് താഴെ തുടരുന്നിടത്തോളം നാച്വറൽ ​ഗ്യാസിൽ നെ​ഗറ്റീവ് ട്രെൻഡ് നിഴലിക്കാം. 2.62 ഡോളർ നിലവാരം കൈവിട്ടാൽ കൂടുതൽ തിരിച്ചടി തുടരാനും സാധ്യതയുണ്ട്.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com